സ്പെഷ്യല്‍
അനുഭവിച്ചറിഞ്ഞ കൃഷ്ണാനുഭവം; ഗുരുവായൂരില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്

കൃഷ്ണാനുഭവം. അത് അനുഭവിച്ചറിയേണ്ടതാണ്.കണ്ണൻ കൂടെയുണ്ട് സദാ എന്നോർമ്മിപ്പിക്കുന്ന ഒരു അനുഭവം. രണ്ട് ദിവസം മുൻപ് ചെറിയ മകനോടൊപ്പം ഗുരുവായൂർ ദർശനത്തിനായി പോയിരുന്നു. പെട്ടെന്ന് തീരുമാനിച്ചതിനാൽ താമസത്തിനായി മുറി ഏർപ്പാടാക്കിയിരുന്നില്ല.

രാത്രി 12.15 ന് ഗുരുവായൂർ വണ്ടിയിറങ്ങി പുറത്തിറങ്ങുമ്പോൾ, കോരിച്ചൊരിയുന്ന മഴ, സ്ഥല പരിചയമില്ലാത്തതിനാൽ വഴി തെറ്റി. മഴയും, ഇരുട്ടും,തണുപ്പും ഞങ്ങളെ അലട്ടി. അപ്പോൾ, ചെറുപ്പക്കാരനായ ഒരു യുവാവ്, ഞങ്ങൾക്ക് വഴി കാണിച്ചു തരികയും, ഈ സമയം, കിഴക്കേ നടയിൽ പ്രവേശനമില്ല എന്നും, 2.30 മണി കഴിഞ്ഞേ പോകാനാവൂ, മഴ നനയണ്ട, ദേവസ്വം പുതിയ പാർക്കിംഗ് സൗകര്യം ഏർപ്പാട് ചെയ്ത സ്ഥലം ഉണ്ട്. അവിടെ ശുചി മുറി സൗകര്യവുമുണ്ട്. എന്ന് പറഞ്ഞ് ഞങ്ങളെ അവിടെ കൊണ്ടു വിട്ട ശേഷം, ഞാൻ ചായ കുടിച്ചു ഉടൻ മടങ്ങി വരുമെന്ന് പറഞ്ഞു പോയി പിന്നെ കണ്ടില്ല.

ഗോകുലത്തിലെ തന്റെ ആശ്രിതരെ കനത്ത മഴയിൽ നിന്നും ഗോവർദ്ധന പർവ്വതത്തിന് ചുവട്ടിൽ കണ്ണൻ സംരക്ഷിച്ചത് പോലെ ഞങ്ങളെ കണ്ണൻ, ബൃഹത്തായ കാർ പാർക്കിംഗ് ഏരിയയിൽ രക്ഷിച്ചു. ആ രാത്രിയിൽ, വഴി തെറ്റിയ ഈ ഭക്തനെ രക്ഷിക്കാൻ കണ്ണൻ സ്വയം വേഷപ്രച്ഛന്നനായി വന്നതോ, അതോ ദൂതനായി ആരെയെങ്കിലും അയച്ചതോ, ………കണ്ണനാവാനേ തരമുളളൂ. അങ്ങിനെ വിശ്വസിക്കാനാണെനിക്കിഷ്ടം. അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഈ ജന്മത്തിൽ. ആപത്ബാന്ധവനല്ലേ ആ കൃഷ്ണൻ. ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ.

~സുബ്രമണ്യൻ

Related Posts