സ്പെഷ്യല്‍
ഗുരുവായൂരപ്പന്‍ കാണിച്ച ഞെട്ടിക്കുന്ന കാഴ്ച!; അനുഭവം

ജ്യോതിഷ ആധ്യാത്മിക അറിവുകള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കാന്‍ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ഗൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/BR4F8Sqk04v005yTIciWR8

അനുഭവം; എഴുത്ത്- വിജയന്‍ എം.കെ

ഹരേ കൃഷ്ണ 🙏

ഏകദേശം 37 വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവമാണ് ഇവിടെ നിങ്ങളുടെ അറിവിലേയ്ക്കായി വിവരിക്കുന്നത്.
എന്റെ ഭാര്യാ സഹോദരന്റെ വിവാഹം കഴിഞ്ഞ് അവർ ഗുരുവായൂർ തൊഴുവാൻ പോകുന്ന വഴി വീട്ടിൽ കയറി. അവർ രണ്ടുപേർ മാത്രം ഉള്ളതുകൊണ്ട് അവരുടെ നിർബന്ധപ്രകാരം മൂന്നു വയസ്സായ എന്റെ മകനെയുംകൊണ്ട് ഞങ്ങളും കൂടെ പോയി.

വൈശാഖമാസം ആയതുകൊണ്ട് വലിയ തിരക്കായിരുന്നു. താമസിക്കാൻഉള്ള ഉദ്ദേശം ഇല്ലാത്തതുകൊണ്ട് ഒന്ന് തയ്യാറാവാൻ ഒരു മുറി കിട്ടുമോ എന്ന് നോക്കിയിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. വളരെ വിഷമിച്ചു മഞ്ജുളാലിന്റെ അടുത്തുള്ള KTDC യിലെ മൂന്നാം നിലയിൽ ഒരു മുറി ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഒഴിയണം എന്ന നിബന്ധനയിൽ കിട്ടി.

സ്ത്രീകൾ ഒരുങ്ങുവാൻ താമസിച്ചപ്പോൾ ഞാൻ കുട്ടിയെയുകൊണ്ട് പതുക്കെ പുറത്തിറങ്ങി കെട്ടിടത്തിന്റെ വരാന്തയിലൂടെ നടന്നു ചെന്ന് പാരപ്പെറ്റിന്റെ അവിടെ എത്തി. അവിടെ നിന്ന് താഴോട്ട് നോക്കുമ്പോൾ ബീo വാർത്തതിന്റെ നടുവിൽ സിമന്റ്‌ ഇട്ട ഒരു പ്ലാറ്റ്ഫോം എനിക്ക് വ്യക്തമായി കാണുവാൻ പറ്റിയിരുന്നു. മോനെ പാരപ്പെറ്റിന്റെ മുകളിൽ നിർത്തി ഞാൻ അങ്ങിനെ അവിടെ നിന്നു. അപ്പോൾ മോൻ എന്നോട് ചോദിച്ചു “അച്ഛ, ഞാൻ അങ്ങോട്ട് ഒന്നു ചാടിക്കോട്ടെ “എന്ന്. ഒട്ടും താഴ്ചയില്ലാത്തത്കൊണ്ടും എനിക്ക് പിടിച്ചു കയറ്റാൻ സാധിക്കും എന്നുറപ്പുള്ളതു കൊണ്ടും ഞാൻ ഉടനെ സമ്മതിച്ചു.

പെട്ടെന്ന് ഭാര്യയുടെ സഹോദരൻ ഒരു വെളിച്ചപ്പാടിന്റെ രൂപത്തിൽ വരികയും എന്നോട് അകാരണമായി സമയം കളയുന്നതിന് കയർത്തു സംസാരിക്കുകയും ചെയ്തു. എനിക്ക് ഒന്നും മനസ്സിലായില്ല. അയാൾ ഉടനെ വേഗത്തിൽ തിരിച്ചു മുറിയിലേയ്ക്ക് പോകുന്നതും കണ്ടു.വളരെ സൗമ്യനായ ഇദ്ദേഹം എന്തിനാണ് എന്നോട് ഇങ്ങനെ പെരുമാറിയത് എന്ന് അറിയാതെ മനസ്സ് വല്ലാതെ വിഷമിച്ചു ഞാൻ മോനോട് പിന്നെ ചാടാം എന്ന് പറഞ്ഞു അവനെയും എടുത്തുകൊണ്ടു തിരിച്ചു മുറിയിലേയ്ക്ക് വന്നു. വന്നപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ഇത്രയും രൗദ്രഭാവത്തിൽ വന്നയാൾ വെറുതെ കട്ടിലിൽ കിടന്നുകൊണ്ട് ചിരിക്കുന്നു. ചോദിച്ചപ്പോൾ അയാൾ പറയുകയാണ് പെണ്ണുങ്ങൾ ഒരുങ്ങാൻ താമസിച്ച് സമയം കളയുന്നതുകണ്ടു ഒരു രസത്തിന് എന്നെ ഒന്നു ഉണർത്താൻ വന്നതാണെന്ന്. ഞാൻ ഒന്നും പ്രതികരിച്ചില്ല. ഉടനെതന്നെ ദർശനത്തിനായി ഞങ്ങൾ ക്ഷേത്രത്തിലേയ്ക്ക് പോവുകയും ചെയ്തു.

തിരിച്ചു വരുന്നവഴി ആഹാരം കഴിച്ചു മുറിയിലെത്തിയപ്പോൾ രണ്ട് മണിയായി. ക്ഷീണംകൊണ്ട് മോൻ ഉറക്കത്തിലായി. സ്ത്രീകളും വിശ്രമിക്കാൻ ഒന്നു കിടന്നു. മൂന്നു മണിവരെ സമയം ഉള്ളതുകൊണ്ട് ഞാൻ പിന്നെയും മോൻ ചാടാൻ പോയ പാരപ്പെറ്റിന്റെ അടുത്തുപോയി നിന്നു. അപ്പോൾ എനിക്കു ഒന്ന് താഴേയ്ക്ക് നോക്കണം എന്ന് വെറുതെ തോന്നി. ഞാൻ നോക്കിയപ്പോൾ കണ്ട കാഴ്ച ഇന്നും എന്റെ സപ്ത നാഡികളെയും തളർത്തുന്നു . ബീമിന്റെ ഇടയിലുള്ള സിമന്റ്‌ തറ മുഴുവൻ വാർത്തിരുന്നില്ല. പകുതിഭാഗം വെറുതെ ഇട്ടിരിക്കുകയായിരുന്നു. മോൻ ചാടിയിരുന്നെങ്കിൽ…….
എനിക്ക് ഓർക്കാൻകൂടി വയ്യ…….!
എനിക്ക് ഇന്നും അറിയില്ല എന്തിനാണ് ഭഗവാൻ എന്നെ ഈ കാഴ്ച കാണിക്കാൻ അവിടേക്കു കൊണ്ടുപോയത് എന്ന്.
എന്റെ കൃഷ്ണ🙏

Related Posts