സ്പെഷ്യല്‍
ഗുരുവായൂരില്‍നിന്ന് ഭഗവാനെ കൂടെക്കൂട്ടിയപ്പോള്‍; അനുഭവം

അനുഭവം: അനീഷ് പി.എസ്.

വിഷുവിന്റെ തലേന്നാൾ രാത്രി കണി വയ്ക്കാൻ നോക്കുമ്പോൾ …മുറിയിൽ സൂക്ഷിച്ചിരുന്ന ഗുരുവായൂരപ്പന്റെ ചിത്രം കാണുന്നില്ല …വർഷങ്ങളായി ആ കണ്ണനെ ആണ് കണികണ്ടിരുന്നത് …ഒരുപാട് ആഗ്രഹിച്ചു വാങ്ങിയതും ആണ് …അത്രയ്ക്ക് ഭംഗിയായിരുന്നു എന്റെ ഗുരുവായൂരപ്പന് …വീട്ടിൽ പെയിന്റിങ് പണി നടന്നിരുന്നു …പണിക്കാരിൽ ആരോ എവിടെയോ കൊണ്ട് വച്ചിട്ടുണ്ടാകും എന്ന് അമ്മ പറഞ്ഞു …വീടും മച്ചും മുഴുവൻ അരിച്ചു പെറുക്കി നോക്കിയിട്ടും ഗുരുവായൂരപ്പനെ കിട്ടിയില്ല …രാത്രി ..8 മണിക്ക് കാട്ടാക്കട മുഴുവൻ, ഗുരുവായൂരപ്പന്റെ വേറൊരു ചിത്രം അന്വേഷിച്ചു നടന്നു ..ഒന്നും മനസ്സിന് പിടിച്ചത് കിട്ടിയില്ല …ഒരിടത്തു ചെന്നപ്പോൾ രണ്ടു പെണ്കുട്ടികളും കണ്ണന്റെ ചിത്രം അന്വേഷിച്ച്‌ എത്തിയിരിക്കുന്നു ….വിഷുവിന്റെ തലേന്നാണോ മോളെ കണ്ണനെ അന്വേഷിക്കുന്നേ എന്നു കടക്കാരന്റ കമന്റും …എന്നെ ഒരു നോട്ടവും

ഇവിടെ ഉണ്ടായിരുന്ന കണ്ണൻ ഓടി പോയിട്ട് വന്നത് ആണെന്ന് അങ്ങേരോട് പറയണം എന്ന് ഉണ്ടായിരുന്നു …അവിടുന്ന് മലയിൻകീഴ് എത്തി വീണ്ടും അന്വേഷിച്ചു…
കടകളിൽ പലതും പൂട്ടിയിരുന്നു …
മലയിൻകീഴ് കണ്ണന്റെ സ്വന്തം സ്ഥലം ആണല്ലോ എവിടേലും കാണാതിരിക്കില്ല എന്ന് മനസ്സ് പറഞ്ഞു ..
ഒടുവിൽ ഒരു കടയിൽ ചെന്ന് …പുള്ളിയോട് ഗുരുവായൂരപ്പൻ ഉണ്ടോ എന്ന് ചോദിച്ചു …
പുള്ളി പറഞ്ഞു ഗുരുവായൂരപ്പൻ ഇല്ല ..തിരുവല്ലാഴപ്പൻ ഉണ്ട് …രണ്ടും ഒരാള് തന്നെയാ വാങ്ങിക്കൂ എന്ന്…
ഞാൻ പറഞ്ഞു എനിക്ക് ഗുരുവായൂരപ്പനെ മതി …അവസാനം എവിടെയൊക്കെയോ തപ്പി പുള്ളി ഒരു കുഞ്ഞു ചിത്രം ഒപ്പിച്ചു തന്നു …

ആ ഫോട്ടോ കണ്ടപ്പോൾ നവ്യ നായരുടെ ഡയലോഗ് ആണ് ഓർമ്മ വന്നത് ..
എന്നെ ഇരുട്ടത്ത് ആക്കിയിട്ട് വെളിച്ചത്ത് ഇരുന്ന് ചിരിക്കുവാ ..
അതും വാങ്ങി വീട്ടിൽ വന്നപ്പോൾ പത്തു മണിയായി ..
അന്ന് തീരുമാനിച്ചു …കണ്ണാ എന്നെ ഇങ്ങനെ …ഈ രാത്രി ഓട്ടിച്ച സ്ഥിതിക്ക് ഗുരുവായൂർക്ക് വന്ന്‌ നിന്നെ കണ്ട് …നിന്നെയും കൊണ്ടേ ഞാൻ വരൂ എന്ന്…
പിറ്റേന്ന് …കിണർന്റെ വിലയ്ക്ക് ഉള്ളിൽ നിന്ന് പഴയ ചിത്രം കിട്ടി …മഴ നനഞ്ഞു നശിച്ചു പോയിരുന്നു …
ഇത്ര നാൾ ഞാൻ ഇവിടിരുന്നു മഴ നനയുമ്പോഴും നീ എന്നെ ഓർത്തില്ലല്ലോടാ എന്നൊരു ഭാവം പുള്ളിയുടെ മുഖത്ത് ഉണ്ടായിരുന്നു …

പോട്ടെ കണ്ണാ ..അതിന് വേണ്ടി ഞാൻ ഇന്നലെ അനുഭവിച്ചില്ലേ …
ഒരുമാസത്തിനുള്ളിൽ വിചാരിച്ചിരിക്കാതെ ഗുരുവായൂർക്ക് പോകാനും പറ്റി കണ്ണനെ മൂന്നു വട്ടം കാണാനും പറ്റി…
നല്ല മഴയായിരുന്നു …നല്ലോണം നനയുകയും ചെയ്തു …
കണ്ണനെ കിണറ്റിൻ കരയിൽ ഇട്ടു നനച്ചതിനുള്ള മധുര പ്രതികാരം ആയിരുന്നത് ….
പക്ഷെ ഗുരുവായൂരിലെ രാത്രി മഴ കേമം തന്നെ ആണ് …ആ ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല …
ഗുരുവായൂരപ്പന്റെ ഒരു ചിത്രം കൂടെ കൊണ്ടു വന്നിട്ടും ഉണ്ട് …

എന്ത് വിഷമം വരുമ്പോഴും ആ മുഖത്ത് നോക്കുമ്പോൾ കിട്ടുന്ന പോസിറ്റിവിറ്റി പറഞ്ഞറിയിക്കാൻ പറ്റില്ല …
കൂടെ ഞാൻ ഇല്ലേ എന്നൊരു ഭാവം ആണ് എപ്പോഴും എന്റെ ഗുരുവായൂരപ്പന്…
ഓം നമോ ഭഗവതേ വസുദേവായ …

Related Posts