സ്പെഷ്യല്‍
ഈ ഏകാദശിദിനത്തില്‍ ഭഗവാന്‍ കാട്ടിയ അത്ഭുതം; അനുഭവം പറഞ്ഞ് അമ്മു സന്തോഷ്

ഇത്തവണത്ത ഗുരുവായൂര്‍ ഏകാദശിദിനത്തില്‍ തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് അമ്മു സന്തോഷ് എന്ന ഗുരുവായൂരപ്പ ഭക്ത. നമ്മുടെ ഓരോ നിശ്വാസത്തിലും കുടികൊള്ളുന്ന ആ പരമാത്മ ചൈതന്യം, സാക്ഷാല്‍ വൈകുണ്ഠനാഥനായ ഗുരുവായൂരപ്പന്‍ നമ്മേ എങ്ങനെയാണ് ചേര്‍ത്തുനിര്‍ത്തുന്നതെന്ന് ഈ ഭക്തയുടെ അനുഭവം നമ്മുക്ക് കാണിച്ചുതരുന്നു. നാം ഓരോരുത്തര്‍ക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടാകും. അത് തീര്‍ച്ചയാണ്. നിങ്ങളുടെ അനുഭവങ്ങള്‍ ജ്യോതിഷവാര്‍ത്തയില്‍ പ്രസിദ്ധീകരിക്കാന്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുതരൂ.

നമ്മുക്കിനി അമ്മു സന്തോഷിന്റെ അനുഭവം വായിക്കാം.

ഏകാദശി ദിവസം ഗുരുവായൂര്‍ പോകുന്നതിന്റെ തലേരാത്രി അതികഠിനമായ കാല്‍ വേദനയും നടു വേദനയും കൊണ്ട് ഞാന്‍ പുളയുകയായിരുന്നു. നടക്കുമ്പോള്‍ ജീവന്‍ പോകുന്ന വേദന. എന്നിട്ടും ഞാന്‍ യാത്ര മാറ്റി വെച്ചില്ല. ഒരു വേദന സംഹാരിയും കഴിച്ചില്ല. ഭഗവാനെ വിചാരിച്ചു യാത്ര പുറപ്പെട്ടു. ചെന്നപ്പോള്‍ സൂചി കുത്താന്‍ ഇടമില്ലാത്ത പോലെ എന്ന് കേട്ടിട്ടേയുള്ളു അതാണ് അവസ്ഥ. ഞങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് യാത്ര ചെയ്തു വന്നതിന്റെ ക്ഷീണത്തിലും പോരാത്തതിന് കാലു വേദനയും.അത് കൊണ്ട് നെയ് വിളക്കിന്റെ ശീട്ട് എടുത്തു. ഒരാള്‍ക്ക് ആയിരം രൂപ ആണ്. രണ്ടെണ്ണം എടുത്തു. കയറാന്‍ ചെന്നപ്പോള്‍ വാതില്‍ക്കല്‍ വെച്ച് തന്നെ എന്നെ തടഞ്ഞു. എന്റെ കയ്യില്‍ കിടന്ന സ്മാര്‍ട്ട് വാച്ച് അമ്പലത്തില്‍ കേറ്റില്ല.സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നിടത്ത് വലിയ ക്യു. ഒടുവില്‍ ഏട്ടന്‍ പറഞ്ഞു ഒരു കാര്യം ചെയ്യൂ ഒരു കൂപ്പണ്‍ താന്‍ കൊണ്ട് പോയി കയറു. പിന്നെ ഞാന്‍ പൊയ്‌ക്കൊള്ളാം.

അങ്ങനെ ചീന്തിയെടുത്ത ഒരു കൂപ്പണ്‍ കൊണ്ട് ഞാന്‍ അമ്പലത്തിലേക്കോടി. എന്റെ കയ്യില്‍ എന്റെ നോവല്‍ ഉണ്ട്. എനിക്ക് അത് അവിടെ സമര്‍പ്പിക്കണം .ഇത് എവിടെ ആണ് കാണിക്കേണ്ടത് എന്ന് കൂപ്പണ്‍ കാട്ടി ക്ഷേത്രം ജീവനക്കാരനോട് ചോദിച്ചു. അയാള്‍ അത് വാങ്ങി നോക്കിയിട്ട് പറഞ്ഞു ഇതില്‍ നിങ്ങള്‍ക്ക് കയറാന്‍ പറ്റില്ല നോക്കു ഇതില്‍ അടച്ച പൈസയുടെ ഭാഗം എവിടെ. ഞാന്‍ പെട്ടെന്ന് അത് വാങ്ങി നോക്കി. രണ്ടു കൂപ്പണ്‍ ചേര്‍ന്നിരുന്നത് ഞാന്‍ കീറിയപ്പോള്‍ ഏട്ടന്റെ കൂപ്പണിലായി ആ ഭാഗം. ഞാന്‍ എത്ര വിവരിച്ചിട്ടും അവര്‍ സമ്മതിച്ചു തരുന്നില്ല. കാരണം ഇത്തരം കൂപ്പണ്‍ കൊണ്ട് കയറുന്നവരുടെ കൂപ്പണ്‍ അവര്‍ വാതില്‍ക്കല്‍ വെച്ചു കീറും.അല്ലെങ്കിലത് വെച്ചു വീണ്ടും കയറാമല്ലോ.( പണ്ടത്തെ സിനിമ ടികറ്റ് പോലെ).അത് പോലെ ആണ് എന്റെ കൂപ്പണ്‍ ഇപ്പൊ. അവര്‍ ചോദിക്കുന്നത് വഴിയില്‍ കിടന്ന് കിട്ടിയ ഒരു കൂപ്പണ്‍ ആണോ എന്ന് എങ്ങനെ അറിയാം എന്ന്. ഞാന്‍ തര്‍ക്കിച്ചു തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു വരൂ ഞാന്‍ ദേവസ്വം മാനേജരുടെ അടുത്ത് കൊണ്ട് പോകാം അദ്ദേഹം പറഞ്ഞു മനസിലാക്കി തരും എന്ന്. അങ്ങനെ ഞങ്ങള്‍ പോയി. എനിക്ക് സങ്കടം വരുന്നുണ്ട്.മാനേജര്‍ ഭയങ്കര തിരക്കിലായിരുന്നു. പക്ഷെ അതൊക്കെ നിര്‍ത്തി എല്ലാം കേട്ടു. എന്നിട്ട് ഒരു ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ.മാഡത്തിന് ഇപ്പൊ എന്താ വേണ്ടേ? ഞാന്‍ പറഞ്ഞു എനിക്ക് ഗുരുവായൂരപ്പനെ കാണണം. അപ്പൊ അദ്ദേഹം പറഞ്ഞു കാണാല്ലോ.. എന്നിട്ട് എന്റെ ഒപ്പം വന്ന ഉദ്യോഗസ്ഥനോട് എന്നെ ക്യു കടത്തി വിടാന്‍ ഏര്‍പ്പാട് ചെയ്തു. അയാള്‍ അമ്പരന്ന് നില്‍ക്കുന്നു. അദ്ദേഹം വീണ്ടും പറയുന്നു പോകു.. ക്യുവിന്റെ മുന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥനോട് ഞാന്‍ പറഞ്ഞു എന്ന് പറയു. ഇവരെ കയറ്റി വിട്ടിട്ട് മാത്രം വരിക.

പതിനഞ്ചു മിനിറ്റ് പോലും എടുത്തില്ല ഞാന്‍ തൊഴുത് ഇറങ്ങി. എന്റെ കാല് വേദന എവിടെയോ പോയിരിക്കുന്നു. ഞാന്‍ നല്ല വേഗത്തില്‍ ആണ് ഓടിയതും നടന്നതും. ഭഗവാനെ എനിക്ക് വേദന ഇല്ല ഞാന്‍ വിളിച്ചു പോയി.ഞാന്‍ വെളിയില്‍ ഇറങ്ങി ഏട്ടനെ അകത്തേക്ക് വിട്ടു. പിന്നെ അവിടെ നിലത്ത് ചാരിയിരുന്നു.
എന്റെ കാല് വേദന പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്നു.

മേല്പത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയം ഭഗവാന്റെ നടയില്‍ സമര്‍പ്പിച്ചത് ഒരു ഏകാദശി നാളിലാണ്.അതെ ദിവസം തന്നെ ഈ എളിയവള്‍ക്കും സ്വന്തം പുസ്തകം നടയില്‍ സമര്‍പ്പിക്കാന്‍ അനുഗ്രഹം കിട്ടി. കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
ഞാന്‍ പിന്നീട് ചിന്തിച്ചത് ഇതാണ്

എങ്ങനെയാണ് ഭഗവാന്‍ എന്റെ കാര്യങ്ങള്‍ ഇത്രയും കൃത്യമായി അറിയുന്നത്?
കാല് നിലത്ത് കുത്താന്‍ വയ്യാതിരുന്ന ഞാന്‍ എങ്ങനെയാണ അമ്പലത്തിലേക്ക് ഓടിയത്?
ദേവസ്വം മാനേജരുടെ വാക്കുകള്‍ എനിക്ക് എതിരായിരുന്നു എങ്കില്‍ ഞാന്‍ എന്ത് ചെയ്‌തേനെ?
അദ്ദേഹത്തെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത് ഭഗവാന്‍ തന്നെ അല്ലെ?
പിന്നീട് വൈകുന്നേരം പരിചിതമല്ലാത്ത വഴിയിലൂടെ തൃശൂര്‍ വടക്കുംനാഥനെ കാണാന്‍ പോയപ്പോഴും ഒരു കാവലാള്‍ പോലെ എന്റെ കൂടെ ഉണ്ടായിരുന്നു എന്റെ കൃഷ്ണന്‍. രാത്രി ഒരു പരിചയമില്ലാത്ത ഇടുങ്ങിയ വഴിയിലൂടെ കാര്‍ ഓടിച്ചു വരുമ്പോള്‍ മുന്നില്‍ ഒരു പ്രൈവറ്റ് ബസ് ഉണ്ടായിരുന്നു. ഗുരുവായൂര്‍ വരെ. അത് ഒരെ വേഗത്തില്‍ ഞങ്ങളുടെ കാറിന്റെ മുന്നേ ഓടിക്കൊണ്ടിരുന്നു. വഴി തെറ്റാതെ ഞങ്ങള്‍ വീണ്ടും ഗുരുവായൂര്‍ എത്തി. അത് മറ്റൊരു അതിശയം.
ഓരോ ഗുരുവായൂര്‍ യാത്രയിലും എനിക്കായ് ഒരു അതിശയമെങ്കിലും കാത്തു വെയ്ക്കാറുണ്ട് എന്റെ കള്ളക്കണ്ണന്‍. പക്ഷെ ഈ ഏകാദശി ദിവസങ്ങളില്‍ ഓരോന്നും എനിക്ക് അതിശയങ്ങളായിരുന്നു.

പ്രസാദമൂട്ടിനു ക്യുവില്‍ നിന്ന ഒരു പെണ്‍കുട്ടി ഓടി വന്ന് അമ്മു സന്തോഷ് അല്ലെ ഞാന്‍ വായിക്കാറുണ്ട് എന്ന് പറഞ്ഞത് മുതല്‍ യാദൃശ്ചികമായി പരിചയപ്പെട്ട, ഇനിയെന്താവശ്യത്തിനും ഗുരുവായൂര്‍ വരുമ്പോള്‍ വിളിച്ചോട്ടോ എന്ന് സ്‌നേഹത്തോടെ പറഞ്ഞ ഉത്സവകമ്മറ്റി പ്രസിഡന്റ് രവി സാര്‍,പാലക്കാട് നിന്ന് വന്ന് മണിക്കൂറുകള്‍ എനിക്കായ് കാത്തു നിന്ന് എന്നെ കണ്ട ഉമക്കുട്ടി, എനിക്ക് ഒരിടത്തും റൂം കിട്ടിയില്ല എന്ന് കണ്ട് അനിയനെ കൊണ്ട് റൂം ബുക്ക് ചെയ്തു തന്ന രശ്മി വരെ ഗുരുവായൂരപ്പന്റെ പ്രതിനിധികളായിട്ടാണ് എനിക്ക് തോന്നിയത്.
എന്റെ ഏകാദശി തുടക്കം മുതല്‍ ഗുരുവായൂരപ്പന്റെ നിയന്ത്രണത്തിലായിരുന്നു എന്നെനിക്ക് ബോധ്യപ്പെട്ടു. ഞാന്‍ വന്ന് തൊഴണമെന്ന് അവിടെ നിന്ന് ആഗ്രഹിച്ചിരുന്നു.

ഏകാദശി തൊഴുന്നത് ഒരു അനുഭൂതിയാണ്. ആരെയും പറഞ്ഞു മനസിലാക്കാനാവാത്ത, സ്വന്തമായവര്‍ക്ക് മാത്രം അനുഭവേദ്യമാകുന്ന ദിവ്യമായ ഒരു തീവ്രനുഭൂതി
ഇനിയും ഉണ്ട് അനുഭവങ്ങള്‍. എഴുതി തീരാനാവാത്തത്രയുണ്ട്
എത്ര എഴുതിയാലും മതിവരാത്ത ഒരു കവിതയാണെന്റെ കണ്ണന്‍.
അല്ല ഒരു മഹാകാവ്യമാണെന്റെ കണ്ണന്‍….
എഴുതി തീര്‍ക്കാന്‍ എനിക്ക് കഴിയരുതേ എന്റെ കൃഷ്ണ
എന്നുമെന്റെ കാവലായി ഉണ്ടാകണേ

 

Related Posts