സ്പെഷ്യല്‍
ഗുരുവായൂര്‍ ഉത്സവച്ചിലവ് നിയന്ത്രിക്കാന്‍ സാമൂതിരിയുടെ തിട്ടുരം!

ഗുരുവായൂരപ്പന്റെ തിരുവുത്സവത്തിന് കോവിഡ്_19 ,/ഒമിക്രോണ്‍ എന്ന മഹാമാരി മൂലം ഉണ്ടായ നിയന്ത്രണം ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഭക്തജനങ്ങള്‍ക്കും മറ്റും നല്‍കിവരുന്ന കഞ്ഞിവിതരണവും,പ്രസാദം ഊട്ടും നിര്‍ത്തലാക്കേണ്ടസാഹചര്യംസംജാതമായിരിക്കയാണ്.

ഗുരുപവനപുരത്തില്‍ രണ്ടു വര്‍ഷംമുമ്പ്, 2020 ലെ ഉത്സവാഘോഷങ്ങള്‍ അതിഗംഭീരമായി നടന്നുവരവെ ഒരു അശനിപാതംപോലെ, ലോകമഹായുദ്ധം പോലെ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 അഥവാ കൊറോണ എന്ന മഹാമാരി ഗുരുവായൂരപ്പന്റെ ഉത്സവാഘോഷത്തെ സാരമായി ബാധിച്ച ു.ഭക്തജനങ്ങള്‍ ആശങ്കയിലായി,അഞ്ചാംവിളക്കിനുശേഷം സദ്യയും,കലാപരിപാടികളും നിര്‍ത്തി വെച്ച് ഭഗവാന്റെ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്തപ്പെട്ടു.

ഒരു പരിധിവരെ 2021 ലെ ഉത്സവം ആചാരാനുഷ്ഠാനങ്ങള്‍ ക്ക് കോട്ടം തട്ടാതെ പ്രസാദ ഊട്ടും,മറ്റും നടത്താതെ വളരെ സസൂക്ഷ്മം നിയന്ത്രിച്ച് ഭക്തജനസഹകരണത്തോടെ നടത്തപ്പെട്ടു.ആലുവ സ്വദേശിയായ ശശിധരന്‍ കര്‍ത്താ എന്ന ഗുരുവായൂരപ്പ ഭക്തന്റെ ആത്മാര്‍ത്ഥത നിറഞ്ഞ സമര്‍പ്പണമനോഭാവം ഗുരുവായൂരപ്പന്റെ ഉത്സവത്തിന്റെ സദ്യ വിഭവങ്ങള്‍ക്ക് ആവശ്യമായ പദാര്‍ത്ഥങ്ങള്‍ കിറ്റുകളിലാക്കി ഭക്തജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും യഥേഷ്ടം വിതരണം ചെയ്തു.

എന്നാല്‍, ഈ വര്‍ഷം 2022 ലെ ഉത്സവാഘോഷങ്ങള്‍ക്ക് മുന്നോടിയായി ലോകത്താകമാനം പടര്‍ന്നു പന്തലിച്ച ഒമിക്രോണ്‍ വ്യാപന ഭീതി മൂലം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ തീരുമാനപ്രകാരം ഗുരുവായൂരപ്പന്റെ ഉത്സവക്കഞ്ഞിയും,സദ്യയും, ദേശപ്പകര്‍ച്ചയും, നിര്‍ത്തലാക്കി പകരം ഭക്തജനങ്ങള്‍ക്കും, ദേശക്കാര്‍,ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുംഅരി,മുതിര,പപ്പടം, ശര്‍ക്കര ഉള്‍പ്പെടെ യുള്ള ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ , ദേവസ്വം അധികൃതര്‍ തയ്യാറായിക്കഴിഞ്ഞു. കൂടാതെ ഈ വര്‍ഷം ഉത്സവത്തിന്റെ ഭാഗമായി മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്. ഭക്തര്‍ക്കും,ജീവനക്കാര്‍ക്കും, ഉള്‍പ്പെടെ ഭക്ഷ്യക്കിറ്റുകള്‍ നല്‍കാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി കാലെക്കൂട്ടി ഏര്‍പ്പാട് ചെയ്തിരിക്കുന്നു.

രണ്ടാംലോകമഹായുദ്ധകാലഘട്ടത്തില്‍ 1945 ജനവരി 14 ന് ആദ്യമായിട്ടൊരു റേഷനിങ് നിയമംനിലവില്‍ വന്നു. ഈനിയമം ഗുരുവായൂര്‍ ക്ഷേതോത്സവത്തേയും സാരമായി ബാധിച്ചു.അന്നത്തെ റേഷനിങ്ങ്‌നിയമം മൂലം 77 വര്‍ഷംമുമ്പ് 1945 ലെ ഗുരുവായൂര്‍ ഉത്സവത്തിന് സദ്യച്ചിലവിന് നിയന്ത്രണം വേണ്ടിവന്നു.ഗുരുവായൂര്‍ ഉത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്ര ഭരണസാരഥ്യം വഹിച്ചിരുന്ന മാനേജിങ്ട്രസ്റ്റികൂടായായ കോഴിക്കോട് സാമൂതിരി രാജയുടെ 1945 ഫെബ്രുവരി 14 ലെ തിട്ടൂരത്തിലെ കര്‍ശനമായ പരാമര്‍ശം ഇങ്ങനെ.. ഗുരുവായൂര്‍ ദേവസ്വം മാനേജര കണ്ടുകാരിയമാവിത…. ഇക്കൊല്ലത്തെ ഉത്സവച്ചിലവിനുള്ള എസ്റ്റിമേറ്റ് പരിശോധിച്ചതില്‍ പ്രധാനമായി കാണുന്നത് സദ്യചിലവാണ്.

ഇപ്പോഴത്തെ റേഷനിങ് നിയമം അതിനുതടസ്സമായി വരുമെന്നാണ് വിചാരിക്കെണ്ടത്.ഇതിനെപ്പറ്റി അധികാരസ്ഥന്മാരുമായി കണ്ട് വേണ്ടവിധം പ്രവര്‍ത്തിക്കേണ്ടതാണ്. ആഘോഷങ്ങളും കഴിയുന്നതും ചുരുക്കി ഉത്സവം കഴിക്കണം.ഉത്സവം കഴിഞ്ഞ് ഉടനെ വിവരത്തിന് റിപ്പോര്‍ട്ടാക്കുകയും,ചിലവിന്റെ വക വിവരം ബില്‍ അയക്കുകയും വേണം. അരിചിലവ് ചെയ്യുന്നത് റേഷന്‍ നിയമത്തിന് വിരോധമാവാത്തവിധത്തില്‍ ആയിരിക്കണമെന്ന് പ്രത്യേകം അറിയിക്കുന്നു.എസ്റ്റിമേറ്റ് മടങ്ങി അയച്ചിരിക്കുന്നു.

എന്നാല്‍ കൊല്ലം 1120 കുംഭം 5 ന് ഒപ്പ് സാമൂതിരി രാജ. അന്ന് ഇന്നത്തെപ്പോലെ ക്ഷേത്രദര്‍ശനത്തിന് വരുന്ന ഭക്തജനങ്ങള്‍ക്കെല്ലാം പ്രസാദം കഞ്ഞിവിതരണമോ,ഇത്രയും ഗംഭീരമായ സദ്യയോ ഇല്ല.ക്ഷേത്രവാതില്‍മാടത്തിലും,ഊട്ടുപുരയിലുംനടക്കുന്ന ബ്രാഹ്‌മണ സദ്യയും, വാദ്യക്കാര്‍ക്ക് നല്‍കുന്ന സദ്യയും, ക്ഷേത്രത്തില്‍ പാരമ്പര്യ ജീവനക്കാര്‍ക്കുള്ള സദ്യവിഭങ്ങളുടെ പകര്‍ച്ചയും മാത്രം.എന്നിട്ടും വളരെ കര്‍ശനമായ നിയന്ത്രണ നിയമങ്ങള്‍ ഉത്സവത്തെ ബാധിച്ചു വെന്നും പറയാം.

ഇന്നോ, ഗുരുവായൂരില്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവം ചരിത്രപ്രസിദ്ധമായിമാറിയിരിക്കുന്നു. ഉത്സവത്തിന്റെ പ്രധാന ഘടകമായി ഗുരുവായൂരപ്പനെ ദര്‍ശിക്കാനെത്തുന്ന ലക്ഷോപലക്ഷം ഭക്തജനങ്ങള്‍ക്ക് കഞ്ഞിയും,മുതിരപ്പുഴുക്കും,പപ്പടവും,നാളികേരപ്പൂളും ഉള്‍പ്പെടെയുള്ള കഞ്ഞി സദ്യയും,വൈകുന്നേരത്തെ സദ്യയും നടത്തുക പതിവാണ്. കൂടാതെ പാരമ്പര്യ ക്കാരും, മറ്റു ജീവനക്കാരും ,നാട്ടുപ്രമാണിമാരും, ഉള്‍പ്പെടെ ഒട്ടനവധി പേര്‍ക്ക് പകര്‍ച്ചയുംനല്‍കേണ്ടതുണ്ട്.

എന്നാലിതാ ,ലോകത്താകമാനം പടര്‍ന്നു പന്തലിച്ച കോവിഡ്- 19, ഒമിക്രോണ്‍ മഹാമാരി യുടെ ഭീതിദമായ സാഹചര്യത്തില്‍ ഗുരുവായൂരപ്പന്റെ ഉത്സവത്തിന്റെ സദ്യ,പകര്‍ച്ച ഏര്‍പ്പാടുകളും ദേവസ്വം അധികൃതര്‍ക്ക് സര്‍ക്കാരിന്റെ പൊതുനിയമംമൂലം കര്‍ശ്ശനമായി നിയന്ത്രിക്കേണ്ടിവന്നു.അന്ന് 1945 ലെ ഉത്സവം രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട പ്രത്യേക സാഹചര്യത്തിലുണ്ടായ റേഷനിങ് നിയമം മൂലമാണെങ്കില്‍ ഇന്ന് 2022 ല്‍ മഹാമാരിയിലമര്‍ന്ന ലോകജനതയുടെ ആരോഗ്യസംരക്ഷണത്തിനുംപരിപാലനത്തിനുംവേണ്ടി സര്‍ക്കാരിന്റെ കോവിഡ്/ഒമിക്രോണ്‍ പ്രോട്ടോകോള്‍ നിയമംമൂലമാണെന്നുമാത്രം.

കടപ്പാട്:

ലേഖകന്‍: രാമയ്യര്‍ പരമേശ്വരന്‍
റിട്ട. മാനേജര്‍, ഗുരുവായൂര്‍ ദേവസ്വം

Related Posts