സ്പെഷ്യല്‍
ഗുരുവായൂരപ്പന്റെ അഞ്ജന വിഗ്രഹത്തില്‍ക്കൂടി അഭിഷേക എണ്ണ ഒഴുകുമ്പോള്‍; വാകച്ചാര്‍ത്തിനെക്കുറിച്ച് ചെറുതയൂര്‍ വാസുദേവന്‍ നമ്പൂതിരി എഴുതുന്നു

കാലത്ത് മൂന്ന് മണിക്ക് ക്ഷേത്രം കോയ്മയുടെ ആചാര അറിയിപ്പോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വലിയ മണി മൂന്ന് പ്രാവശ്യം അടിക്കും. ക്ഷേത്രം മാരാര്‍ ശംഖ് നാദം മുഴക്കുമ്പോള്‍ നിര്‍മാല്യ ദര്‍ശനത്തിന് നട തുറക്കും.
കണ്ണന്‍ പള്ളിയുറങ്ങുന്ന ഗര്‍ഭ ഗൃഹത്തിന്റെ പൊന്‍മണിവാതില്‍ തുറന്ന് മേശാന്തി അകത്ത് പ്രവേശിക്കും.ശ്രീലകത്ത് സ്വര്‍ണ്ണ വിളക്കിലെ കത്തുന്ന നെയ്യ്തിരി ശോഭയില്‍ നില്‍ക്കുന്ന ഭഗവാനെ കാണാന്‍ നല്ല രസമാണ്.

നാലമ്പലത്തിനകത്ത് ശ്രീകൃഷ്ണ ഭഗവാന്റെ നിര്‍മ്മാല്യ ദര്‍ശന സൗഭാഗ്യം നേടി മനോമാലിന്യ മകറ്റാന്‍ ആയിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്. പൂന്താനത്തിന്റെ ജ്ഞാനപാനയിലൂടെ സഞ്ചരിച്ച് നാമം ജപിച്ച് അവര്‍ കണ്ണന് മുന്നിലെത്തും. പീലി തിരുമുടി ചാര്‍ത്തി, കളഭച്ചാര്‍ത്തണിഞ്ഞ്, അതില്‍ തിരുമുടി മാലയണിഞ്ഞ് കയ്യില്‍ പൊന്നോടക്കുഴലുമായി നില്‍ക്കുന്ന വനമാലിയെ കാണാന്‍ എന്ത് ചന്തമാണെന്നൊ.

ഗുരുവായൂര്‍ കണ്ണന്‍ ജീവിത സൗഭാഗ്യങ്ങള്‍ വാരിക്കോരി തരുന്ന അസുലഭ നിമിഷം. തലേ ദിവസമണിഞ്ഞ ആടയാഭരണങ്ങളോടെ കണ്ണനെ കണി കാണുന്ന ദര്‍ശനമാണിത്. ശ്രീകോവിലില്‍, ഗര്‍ഭഗൃഹത്തില്‍ മേശാന്തി കണ്ണന്റെ ആടയാഭരണങ്ങള്‍ ഓരോന്നായി അഴിച്ച് മാറ്റും.
ഭഗവാന്‍ നിഷ്‌കള ബ്രഹ്മ തത്വത്തില്‍ നിന്ന് സകളീ ഭാവം കൈകൊള്ളുന്ന അസുലഭ ധന്യ മുഹൂര്‍ത്തം.സകളമായ ഭഗവദ് സ്വരൂപം, തദനുഗുണഭാവമായ ഭക്തി ഭാവത്തിലേക്കുള്ള മാറ്റം. കാരുണ്യാകുല നേത്രനായ കണ്ണന്റെ സൂര്യനേക്കാള്‍ പ്രഭയുള്ള സ്വര്‍ണ്ണ കിരീടം, മകര മത്സ്യ കൃതിയുള്ള, മകരകുണ്ഡലങ്ങള്‍, നെറ്റി തടത്തിലെ തിലക ചാര്‍ത്ത്, ഇവ ഓരോന്നായി മാറ്റിവെക്കും. മനോഹരമായ വനമാല, കൗസ്തുഭം, മുത്തുമാലകള്‍ എല്ലാം അഴിച്ച് വെച്ച് കണ്ണന്‍ നീരാട്ടിനൊരുങ്ങും. അഭിഷേക സ്‌നാനത്തിന് മുമ്പ് കണ്ണന് തൈലാഭിഷേകം നിര്‍ബന്ധമാണ്. എത്രയോ കാലമായി നടന്ന് വരുന്ന ചിട്ടയാണ്. ചിട്ടകളൊന്നും തെറ്റിക്കുന്നത് കണ്ണന് ഇഷ്ടമല്ല.

ശ്രീ ഗുരുവായൂര്‍ അമ്പാടികണ്ണന് എല്ലാ ദിവസവും എണ്ണ അഭിഷേകം വേണം. നിര്‍മാല്യ ദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍ കണ്ണന് കുളി നിര്‍ബന്ധമാണ്. മേല്‍ശാന്തിയാണ് ഭഗവാനെ എണ്ണ തേച്ച് കുളിപ്പിക്കുന്നത്. ശുദ്ധമായി മര ചക്കില്‍ ആട്ടി എടുത്ത എള്ളെണ്ണ കൊണ്ടു മാത്രമെ കണ്ണന് അഭിഷേകം പതിവുള്ളു. അതാണ് കണ്ണന് ഏറേ പ്രിയം. ആട്ടിയ എണ്ണ തലേ ദിവസം തന്നെ വെള്ളി കുടത്തിലാക്കി വാട്ടിയ വാഴയില്ല കൊണ്ട് വായ് കെട്ടി പാരമ്പര്യ അവകാശി ആചാരപൂര്‍വ്വം ക്ഷേത്രത്തില്‍ എത്തിച്ചിരിക്കും. അഭിഷേകത്തിന് ആറ് നാഴി എണ്ണ വേണം കണ്ണന് എണ്ണ അഭിഷേകത്തിന്. എണ്ണ അഭിഷേക സമയത്ത് ശ്രീകോവിലിലെ സോപാനപടിയിലെ ചെറിയ സ്വര്‍ണ്ണമണിയില്‍ നിന്ന് ഓംകാര നാദം മുഴങ്ങി കൊണ്ടിരിക്കും. ഭക്തജനങ്ങള്‍ നാമജപത്തോടെ എണ്ണ അഭിഷേകം കണ്ട് തോഴുത് നില്‍ക്കും. കണ്ണന്റെ കൃഷ്ണ അഞ്ജന വിഗ്രഹത്തില്‍ കൂടി അഭിഷേക എണ്ണ ഒഴുകുന്ന ദര്‍ശനം ദിവ്യമാണ്. അതിന് ശേഷം കണ്ണന്റെ മൃദു മേനിയില്‍ വാകചാര്‍ത്ത് നടത്തുന്നു. ആടിയ എണ്ണ വാതരോഗത്തിനും ശരീരവേദനക്കും പറ്റിയ ഔഷധ പ്രസാദമാണ്.

വാതരോഗ ശമനത്തിനായി ഗുരുവായൂരില്‍ എത്തി തന്റെ പ്രിയപെട്ട കണ്ണന് നാരായണീയ സ്‌തോത്രകാവ്യം സമര്‍പ്പിച്ച മേല്‍പ്പത്തൂരിന്റെ രോഗം മാറ്റിയ ദ്യവ്യ ഔഷധമാണ് ഭഗവദ് പ്രസാദമായ ‘ആടിയ എണ്ണ പ്രസാദം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാലമ്പലത്തിലെ അകത്ത് കൊട്ടി പടിയില്‍ കൃഷ്ണ ദര്‍ശനം നടത്തി കൊണ്ട് അദ്ദേഹം നാരായണീയത്തിലെ രണ്ടു ദശകങ്ങള്‍ രചിച്ചു.മൂന്നാം ദിവസം രാവിലെ വളരെ ക്ലേശിച്ച് നിര്‍മാല്യ ദര്‍ശനം നടത്തി കാവ്യരചനക്ക് ഒരുങ്ങി. രോഗ ക്ലേശങ്ങള്‍ കൊണ്ട് കാവ്യസമര്‍പ്പണം മുന്നോട്ട് പോകുന്നില്ല. അദ്ദേഹം മനസുരുകി പ്രാര്‍ത്ഥിച്ചു.
അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന കണ്ണന്‍ കേട്ടു. എണ്ണഅഭിഷേക കഴിഞ്ഞ് എണ്ണപ്രസാദം ഭക്തജനങ്ങള്‍ക്ക് നല്‍കാന്‍ കൊണ്ടുപോകുന്ന കീഴ്ശാന്തി ഉണ്ണി നമ്പൂതിരി അദ്ദേഹത്തിന്റെ സമീപമെത്തി.പ്രസാദം നല്‍കി എണ്ണ സേവിച്ച് ,ശരീരത്തില്‍ പുരട്ടിയ പട്ടേരിക്ക് വേദനക്ക് ചെറിയ ഒരു ആശ്വാസമായി.

‘ഹന്ത ഭാഗ്യം ജനാനാം .
അതെ അങ്ങയുടെ പരിചാരകനായി പാദസേവ ചെയ്യാന്‍ അനുവദിച്ച എന്റെ ഭാഗ്യം.
ഹന്ത ഭാഗ്യം മദീയം.
കൃഷ്ണാ… ഗുരുവായൂരപ്പാ… എന്റെ… കണ്ണാ ….സന്തോഷിക്കണേ
കൃഷ്ണപാദസേവയില്‍

എഴുത്ത്: കീഴ്ശാന്തി ചെറുതയൂര്‍ വാസുദേവന്‍ നമ്പൂതിരി- 9048205785.

Related Posts