സ്പെഷ്യല്‍
ഗുരുവായൂരില്‍ ഭഗവാനിപ്പോള്‍ ഈ ഭാവത്തില്‍; കൊറോണക്കാലത്ത് ഗുരുവായൂരപ്പന്റെ ഒരുദിനമിങ്ങനെ

ഇപ്പോള്‍ ലോകത്ത് കോറോണ എന്ന മഹാമാരി പിടിപ്പെട്ടിരിക്കുന്നു.സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാവരും വീടുകളില്‍ കഴിയുകയാണ്.എല്ലാവര്‍ക്കും ഒരു പ്രാര്‍ത്ഥന മാത്രമേ ഉള്ളു. ഗുരുവായൂരപ്പാ ഈ വിപത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കണേ എന്ന്. ഈ സമയത്ത് ഗുരുവായുരപ്പന്റെ നിത്യ നിദാനം എങ്ങിനെയാണ്.

തിരക്കൊഴിഞ്ഞ നാലമ്പലം. ക്ഷേത്രത്തിലെ നിത്യനിദാന പൂജകളും അടിയന്തരങ്ങളും ഒട്ടും മുടക്കം കൂടാതെ കൃത്യമായി നടക്കുന്നു. മേശാന്തി, പാരമ്പര്യ ജീവനക്കാരായ കിഴ്ശാന്തിക്കാര്‍,കഴകക്കാര്‍, സെക്യുരിറ്റി ജീവനക്കാരും ഏതാനും ഉദ്യോഗസ്ഥരും മാത്രം, ഭക്തജനങ്ങളില്ല. ആളൊഴിഞ്ഞ നാലമ്പലം.

മൂന്ന് മണിക്ക് നിര്‍മാല്യം, എണ്ണ അഭിഷേകം, വാകചാര്‍ത്ത് എല്ലാം പതിവ് പോലെ. മലര്‍ നിവേദ്യത്തിന് ഭക്തജന സമര്‍പ്പണമില്ല, നിത്യനിദാനമായ വെള്ളി പാത്രത്തിലെ മൂന്നര നാരായം മലരും അതിന് വേണ്ട ഉപരിയും മാത്രം.

ശിവേലിക്ക് കണ്ണനെ ശിരസ്സിലേറ്റാന്‍ ആനതറവാട്ടിലെ ഒരു ആന എത്തും. ശിവേലി കഴിഞ്ഞാല്‍ പതിവ് പോലെ കണ്ണന്റെ മലര്‍ നിവേദ്യവുമുണ്ണും. വിളക്കുകളും, വാദ്യഘോഷങ്ങളോടും കൂടി ശിവേലി. ഭക്തജനങ്ങളുടെ നാമ ഘോഷമില്ല. എല്ലാവര്‍ക്കും നല്ല ശുചിത്വവും, ജാഗ്രതയുമാണ്. ക്ഷേത്രത്തിനുള്ളിലും സാമൂഹികമായ അകലം പാലിക്കുന്നു.

ശ്രീലകത്തെ നെയ്യ്തിരിയുടെ ഒരു പ്രകാശം കാണാന്‍ കൊതിച്ചിരിക്കുന്ന ഭക്തജനങ്ങള്‍. അവരുടേയും പ്രാര്‍ത്ഥനയും ഈ വിപത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കണേ എന്ന് മാത്രമാണ്. ഉച്ചപൂജക്ക് എന്നും മേശാന്തി കണ്ണനെ മനോഹരമായി അലങ്കരിക്കുന്നു.

മിക്ക ദിവസങ്ങളിലും കണ്ണനെ ധന്വന്തരമൂര്‍ത്തിയായി കളഭത്താല്‍ അലങ്കരിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്‍ ധന്വന്തരമൂര്‍ത്തി ഭാവം കൈകൊണ്ട് പാലാഴിയില്‍ നിന്ന് ആവിര്‍ഭവിച്ചു. ലോകത്തെ മാരകമായ പകര്‍ച്ചവ്യാധികളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു.

പൊന്നിന്‍ കിരീടവും, മിന്നിതിളങ്ങുന്ന കര്‍ണ്ണാഭരണങ്ങളും. മഞ്ഞ പട്ട് ഉടുത്ത് നീണ്ട് ഉരുണ്ട്, തടിച്ച കൈകളില്‍ അമൃതകലശവുമായി ലോകത്തെ ചികിത്സിക്കാന്‍ ഓടി നടക്കുന്ന കണ്ണന്‍. ഈ അമൃത കലശത്തിലെ അമൃതബിന്ദു കൊണ്ട് എത്രയോ പേരേ രോഗവിമുക്തനാക്കിയ മഹാപുരുഷന്‍. ഔഷധസേവ കൊണ്ട് സര്‍വ്വ രോഗങ്ങളില്‍ നിന്നും ആമയങ്ങളില്‍ നിന്നും രക്ഷിക്കുന്ന മഹാ വൈദ്യന്‍.ആയുര്‍വേദത്തെ പ്രകാശിപ്പിച്ച ധന്വന്തരമൂര്‍ത്തി.’ശ്രീ ഗുരുവായുരപ്പനെ ധന്വന്തരമൂര്‍ത്തിയായി മനോഹരമായി കളഭചാര്‍ത്തണിയിച്ച് എല്ലാവരും ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നു.

അച്ച്യുതാനന്ദ ഗോവിന്ദ
വിഷ്‌ണോ നാരായണമൃത
രോഗാന്‍മേ നാശായശേഷാന്‍
ആശു ധന്വന്തരേ ഹരേ.

എല്ലാം കണ്ട് എപ്പോഴും പുഞ്ചിരിച്ച് നില്‍ക്കുന്ന കണ്ണന് ഇപ്പോള്‍ മുഖത്ത് വിഷാദ ഭാവമുണ്ടോ? അതോ എന്റെ ആത്മഭാവം പ്രതിഫലിക്കുന്നതോ.

കണ്ണന് ഒന്നേ പറയാനുള്ളൂ, മാ ശുചാ, ദു:ഖിക്കരുത്, ഏത് പരിതസ്ഥിതിയും സധൈര്യം നേരിടു. സുഖവും ദുഖവും വന്നും പോയുമിരിക്കും. ഭയപ്പെടരുത്, ജാഗ്രതയായിരിക്കു. അനേകം കണ്ഠങ്ങളില്‍ കൂടി കണ്ണന്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

തയാറാക്കിയത്:
ചെറുതയ്യൂര്‍ വാസുദേവന്‍ നമ്പൂതിരി, ഗുരുവായൂര്‍.

Related Posts