സ്പെഷ്യല്‍
ഗുരുവായുരപ്പന്റെ ഗോപുരവാതില്‍ അടഞ്ഞ് കിടക്കുമ്പോള്‍

ശ്രീ ഗുരുവായുരപ്പന്റെ ഗോപുരവാതില്‍ അടഞ്ഞ് കിടക്കുന്നു.
നമ്മുക്ക് മനസ്സ് കൊണ്ട് കണ്ണന്റെ തിരുനടയിലെത്താം. കണ്ണന്റെ മനോഹരമായ കളഭചാര്‍ത്ത് കണ്ട് ദര്‍ശനപുണ്യം നേടാം.
ഉച്ചപൂജയുടെ പ്രസന്ന പൂജക്ക് ശ്രീകോവിലിന്റെ സുവര്‍ണ്ണ വാതില്‍ അടച്ചിരിക്കുന്നു.

ഭക്തജനവൃന്ദം,കണ്ണന്റെ ദര്‍ശന സൗഭാഗ്യം നേടാന്‍ തിരുനടയില്‍ കുറൂരമ്മയേപ്പോലെ തിരുനാമം ജപിച്ച് കൂപ്പ് കൈയോടെ നില്‍ക്കുന്നു.
ഉച്ചപ്പൂജ നടതുറന്നു.
മനോഹരമായ കളഭാലങ്കാരത്തിന് പകരം ചന്ദനാലങ്കാരം. കണ്ണന് എല്ലാം ചേരും. കണ്ണനരികില്‍ കളഭച്ചാര്‍ത്തണിഞ്ഞ് മലര്‍ കലം പൊക്കി പിടിച്ച് നില്‍ക്കുന്ന കുറൂരമ്മ.

ശ്രീകോവിലില്‍ 108 നെയ്യ്ത്തിരിയുടെ പ്രകാശമേറ്റ് അമ്പാടി കണ്ണന്‍ കുറ്റൂരമ്മയുടെ കുസൃതി കുട്ടനായി പരിശോഭിച്ച് പുഞ്ചിരി തൂകി,കുറൂരമ്മ പൊക്കി പിടിച്ച മലര്‍കലത്തില്‍ നിന്ന് എത്തി നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു.

വാര്‍ദ്ധക്യത്തിന്റെ പാരവശ്യമില്ലാത്ത കുറൂരമ്മയുടെ ചിരിച്ച മുഖം. കുസൃതി കാട്ടിയ കണ്ണനെ കലത്തിലടച്ച ജാള്യത ആ മുഖത്ത് ഇല്ല.പാതി പൊക്കിയ കലത്തിനുള്ളില്‍ പുഞ്ചിരി തൂകിയിരിക്കുന്ന കണ്ണനെ കണ്ട സന്തോഷമാണ് ആ മുഖത്ത്.

വയസ്സ് കാലത്ത് തന്നെ സഹായിക്കാന്‍ വന്ന കുസൃതി കുട്ടനാണ്. കള്ള കൃഷ്ണന്‍ പറഞ്ഞയച്ചതാണ്. അല്ല സ്വയം വന്നതാണ്. കണ്ണന് മലര്‍ നിവേദ്യം സമര്‍പ്പിക്കുമ്പോള്‍ കുസൃതി കാട്ടിയപ്പോള്‍ കലത്തിലടച്ചു. ഉടന്‍ തന്നെ കലം പൊക്കി. ഒളിച്ചേ…… ഇതാ കുസൃതി കുട്ടന്‍ കളി വാക്ക് പറഞ്ഞ് പുഞ്ചിരി തൂകിയിരിക്കുന്നു.

ഏഴ് വയസ്സ് പ്രായം. നെറ്റിയില്‍ നീട്ടി വരച്ച ഗോപി ക്കുറി. അതിന്റെ നടുവില്‍ സിന്ദൂര പൊട്ട്. പെണ്‍കുട്ടികളുടേത് പോലെ നീണ്ടു ചുരുണ്ട മുടി. അവിയല്‍ കുറേ മുടി അനുസരണയില്ലാതെ മുഖത്തേക്ക് വീണു കിടക്കുന്നു. ഒരു പട്ടുതുണ്ണി കൊണ്ട് തിരുമുടി കെട്ടിയിരിക്കുന്നു. വിടര്‍ന്ന കുസൃതി നിറഞ്ഞ കണ്ണ്. കവിളില്‍ കലത്തിന്റെ കരി പൊട്ടായി പരിശോഭിക്കുന്നു. കഴുത്തില്‍ കുന്നിക്കുരു മാല. ചന്ദനം തോല്‍ക്കുന്ന നിറം.

അതെ ഓരോ ഭക്ത ഹൃദയ’കല’ത്തിനുള്ളിലും നമ്മുക്ക് കണ്ണനെ അടച്ചിടാം. കളിപ്പിക്കാം. കുളിപ്പിക്കാം.ആരാധിക്കാം. അടഞ്ഞഗോപുരവാതില്‍ തുറക്കുന്നത് വരെ ഉപാസന തുടരാം.

ഈ മനോഹര രൂപം നാലമ്പലത്തിലെ തൂണില്‍ കൊത്തിവെച്ചിട്ടുണ്ട്. കുസൃതി കുട്ടന്റെ പാദം ഭക്തജനങ്ങള്‍ തെട്ടു വന്ദിക്കുന്നു.

തയാറാക്കിയത്:
ചെറുതയ്യൂര്‍ വാസുദേവന്‍ ഗുരുവായൂര്‍.

Related Posts