സ്പെഷ്യല്‍
കുടുംബങ്ങളില്‍ സഹസ്രനാമാര്‍ച്ചന നടത്താന്‍ ആഹ്വാനം ചെയ്ത് ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി

ഗുരുവായൂര്‍: വൈശാഖമാസത്തില്‍ ഭക്തജനകുടുംബങ്ങളില്‍ സഹസ്രനാമാര്‍ച്ചന നടത്താന്‍ ആഹ്വാനം ചെയ്ത് ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി. ലോകം നേരിടുന്ന മഹാമാരിയെ എതിരിടാന്‍ പാരമ്പര്യ പരിചാരക സമിതി അംഗങ്ങള്‍ പുണ്യമാസമായ വൈശാഖ മാസത്തില്‍ കാലത്ത് 10 മണിക്ക് വിളക്ക് തെളിയിച്ച് സഹസ്രനാമം ചൊല്ലാന്‍ തീരുമാനിച്ചു.
ഇതോടൊപ്പം എല്ലാ ഭക്തജന സംഘടനകളും, ഭക്തജനങ്ങളും വീടുകളിലും സ്ഥാപനങ്ങളിലും വിളക്ക് തെളിയിച്ച് 10 മണിക്ക് സഹസ്രനാമം ചൊല്ലാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി പ്രസിഡന്റ്് ക്ഷേത്രം തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാടും സെക്രട്ടറി കീഴേടം രാമന്‍ നമ്പൂതിരിയും അഭ്യര്‍ത്ഥിച്ചു

തന്ത്രിയുടെ അറിയിപ്പ്

നാം ഇന്ന് കടന്നു പോയികൊണ്ടിരിയ്ക്കുന്ന ഈ ദുരിത കാലത്തിന്റെ ഒരു വിവരണം ആവശ്യമില്ലലോ. സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്താല്‍ മാത്രമേ ഈ ലോകം പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ സാധിയ്ക്കുകയുള്ളൂ. അതിന് പ്രത്യേകിച്ച് ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ പ്രവൃത്തിക്കാരായ നമ്മള്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. 2021 മെയ് 12 മുതല്‍ വൈശാഖകാലം ആരംഭിയ്ക്കുകയാണല്ലോ. നാമജപദാനാദികള്‍ക്ക് വിശേഷമാണല്ലോ വൈശാഖകാലം. അന്ന് മുതല്‍ എല്ലാ ദിവസവും കാലത്ത് 10 മണിയ്ക്ക് എല്ലാ അംഗങ്ങളും കുടുംബസമേതം അവരവരുടെ ഗൃഹങ്ങളിലുരുന്ന് വിളക്ക് തെളിയിച്ച് സഹസ്രനാമജപവും യഥാശക്തി നാമവും ജപിച്ച് ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിയ്‌ക്കേണ്ടതാണ്. ഒരെ സമയം ഒരുപാട്പേര്‍ നടത്തുന്ന കൂട്ടപ്രാര്‍ത്ഥന വളരെ ഫലം തരും എന്നാണല്ലോ. അങ്ങിനെ മാത്രമേ നമുക്ക് ഈ ദുരിതകാലത്തെ തരണം ചെയ്യാന്‍ സാധിയ്ക്കൂ. ഈ വിവരം ബന്ധപ്പെട്ട എല്ലാവരും പരസ്പരം കൈമാറുമല്ലോ

Related Posts