സ്പെഷ്യല്‍
ഗുരുവായൂർ ദേവസ്വം ചെയർമാനായി ഡോ: വി.കെ.വിജയൻ ചുമതലയേറ്റു

ഗുരുവായൂർ ദേവസ്വത്തിൻ്റെ 15-ാമത് ചെയർമാനായി തൃശൂർ ശ്രീകേരളവർമ്മ കോളേജിലെ റിട്ട: അസോസിയേറ്റ് പ്രഫസർ ഡോ: വി.കെ.വിജയനെ തെരഞ്ഞെടുത്തു. ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളായി സർക്കാർ നാമനിർദ്ദേശം ചെയ്ത ഡോ: വി.കെ. വിജയൻ ,ചെങ്ങറ സുരേന്ദ്രൻ എക്സ് എം.പി എന്നിവരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് ഡോ: വിജയനെ ചെയർമാനായി തെരഞ്ഞെടുത്തത്. തുടർന്ന് ദേവസ്വം കാര്യാലയത്തിലെത്തി അദ്ദേഹവും പുതിയ അംഗം ചെങ്ങറ സുരേന്ദ്രനും ചുമതലയേറ്റു.

യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗം അഡ്വ.കെ.വി.മോഹന കൃഷ്ണൻ ഡോ: വി.കെ.വിജയൻ്റെ പേര് ചെയർമാൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. പുതിയ അംഗം ചെങ്ങറ സുരേന്ദ്രൻ പിന്താങ്ങി. തുടർന്ന് ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് ,ഗുരുവായൂർ ദേവസ്വം ചെയർമാനായി ഡോ: വിജയനെ തെരഞ്ഞെടുത്ത വിവരം ഭക്തജനങ്ങളെ അറിയിച്ചു.

എൻ.കെ. അക്ബർ എം എൽ എ ,നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, ദേവസ്വം ജീവനക്കാരുടെ സംഘടനാ നേതാക്കൾ, വിവിധ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ ചെയർമാനെയും പുതിയ അംഗം ചെങ്ങറ സുരേന്ദ്രൻ എക്സ് എം.പിയെയും അഭിനന്ദിക്കാനെത്തി .പൊന്നാടയണിയിച്ചു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചത്. ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ സത്യവാചകം ചൊല്ലി കൊടുത്തു. ഭരണ സമിതി അംഗങ്ങളായ അഡ്വ.കെ.വി.മോഹന കൃഷ്ണൻ സ്വാഗതവും മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൃതജ്ഞതയും രേഖപ്പെടുത്തി. അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പുതിയ അംഗങ്ങള തെരഞ്ഞെടുത്തു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം വായിച്ചു.

Related Posts