സ്പെഷ്യല്‍
ഗുരുവായൂര്‍ പോകുന്ന ഭക്തരോട് ഒരു അപേക്ഷ ഉണ്ട്; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ഗുരുവായൂരിലേക്ക് പോകുന്ന ഭക്തരോട് ഒരു അപേക്ഷ എന്ന പേരില്‍ കഴിഞ്ഞദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. Aadhi S എന്ന ആള്‍ എഴുതിയ കുറിപ്പാണത്. വളരെ ഹൃദയ സ്പര്‍ശിയായ ആ കുറിപ്പ് ഇവിടെ പങ്കുവയ്ക്കുകയാണ്. മാനവസേവ തന്നെയാണ് മാധവ സേവ എന്ന കാര്യം ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്ന വാക്കുകളാണ് ഇവ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

ഗുരുവായൂര്‍ പോകുന്ന ഭക്തരോട് ഒരു അപേക്ഷ ഉണ്ട്. പോകുമ്പോള്‍ നിങ്ങളുടെ വീട്ടില്‍ ഉള്ള നല്ല ബെഡ്ഷീറ്റോ, ലുങ്കി, മുണ്ട്, സെറ്റ് പോലുള്ള വസ്ത്രങ്ങള്‍ ഒരു ജോഡിയെങ്കിലും കരുതുക. ഉടുതുണിക് മറുതുണി ഇല്ലാത്ത ഒരുപാട് പാവങ്ങള്‍ ഉണ്ട് അവിടെ. കഴിഞ്ഞ തവണ പോയപ്പോള്‍ ഞാന്‍ 2പുതിയ ഷര്‍ട്ട് കൊണ്ട് പോയിരുന്നു. അവിടെ ചെന്നപ്പോള്‍ ഒരു അമ്മാവനോട് വേണോ എന്നു ചോദിക്കണ്ട താമസം വാങ്ങി. ഇട്ടിരുന്ന ഷര്‍ട്ട് ഫുള്‍ കീറിയത് ആയിരുന്നു. ഒരെണ്ണം വേറെ ഒരാള്‍ക്കു കൊടുത്തു.

ഈ പ്രാവശ്യം ബെഡ്ഷീറ് ഷര്‍ട്ട് കൊണ്ട് പോകണം എന്നു കരുതി. കുട്ടികൂടി ഉണ്ടായൊണ്ട് ട്രെയിനില്‍ കൊണ്ട് പോകാന്‍ പ്രയാസം ആരുന്നു. ഒരു ഷര്‍ട്ടെങ്കിലും കൊണ്ട് പോകണം എന്നു മനസ്സില്‍ വിചാരിച്ചു. മറന്നു. ആഹാരം കഴിക്കാന്‍ ക്യൂ നില്കാന്‍ മോന്‍ സമ്മതിക്കാത്തതിനാല്‍ കൂടെ നിന്നവര്‍ പറഞ്ഞു പുറത്തു വെയിറ്റ് ചെയ്യൂ എത്തുമ്പോള്‍ കയറിയാല്‍ മതി എന്ന്. ഞാന്‍ ടിക്കറ് വാങ്ങി കുളത്തിന്റെ സമീപമുള്ള ഇരിപ്പിടത്തില്‍ ഇരുന്നു.

പ്രായമുള്ള ഒരാള്‍ അവിടെ ഇരുന്നു എന്തോ ചെയുന്നു. നോക്കിയപ്പോ ഷര്‍ട്ടില്‍ പിന്ന് കുത്തി വയ്ക്കുക ആണ്. പാവം ആ മനുഷ്യന്റെ ഷര്‍ട്ട് നിറയെ പിന്നുകള്‍ ആണ്. അപ്പോള്‍ ഓര്‍ത്തു ഷര്‍ട്ട് എടുക്കാതെ പോയ വിഷമം. നമ്മള്‍ അവിടെ അമ്പലത്തില്‍ എത്രയോ ക്യാഷ് ചിലവാകുന്നു പക്ഷേ, ആരേലും വന്നു കൈ നീട്ടിയാല്‍ മുഖം തിരിക്കും. പക്ഷെ അപ്പോഴും ആരുടെയും മുന്നില്‍കൈ നീട്ടന്‍ പറ്റാത്ത പാവങ്ങള്‍ ഉണ്ട്. അവര്‍ക്ക് മനസറിഞ്ഞു ഒരു നേരത്തെ ആഹാരമോ വസ്ത്രമോ കൊടുക്കുക. ആ തണുപ്പില്‍ പേപ്പര്‍ വിരിച്ചു കിടന്നുറകുന്നവരെയും നിന്ന് ഉറങ്ങുന്നവരെയും അവിടെ കണ്ടു. ഒരാള്‍ക്കെങ്കിലും ഒരു പുതപ്പോ വസ്ത്രമോ കൊടുക്കാന്‍ എല്ലാരും ശ്രമിക്കുക.

 

Related Posts