സ്പെഷ്യല്‍
ഇത്തവണത്തെ ഗുരുവായൂര്‍ ഏകാദശി വ്രതമെടുത്താല്‍

ഏകാദശികളില്‍ വച്ച് ഏറ്റവും മഹത്വപൂര്‍ണമായ ഏകാദശിയാണ് വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശി. ഇത് ഗുരുവായൂര്‍ ഏകാദശിയെന്നും അറിയപ്പെടുന്നു.  നവംബര്‍ 25 ബുധനാഴ്ചയാണ്‌ ഇത്തവണത്തെ ഗുരുവായൂര്‍ ഏകാദശി.

ഈ ഏകാദശിക്കാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വ്രതമനുഷ്ഠിക്കുന്നത്. യോഗനിദ്രയില്‍ നിന്നുണര്‍ന്ന മഹാവിഷ്ണു ലക്ഷ്മി ദേവിയോടൊപ്പം തന്റെ ഭക്തരെ അനുഗ്രഹിക്കുന്ന ദിനം കൂടിയാണിത്. ഇതിനെ ഗീതാദിനമെന്നും അറിയപ്പെടുന്നു.

അര്‍ജ്ജുനന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീത ഉപദേശിച്ചദിനം കൂടിയാണിത്. മഹാവിഷ്ണു ഗുരുവായൂര്‍ക്കെഴുന്നെള്ളുന്ന ദിനംകൂടിയാണിതെന്നാണ് വിശ്വാസം. കൂടെ ദേവന്‍മാരും ദേവിമാരും ഉണ്ടാകുമെന്നാണ് വിശ്വാസം. ഗുരുവായൂര്‍ ഏകാദശി നോറ്റാല്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്ന് അറിയപ്പെടുന്ന  വൈകുണ്ഡ ഏകാദശി നോല്‍ക്കണമെന്നു പറയാറുണ്ട്.

ഏകാദശി വ്രതമെടുക്കേണ്ട രീതി അറിയാന്‍ വീഡിയോ കാണാം

ഐശ്വര്യത്തിനും സര്‍വ്വപാപദോഷത്തിനും ഉന്നതിക്കും വേണ്ടിയാണ് ഏകാദശി വ്രതം. ഏകാദശിവ്രതം നോല്ക്കുന്നവര്‍ക്ക് ഇഹലോകസുഖവും പരലോക മോക്ഷവും ഉണ്ടാകുമെന്നും പറയുന്നു. കുറൂരമ്മയ്ക്കും പൂന്താനത്തിനും വില്വ മംഗലം സ്വാമിയാര്‍ക്കും ഭഗവാന്റെ ദര്‍ശനം ലഭിച്ചതും ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടന്നതും ഈ നാളിലാണ് എന്നു വിശ്വസിക്കുന്നു.

ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികള്‍ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകല്‍) ആഹാരം കഴിക്കാം. ഏകാദശിദിവസം പരിപൂര്‍ണമായി ഉപവസിക്കണം. അരി കൊണ്ടുളള ഭക്ഷണം പൂര്‍ണമായും ഉപേക്ഷിക്കണം. തുളസീതീര്‍ഥം സേവിക്കാം. പകല്‍ ഉറങ്ങാന്‍ പാടില്ല. ഈ ദിവസം വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തണം. അടുത്ത ദിവസം ദ്വാദശിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി തുളസീ തീര്‍ത്ഥം സേവിച്ചാണ് പാരണ തീരേണ്ടത്. പാരണ വീടുമ്പോള്‍ ദാനം കൊടുക്കുന്നതും പുണ്യമായി കരുതുന്നു.

ദശമി നാളില്‍ പുലര്‍ച്ചെ മൂന്നിനു തുറക്കുന്ന ഗുരുവായൂര്‍ ക്ഷേത്ര നട പിന്നീട് അടയ്ക്കുന്നത് ഏകാദശിയും കഴിഞ്ഞ് ദ്വാദശി നാളില്‍ രാവിലെ ഓന്‍പതുമണിയോടുകൂടിയാണ്. ഇതിനു മുമ്പായി കൂത്തമ്പലത്തില്‍ ദ്വാദശിപ്പണം നിറച്ച് ദ്വാദശി ഊട്ടും നടത്തുന്നു. ക്ഷേത്രനട അടച്ചതിനു ശേഷം ശുദ്ധി കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് വൈകുന്നേരം മൂന്നരയ്ക്കാണ് നട വീണ്ടും തുറക്കേണ്ടത്.

Related Posts