സ്പെഷ്യല്‍
ഗുരുവായൂരപ്പന്റെ കാറുകള്‍!

ഗുരുവായൂരപ്പന് പലതരം വഴിപാടുകള്‍ ഭക്തജനങ്ങള്‍ പ്രാര്‍ത്ഥനയോടെ സമര്‍പ്പിക്കാറുണ്ടെങ്കിലും 35 വര്‍ഷം മുമ്പാണ് ഒരു മോട്ടോര്‍ ‘കാര്‍’ ആദ്യമായി വഴിപാടായി സമര്‍പ്പിക്കപ്പെട്ടത്. ഇത്തരമൊരു പുതിയ വഴിപാട് കണ്ടുനിന്നവര്‍ക്കും,വഴിപാടു ചെയ്തവര്‍ക്കും ആശ്ചര്യവും അത്യല്‍ഭുതവുമായി തോന്നിയെങ്കിലും ഇതെല്ലാം ഗുരുവായൂരപ്പന്റെ ലീലാവിലാസം എന്ന് അനുഭവസ്ഥരായ ഭക്തന്‍മാര്‍ സന്തോഷം പൂണ്ടു.

മന്ദസ്മിതം തൂകി ഭക്തജനങ്ങളുടെ മനം കവര്‍ന്ന് എല്ലാംസ്വീകരിക്കുന്ന, ശകടാസുരനെ കൊന്ന, ഗുരുവായൂരപ്പന് അന്നത്തെ കാര്‍ വഴിപാട് ഒരു തുടക്കം മാത്രമായിരുന്നു. ഭക്തന്‍മാര്‍ ആഗ്രഹിക്കുന്നതെന്തോ,അത് ഈ സന്നിധിയില്‍ ഭക്തിയോടെ സമര്‍പ്പിക്കാം. കാര്‍ വഴിപാടിന് തുടക്കംകുറിച്ചത് 35 വര്‍ഷം മുമ്പാണ്, 1986 ജൂണ്‍ 4 ന് പാലക്കാട് ചിറക്കാട്ട് സ്വദേശിയായ ഡോക്ടര്‍ രാജലക്ഷ്മി എന്ന ഭക്ത 1965 മോഡല്‍ ‘ഹെറാള്‍ഡ്’ കാര്‍ ഗുരുവായൂരപ്പന് വഴിപാടു സമര്‍പ്പിച്ചത്.

ഇന്ന് അത്തരത്തില്‍ ഒരു കാര്‍ നിലവിലുണ്ടോ എന്നുപോലും സംശയം. ഇന്ന് ‘ഥാര്‍ ‘കാര്‍ വഴിപാടും ആ വാഹനം ലേലംകൊള്ളലും,ലോകപ്രസിദ്ധമായി.ആദ്യ കാര്‍ ഭഗവാന് ലഭിക്കുമ്പോള്‍ ക്ഷേത്രത്തില്‍ ‘വാഹനപൂജ’ എന്ന വഴിപാട്‌പോലും ആരംഭിച്ചിട്ടില്ലാത്ത കാലം!. ഒരുപക്ഷെ,ഗുരുവായൂരപ്പന്‍ അന്ന് കരുതിയിട്ടുണ്ടാകാം. തന്നെ ദര്‍ശിക്കാന്‍ വരുന്ന ഭക്തന്‍മാര്‍ക്ക് ഇവിടെ ഒരു വാഹനം പൂജയും ഏര്‍പ്പാട് ചെയ്‌തേക്കാമെന്ന്. അതുകൊണ്ട് തന്നെയാവാം, 3 വര്‍ഷം കഴിഞ്ഞ് 1989 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്ദിരാവികാസ് പത്ര എന്ന നിക്ഷേപ പദ്ധതിയില്‍ നിന്നും നറുക്കെടുപ്പിലൂടെ ഗുരുവായൂരപ്പന് ഒരു മാരുതി കാര്‍ സമ്മാനമായി ലഭിച്ചതും.

എന്തായാലും ഹെറാള്‍ഡ് കാര്‍ സമര്‍പ്പിക്കപ്പെട്ട് 8 വര്‍ഷം കഴിഞ്ഞപ്പോള്‍ 1994 ഏപ്രില്‍ 14 വിഷു സുദിനത്തില്‍ ദേവസ്വം വകയായി വാഹനപൂജ വഴിപാടും സമാരംഭിച്ചു. ഫലമോ, ഇന്ന് ഗുരുവായൂര്‍ ദിവ്യ സന്നിധിയില്‍ വാഹനപൂജ വഴിപാടിന് വരി നില്‍ക്കേണ്ട അവസ്ഥയില്‍ എത്തി. ആദ്യത്തെ കാര്‍ വഴിപാടിനുശേഷം ഗുരുവായൂര്‍സ്വദേശിയായ ഡോക്ടര്‍ ചന്ദ്രികാ ശങ്കറും താന്‍ ഉപയോഗിച്ചിരുന്ന അംബാസഡര്‍ കാര്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. ഗുരുവായൂരപ്പന്റെ മേശ്ശാന്തിമാരായിരുന്ന കക്കാട് വാസുദേവന്‍ നമ്പൂതിരിയും, മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയും ആത്മസമര്‍പ്പണം ചെയ്ത് അവരവരുടെ കാറുകള്‍ ഗുരുവായൂരപ്പന് സമര്‍പ്പിക്കുകയുണ്ടായി.

2019 ല്‍ ഒരു വ്യവസായസ്ഥാപനം അവരുടെ വകയായി ‘മൊറസാ’ കാര്‍ ഗുരുവായൂരപ്പന് വഴിപാടു നല്‍കിയെങ്കില്‍ ആദ്യമായി കാര്‍ വഴിപാട് ലഭിച്ച് മൂന്നരപതീറ്റാണ്ടിലെത്തിയപ്പോള്‍ ഇതാ, അനവധി കാറുകള്‍ സ്വന്തമായുള്ള ഗുരുവായൂരപ്പന് മറ്റൊരു നിര്‍മ്മാണകമ്പനി പുതിയ ഒരു വാഹനം ‘ഥാര്‍’ വഴിപാടു ചെയ്തു.മാത്രമോ ആ വാഹനം പരസ്യമായി ലേലം ചെയ്ത വില 43 ലക്ഷത്തിലധികം രൂപ ! ഗുരുവായൂരപ്പന് ‘ഹെറാള്‍ഡ് ‘മുതല്‍ ‘ഥാര്‍’ വരെ കാറുകള്‍ വഴിപാടായി സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ഈ സന്നിധിയില്‍ 35 വര്‍ഷം പിന്നിടുന്ന വാഹന വഴിപാടും 28 വര്‍ഷം പിന്നിടുന്ന വാഹനപൂജയും ലോകപ്രശസ്തിയിലെത്തിയിരിക്കുന്നു.

ലേഖകൻ: രാമയ്യർ പരമേശ്വരൻ,
റിട്ട. മാനേജർ,
ഗുരുവായൂർ ദേവസ്വം
Related Posts