സ്പെഷ്യല്‍
രത്‌നങ്ങള്‍ ഭാഗ്യം കൊണ്ടുവരുമോ?

ഈ പ്രപഞ്ചത്തില്‍ എല്ലാ ഗ്രഹങ്ങളുടെയും ആകര്‍ഷണവും രശ്മികളും ഭൂമിയില്‍ അനവരതം പതിച്ചുകൊണ്ടേയിരിക്കുന്നു. ഇത് മനുഷ്യരടക്കം ജീവജാലങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. ഒരു വ്യക്തിയുടെ സ്വഭാവം, ബുദ്ധി, തൊഴില്‍, ഭാഗ്യം, ആരോഗ്യം, ആനന്ദം, ശത്രുമിത്രാവസ്ഥ, വിവാഹം തുടങ്ങിയ ജീവല്‍ പ്രധാനമായ അവസ്ഥകളെ സൃഷ്ടിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഈ സൂക്ഷ്മ രശ്മി ചൈതന്യങ്ങള്‍ക്ക് പ്രത്യേക കഴിവും പങ്കുമുണ്ട്. ഇപ്രകാരം നമുക്കനുയോജ്യമായ ഗ്രഹത്തിനെ സ്വാധീനിക്കുവാനും ആകര്‍ഷിക്കുവാനുമാണ് ആഗ്രഹത്തിന്റെ പ്രതിരൂപമായ കാരകത്വം വഹിക്കുന്ന രത്‌നങ്ങള്‍ ധരിക്കുന്നത്.

ജീവിതക്ലേശത്തില്‍നിന്നും മുക്തിനേടാന്‍ ജ്യോതിശാസ്ത്രം നിശ്ചയിക്കുന്ന നിരവധി മാര്‍ഗത്തില്‍ ഒന്നാണ് രത്‌നധാരണം. രത്‌നങ്ങള്‍ക്ക് മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലയിലും ഉണര്‍വേകാന്‍ ശക്തിയുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഘടനയുടെ സവിശേഷതകൊണ്ട് വ്യത്യസ്ഥ തരംഗദൈര്‍ഘ്യമുള്ള പ്രകാശരശ്മികളെ ആഗിരണം ചെയ്ത് ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ച് അതിന്റെ തേജസ് മുഴുവന്‍ പകര്‍ന്നുനല്കാന്‍ രത്‌നങ്ങള്‍ക്കു കഴിയും.

ഗ്രഹങ്ങളില്‍ പ്രകാശിക്കുന്ന കിരണങ്ങളെ തീവ്രതയോടെ സ്വീകരിച്ച് മനുഷ്യശരീരത്തിലേക്ക് പകരാനുള്ള റിസീവറായി അവ പ്രവര്‍ത്തിക്കുന്നു.
ജനിച്ച നാള്‍, കൂറ്, ദശാകാലം ഇവ മാത്രം നോക്കി രത്‌നങ്ങള്‍ നിര്‍ദേശിക്കാറുണ്ട് പലരും. പുണര്‍തത്തിന് മഞ്ഞപുഷ്യരാഗം, പൂയത്തിന് ഇന്ദ്രനീലം, തിരുവാതിരയ്ക്ക് ഗോമേദകം, ആയില്യത്തിന് മരതകം എന്ന നിലയില്‍ ഇത് ഒരു പൊതുരീതി മാത്രമാണ്.

ശാസ്ത്രീയമായ മാര്‍ഗമല്ല. ഉദ്ദാഹരണത്തിന് മകരലഗ്‌നവും ലഗ്‌നത്തില്‍ നീചത്തില്‍ നില്ക്കുന്ന വ്യാഴവും ഉള്ള പുണര്‍തം, വിശാഖം, പുരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ രത്‌നമായ മഞ്ഞപുഷ്യരാഗം ഗുണംചെയ്യില്ല എന്നു മാത്രമല്ല, ദോഷപ്രദവുമാണ്. ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ഇന്ദ്രനീലം ധരിച്ചാല്‍ മതി എന്നൊരു ധാരണയുണ്ട്. പക്ഷേ ഇത് എല്ലാവര്‍ക്കും ഗുണകരമല്ല. ഈ ശനി നീചത്തില്‍ ആണെങ്കില്‍ ചില ലഗ്‌നക്കാര്‍ക്ക് ദോഷം ചെയ്യും.

രത്‌നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഒരാളുടെ ജാതകം സമഗ്രമായി വിശകലനം ചെയ്യണം. ജനനത്തീയതി, സമയം, ജനനസ്ഥലം ഇവ മനസിലാക്കി ഗ്രഹനിലപഠിച്ച്, ഏതേതു ഗ്രഹമാണ് ആ ജാതകത്തില്‍ അനുകൂലവും പ്രതികൂലവുമായി നില്ക്കുന്നതെന്നു മനസിലാക്കി തുടര്‍ന്നുള്ള വിശകലനത്തില്‍ ഏതു രത്‌നമെന്ന് തീരുമാനിക്കുന്നു.

രക്തം ധരിക്കുന്നതോടെ ആ വ്യക്തിയില്‍ അനുകൂല ഗ്രഹത്തിന്റെ സ്വാധീനം വര്‍ധിക്കുന്നു. അതുകൊണ്ടുതന്നെ ജാതക വിശകലനത്തിനുശേഷം ധരിക്കുന്ന രത്‌നങ്ങള്‍ ദശാകാലത്തിനനുസരിച്ച് മാറ്റേണ്ട ആവശ്യം വരുന്നില്ല. ജീവിതകാലം മുഴുവന്‍ ധരിക്കാവുന്നതുമാണ്.

Related Posts