പൈതൃകം
Gauli Shastra | യാത്രാ വേളയില്‍ ഗൗളി ചിലച്ചാല്‍

ശകുനം നോക്കുന്നവര്‍ പ്രധാനമായും നോക്കുന്ന ഒന്നാണ് ഗൗളി.  അത് ചിലക്കുകയോ ശരീരത്തില്‍ വീഴുകയോ ചെയ്താല്‍ പല ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നു.

യാത്രക്കായി ഇറങ്ങുമ്പോള്‍ മുളകില്‍ നിന്നോ, കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിവിടങ്ങളില്‍ നിന്നോ ഗൗളി ചിലച്ചാല്‍ കാര്യസാധ്യവും, അഗ്‌നികോണില്‍ നിന്ന് ആണെങ്കില്‍ ധനലാഭവും, വായുകോണില്‍ നിന്ന് ആണെങ്കില്‍ ദേശാന്തര സഞ്ചാരത്തിനുള്ള ഭാഗ്യവും ലഭിക്കും. എന്നാല്‍ ശബ്ദം നിരൃതികോണില്‍ നിന്ന് ആണെങ്കില്‍ ദുഃഖവും, ഈശാനകോണില്‍ നിന്നായാല്‍ കാര്യവിഷമവും, തെക്ക്ദിശയില്‍ നിന്ന് ആയാല്‍ മരണവുമാണ് ഫലം.

ഇത്‌പോലെതന്നെ ശരീരത്തില്‍ ഗൗളി വീണാലും ഫലം പലതാണ്. ശിരസ്സിന്റെ മധ്യത്തിലാണ് വീഴുന്നത് എങ്കില്‍ അമ്മയ്‌ക്കോ, സഹോദരനോ, ഗുരുവിനോ ദോഷമാണെന്നും, ശിരസ്സിന്റെ പിന്നില്‍ വീണാല്‍ കലഹവുമാണ് ഫലമെന്ന് പറയപ്പെടുന്നു.

നെറ്റിയുടെമേല്‍ ആണെകില്‍ നിധിദര്‍ശനവും അതേസമയം നെറ്റിയുടെ മധ്യത്തില്‍ ആണെങ്കില്‍ രാജ സമ്മാനം ലഭിക്കുമെന്നും വിശ്വാസം. മൂക്കിന്റെ തുമ്പത്താണ് വീഴുന്നതെങ്കില്‍ പലതരം രോഗങ്ങള്‍ ഉണ്ടാകുമെന്നും കണ്ണില്‍ വീണാല്‍ ഐശ്വര്യവും സമൃദ്ധിയും, കവിളില്‍ വീണാല്‍ ധനനഷ്ടവും  ഉണ്ടാകാം.

ചെവിയോ കണ്ണോ ആണെങ്കില്‍ മരിക്കാനുള്ള പ്രേരണകൂടുമെന്നും, ഇത് കഴുത്തില്‍ വീണാല്‍ സജ്ജനസംസര്‍ഗ്ഗം വന്നുചേരുമെന്നും വിശ്വസിക്കുന്നു. മാറിടത്തില്‍ വീണാല്‍ വലിയ ദുഃഖം, വയറില്‍ വീണാല്‍ വളരെ വലിയ ഭയവും കൈകളില്‍ വീണാല്‍ ധനലാഭവും നേട്ടം.

വാരിയെല്ലിന്റെ ഭാഗത്ത് വീണാല്‍ ശത്രുക്കളുടെ ഉപദ്രവം കൂടുകയും, തുട, കാല്‍ എന്നിവിടങ്ങളില്‍ വീണാല്‍ സുഖപ്രസവം,ബാഹുമൂലത്തില്‍ വീണാല്‍ സങ്കടം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും എന്നാല്‍ ഗുഹ്യപ്രദേശത്താണ് വീഴുന്നതെങ്കില്‍  സര്‍പ്പഭയമായിരിക്കും ഫലമെന്നും വിശ്വസിക്കപ്പെടുന്നു. പാദത്തിലാണ് വീഴുന്നതെങ്കില്‍ തീര്‍ത്ഥയാത്ര ചെയ്യാന്‍ അവസരം ലഭിക്കുമെന്നും, കാലിനടിയില്‍ വീണാല്‍ പാലുമായി ബന്ധപ്പെട്ട ഭക്ഷണ സാധനങ്ങള്‍ ലഭിക്കുമെന്നും വിശ്വാസം.

പുരുഷന്മാരുടെ വലതുഭാഗത്തോ സ്ത്രീകളുടെ ഇടതുഭാഗത്തോ ഗൗളി വീണിട്ട് മുകളിലേക്ക് ഭിത്തിയിലൂടെ കയറിപോയാല്‍ സുഖ സൂചകമാണെന്നും, ഭിത്തിയില്‍ നിന്ന് താഴെക്കാണ് ഇറങ്ങുന്നത് എങ്കില്‍ അശുഭമായും കണക്കാക്കുന്നു. ക്ഷേത്രത്തിലോ അവിടെ ഉള്ള അരയാലിന്റെ അടുത്ത് വച്ചോ ആണെങ്കില്‍ ഒരിക്കലും ദോഷമൊന്നും സംഭവിക്കില്ലെന്നും പറയപ്പെടുന്നു. ശിവ ഭഗവാനെ ഭജിച്ചാല്‍ ഈ ദോഷങ്ങളെല്ലാം ഒഴിഞ്ഞുപോകുമെന്നും ആചാര്യന്‍മാര്‍ പറയുന്നു.

Related Posts