സ്പെഷ്യല്‍
ഈ സങ്കല്‍പ്പത്തില്‍ ഗണപതിയെ ഭജിച്ചാല്‍

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ https://chat.whatsapp.com/FVIZqkJpLipBOE6Rgd0nEK

ആനയുടെ മുഖം, മുറം പോലെയുള്ള ചെവികള്‍, ചെറിയ കണ്ണുകള്‍, നീണ്ട തുമ്പിക്കൈ, മുറിഞ്ഞ കൊമ്പ്, കുടവയര്‍, ചതുര്‍ബാഹുക്കളില്‍ മോദകവും വേദങ്ങളും മഴുവും കൊളുത്തും വളയവും, വഹിച്ച് താമര ആസനത്തിലാണു ഗണപതി ഭഗവാന്‍ ഇരിക്കുന്നത്. സഞ്ചരിക്കുന്നത് എലിയുടെ പുറത്തു കയറിയും. ഭാരതീയമായ ഏതൊരു മൂര്‍ത്തീസങ്കല്‍പ്പത്തിനു പിന്നിലും ചിന്തോദ്ദീപകമായ പ്രതീകാര്‍ഥങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുള്ളതായി കാണാം. ഗണേശ മൂര്‍ത്തിയുടെ പിന്നില്‍ ഒളിഞ്ഞു കിടക്കുന്ന പ്രതീകാര്‍ഥങ്ങള്‍ ഇവയാണ്.

വലിയ ചെവികള്‍

ഗുരുമുഖത്തുനിന്നുംപുറപ്പെടുന്ന വിജ്ഞാനസമ്പത്ത് കേട്ടു പഠിക്കുക എന്ന ശിക്ഷണ സമ്പ്രദായം നിലനിന്നിരുന്ന കാലത്താണ് മഹാഭാരത രചന നടക്കുന്ന ത്. ഗണപതി കേട്ടെഴുതിയതോടുകൂടി ആദ്യത്തെ ലിഖിത ഗ്രന്ഥമായി അതു മാറിയെന്നു വിശ്വാസം. അതിഗഹനങ്ങളായ വിജ്ഞാനമാണു  മഹാഭാരതത്തിലൂടെ വ്യാ സന്‍ ലോകത്തിനു നല്‍കിയത്. ഏറെ ക്ലേശകരമായ ഈ ദൗത്യം ഒറ്റ ഇരിപ്പില്‍ എഴുതി പൂര്‍ത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

അതീവ ശ്രദ്ധയും ജാഗ്രതയും ഇതിവശ്യമാണ്. പുറം കാതുകൂര്‍പ്പിച്ച് ശ്രദ്ധാപൂര്‍വ്വം ശ്രവിച്ച് അകക്കാതിലേക്കു സന്ദേശങ്ങള്‍ കൈമാറി മനനം നടത്തിയ ശേഷമായിരുന്നു വ്യാസന്റെ വരികള്‍ ഗണപതി പകര്‍ത്തിയത്. ശ്രവണ സൂക്ഷ്മതയുടെ പ്രതീകമാണു മുറം പോലെയുള്ള വലിയ ചെവികള്‍ അര്‍ഥമാക്കുന്നത്.

ചെറിയ കണ്ണുകള്‍

മൂക്കിന്റെ ധര്‍മ്മം ഘ്രാണനമാണ്. ഘ്രാണത്തിലൂടെ ത്യാജ്യവും ഗ്രാഹ്യവും തിരിച്ചറിയാന്‍ കഴിയും. ഭോജ്യവും അഭോജ്യവും കണ്ടെത്താനുമാവും. ത്യാജ്യ ഗ്രാഹ്യ വിവേചന ബുദ്ധിയുടെ ഗുരുത്വമാണു ഗണപതിയുടെ നീണ്ട തുമ്പിക്കൈ പ്രതീകവല്‍ക്കരിക്കുന്നത്.

മുറിക്കൊമ്പ്

ഗണപതി മുറിക്കൊമ്പനാണ്.  പരശുരാമനാണ് ഗണപതിയുടെ കൊമ്പു മുറിച്ചതെന്നാണ് ഐതിഹ്യം .ഇതിനു പിന്നില്‍ വലിയ ഒരു രഹസ്യം ഒളിഞ്ഞു കിടക്കുന്നുണ്ട്. ശിവന്‍ അബ്രാഹ്മണ ്യദേവനാണ്.

പരശുരാമന്‍ ബ്രാഹ്മണ്യവാദിയും. എന്നാല്‍ ഇരുവരും ഗുരുശിഷ്യ ബന്ധവും പുലര്‍ത്തിയിരുന്നു. അനുവാദമില്ലാതെ ശിവനെ കാണാനെത്തിയ പരശുരാമനെ ഗണപതി തടഞ്ഞു. തന്റെ വ്യക്തിത്വത്തിന്മേലുള്ള ആത്മവിശ്വാസമാണു ഗണപതിയെ അതിനു പ്രേരിപ്പിച്ചത്. കൊമ്പ് വ്യക്തിത്വത്തിന്റെ സൂചികയാണ്.

വ്യക്തിത്വത്തില്‍ അഹന്ത പാടില്ല എന്നാണു പരശുരാമന്‍ നടത്തിയ ദന്ത ഭഞ്ജനത്തിന്റെ ഒരര്‍ഥം. അതായതു വ്യക്തിത്വത്തില്‍ അഹന്ത പുലര്‍ത്താന്‍ പാടില്ലെന്ന വലിയൊരു പാഠത്തിന്റെ പ്രതീകമായും മുറിക്കൊമ്പിനെ വ്യാഖ്യാനിക്കാം.

മോദകവും വേദങ്ങളും

ഇടതു കയ്യില്‍ മോതകവും വലതു കയ്യില്‍ വേദങ്ങളും വഹിച്ചാണ് ഗണപതി ഇരിക്കുന്നത്. മോദകം വിശപ്പടക്കാനും വേദങ്ങള്‍ വിജ്ഞാനദാഹം ശമിപ്പിക്കാനും ഉള്ളതാണ്. വിശപ്പ് ഭൗതികവും വിജ്ഞാനദാഹം ആത്മീയവുമാണ് ഈ രണ്ടാവശ്യങ്ങളും സാധിച്ചെടുക്കേണ്ടത്തിന്റെ അനിവാര്യതയിലേക്കാണ് മോദകവും വേദങ്ങളും വിരല്‍ ചൂണ്ടുന്നത്.

ഗണപതിയുടെ ഉയര്‍ത്തിപ്പിടിച്ച കൈകളിലോന്നില്‍ മഴുവും കൊളുത്തുമുണ്ട്. മറുകയ്യില്‍ ചരടു കൊണ്ടുണ്ടാക്കിയ ഒരു വളയവും കാണാം. അജ്ഞാനമാകുന്ന  കാടുകളും പടലുകളും വെട്ടിത്തെളിച്ച് മനസ്സിനെ ശുദ്ധീകരിക്കാനുള്ള പ്രതീകായുധമാണ് മഴു. ആനയെ തോട്ടികൊണ്ട് നിയന്ത്രിക്കുന്നതുപോലെ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തേണ്ടതിന്റെ അനിവാര്യതയിലേക്ക് കൊളുത്ത് എന്ന പ്രതീക ചിഹ്നം വിരല്‍ ചൂണ്ടുന്നു.

ഗണങ്ങള്‍ വഴി തെറ്റിയാല്‍ അവരെ പിടിച്ചുകെട്ടി നേര്‍വഴിയിലൂടെ നയിക്കാനുള്ളതാണു ചരടില്‍ തീര്‍ത്തവളയം. ഭൗതിക സംതൃപ്തി കൈവരിക്കാതെ ആത്മീയസംതൃപ്തി നേടാനാവില്ല. ഗണപതിയുടെ കുടവയര്‍ ഭൗതീകസംതൃപ്തിയുടെ പ്രതീകമാണ്. ഭരണാധികാരികള്‍ക്ക് കിരീടം ധരിക്കാന്‍ അവകാശമുണ്ട്.

വിജ്ഞാനസമ്രാട്ടിന്റെ കിരീടമാണ് ഗണപതി ശിരസ്സില്‍ അണിഞ്ഞിരിക്കുന്നത്. ചുരുക്കത്തില്‍ വിജ്ഞാന സാമ്രാജ്യത്തിലെ സര്‍വ്വാധിപതി എന്ന സ്ഥാനമാണ് കിരീടധാരണത്തിലൂടെ ഗണപതി അര്‍ഥമാക്കുന്നത്.

എലി വാഹനം

കയ്യില്‍  മോദകം പേറുന്ന എലിയുടെ പുറത്തു കയറിയാണു ഗണേശന്റെ സഞ്ചാരം. ഭൗതിക ജീവിതത്തിന്റെ അടിസ്ഥാനം ആഹാരമാണ്. ചെറുതും വലുതുമായ എല്ലാ ജീവികള്‍ക്കും ആഹാരം കൂടിയേ തീരൂ. എലിയുടെയും ഗണേശന്റെയും കൈകളിലെ മോദകം ആ അനിവാര്യതയുടെ പ്രതീക സൂചകമാണ്.

ഗജസമാനനായ ഗണപതിയ്ക്കു വാഹനം ചുണ്ടെലിയെന്ന സങ്കല്‍പ്പത്തിന്റെ പൊരുള്‍ ജീവിതത്തിലെ വളരെ വലിയ ഒരു സത്യത്തെയാണ് വെളിപ്പെടുത്തുന്നത്. നിസാരനായ ചുണ്ടെലിക്കു ഭീമാകാരനായ ഗണേശനെ ചുമക്കണമെങ്കില്‍ അഭൗമശക്തി കൂടിയേ തീരൂ. ആഹാരസമ്പാദനതിനു വേണ്ടിവരുന്ന അധ്വാനത്തിന്റെയും ലഭിക്കുന്ന പ്രതിഫലത്തിന്റെയും മൂല്യങ്ങള്‍ തമ്മിലുള്ള താരതമ്യമാമാണ് ഇവിടെ കാണുന്നത്.

താമര ആസനം

താമരയിതളിന്റെ ആകൃതിയിലുള്ള ആസനതിലാണ് ഗണപതി ഇരിക്കുന്നത്. ധ്യാനജന്യമായ ആധ്യാത്മജ്ഞാനത്തിന്റെ പ്രതീകമാണ് താമര. വിജ്ഞാനിയായ ഒരു ഗുരുവിനല്ലാതെ മറ്റൊരാള്‍ക്കും അതില്‍ ഇരിക്കാന്‍ യോഗ്യതയില്ല.

ഗണേശസങ്കല്‍പത്തിന്റെ പിന്നിലുള്ള പ്രതീകാത്മകമായ രഹസ്യങ്ങള്‍ ഇവയാണ്. ഈ അര്‍ഥങ്ങള്‍ മനസിലാക്കി ഗണേശ പൂജ നടത്തിയാല്‍ അതു ആരാധനയെ സമര്‍പ്പണ തലത്തിലേക്കെത്തിക്കുകയും ഉദ്ദിഷ്ടഫലം ലഭിക്കുന്നതിനു കൂടുതല്‍ സഹായിക്കുകയും ചെയ്യും.

Related Posts