വാസ്തു
സമ്പത്ത് സംരക്ഷിക്കാന്‍ ഫെംഗ്ഷൂയി

നിങ്ങളെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ. ധനം കൈയില്‍നില്‍ക്കാത്ത അവസ്ഥയുണ്ടോ. പണം ഒഴുകിപ്പോകുന്ന അവസ്ഥയിലാണു നിങ്ങളെങ്കില്‍ ഫെംഗ്ഷൂയിയില്‍ പരിഹാരമുണ്ട്. നമ്മുടെ വാസസ്ഥലത്തിന്റെ അല്ലെങ്കില്‍ ഗൃഹത്തിന്റെ പിഴവുകളാകാം സമ്പത്ത് കൈമോശം വരുന്നതിന്റെ കാരണമെന്നാണു ഫെംഗ്ഷൂയി പറയുന്നത്.

സമ്പത്തും സമൃദ്ധിയും ജീവിതത്തില്‍ നിലനില്‍ക്കാന്‍ ഗൃഹങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടവയെപ്പറ്റിയാണ് ഇവിടെ പറയുന്നത്.വീടിന്റെ ധനമൂലയ്ക്കു വലിയ പ്രാധാന്യമാണു ഫെഗ്ഷൂയി നല്‍കുന്നത്. വീടിന് അഭിമുഖമായി നില്‍ക്കുമ്പോള്‍ ഇടതുവശത്ത് ഏറ്റവും പിറകിലായി വരുന്ന സ്ഥലമാണു ഫെംഗ്ഷൂയില്‍ ധനമൂലയായി കണക്കാക്കുന്നത്. വീട്ടില്‍ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടമായി ഇതിനെ കാണണം.

ഫെംഗ്ഷൂയി വിശ്വാസമനുസരിച്ച് സമ്പത്തും ബാത്ത്‌റൂമിന്റെ സ്ഥാനവും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. അതായതു നിങ്ങളുടെ വീടിന്റെ ധനമൂലയിലാണ് ബാത്ത്റൂമെങ്കില്‍ ‘ഫ്‌ളഷ് ചെയ്യും പോലെ’ സമ്പത്ത് ഒലിച്ചു പോകും. ഇതാണു മിക്ക വീടുകളിലെയും സമ്പത്തും സമൃദ്ധിയും ഇല്ലാതാകുന്നതിനു കാരണമാകുന്നതും. ബാത്ത്‌റൂമിന്റെ വാതില്‍ എപ്പോഴും അടച്ചിടുന്നതും. ടാപ്പുകള്‍ക്ക് ചോര്‍ച്ച ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതും ക്ലോസറ്റിന്റെ മേല്‍മൂടി അടച്ച നിലയില്‍ സൂക്ഷിക്കുന്നതും സമ്പത്ത് നഷ്ടമാവാതിരിക്കാന്‍ സഹായിക്കുമെന്നു ഫെംഗ്ഷൂയിയില്‍ പറയുന്നു.

ബാത്ത്‌റൂമിന്റെ വാതിലിനു മുകളില്‍ ഫെംഗ്ഷൂയി ബാഗ്വ കണ്ണാടി തൂക്കുന്നതും ജനാലയില്‍ ക്രിസ്റ്റല്‍ തൂക്കുന്നതും നല്ല ഊര്‍ജ്ജമായ ചി നഷ്ടപ്പെടാതെ സൂക്ഷിക്കും.  ഇതിനോടൊപ്പം ബാത്ത്‌റൂം ഒരു വിശ്രമമുറിപോലെ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുകയും വേണം. കുളിമുറിയില്‍ അഴുക്ക് തുണികളും ഉപയോഗിച്ച സൗന്ദര്യ വര്‍ദ്ധക സാമഗ്രികളുടെ ബോട്ടിലുകളും മറ്റും ചിതറിക്കിടക്കാന്‍ അനുവദിക്കരുത്. തറകള്‍ അഴുക്ക് ഇല്ലാതെ വെട്ടിത്തിളങ്ങണം. മുന്‍ഭാഗത്ത് ചെരുപ്പുകള്‍ കൂട്ടിയിടുന്നതും ഒഴിവാക്കണം. ഇതു വീട്ടിലുള്ളവരുടെ ദൈനംദിന ജീവിതത്തില്‍ ഉന്‍മേഷം പ്രദാനം ചെയ്യും. വീടിനുള്ളില്‍ ഒരിക്കലും മാലിന്യം കൂട്ടിയിടരുത്. ഉപയോഗ ശൂന്യമായ വസ്തുക്കള്‍ വീട്ടിനുള്ളില്‍ നിന്ന് ഒഴിവാക്കുക.

ഇത്തരത്തില്‍, വീട് വൃത്തിയായി സൂക്ഷിക്കുന്നതുമൂലം നല്ല ഊര്‍ജ്ജമായ ചി യുടെ പ്രഭാവം എവിടെയും ഉണ്ടാവും. അഴുക്കുകള്‍ കൂടിക്കിടന്നാല്‍ അതില്‍ തട്ടി നല്ല ഊര്‍ജ്ജവും മലിനപ്പെടും. നല്ല ഊര്‍ജ്ജം മെല്ലെ ഒഴുകുന്ന വീട്ടില്‍ താമസിക്കുന്നതു തൊഴില്‍പരമായും ധനപരമായും വ്യക്തിപരമായും ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കുമെന്നാണു ഫെംഗ്ഷൂയി വിദഗ്ധരുടെ അഭിപ്രായം.

Related Posts