സ്പെഷ്യല്‍
ജാതകത്തില്‍ ആയുസ് 50 വയസ് വരെ; ഗുരുവായൂരപ്പന്‍ കനിഞ്ഞപ്പോള്‍ രണ്ടാം ജന്മം; വൈറലായി കുറിപ്പ്

ഗുരുവായൂരപ്പന്‍ കനിഞ്ഞനുഗ്രഹിച്ച് ആയുസ്സ് നീട്ടിത്തന്നതിന്റെ  അനുഭവകഥ പങ്കുവെച്ച് ഒരു വിശ്വാസി. മോഹനന്‍ കെ.പിയാണ് ഭഗവാന്‍ കൃഷ്ണന്‍ എന്ന ഫേബ്‌സുക്ക് ഗ്രൂപ്പില്‍ തന്റെ അനുഭവകഥ പങ്കുവെച്ചത്. 50 വയസ് വരെ ആയുസ്സെന്ന് കുട്ടിക്കാലത്ത് ജ്യോത്സ്യന്‍ പ്രവചിച്ചതും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഓഫീസില്‍ ഒരു ഗ്ലാസില്‍ തട്ടിവീണതും തുടര്‍ന്ന് കണ്ണുകള്‍ തുറക്കാന്‍ കഴിയാതെയും നാവുകള്‍ ചലിക്കാനാകാതെയും വന്നതും അതേപറ്റി പിന്നീട് കുറേ കാലത്തിന് ശേഷം സുഹൃത്തിനോട് പങ്കുവെച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളുമാണ് മോഹനന്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്കുണ്ടായ ഒരു അനുഭവമാണ് താഴെ ഏഴുതുന്നത്. വിശ്വസിക്കാന്‍ പ്രയാസമുള്ളവര്‍ സദയം ക്ഷമിക്കുക.
***
സഹോദരിയുടെ കുട്ടിയുടെ പേരിടല്‍കര്‍മ്മം. ജ്യോത്സ്യന്‍ നവജാതശിശുവിന്റെ ജാതകവുമായി വന്നിരിക്കുന്നു. ജാതകം വായന കഴിഞ്ഞപ്പോള്‍ പിതാവ് എന്റെ ജാതകം വായിക്കാന്‍ കൊടുക്കുന്നു. വായിച്ച് വ്യാഖ്യാനിച്ച് 50 വയസ്സെത്തിയപ്പോള്‍ ശേഷം ചിന്ത്യം എന്ന് പറഞ്ഞ് ജ്യോത്സ്യന്‍ ജാതകം മടക്കി വെച്ചു. അന്ന് ആ പറഞ്ഞതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായില്ല. 50 വയസ്സ് വരെയെ ആയുസ്സുള്ള എന്ന് അറിഞ്ഞാല്‍ തന്നെ 15 വയസ്സായ കുട്ടിക്ക് എന്തു തോന്നാന്‍.

കാലം കുറെ കഴിഞ്ഞു. പ്രവാസിയായി. ഒരു വെള്ളിയാഴ്ച രാവിലെ 3.30 ന് ദുബായില്‍ നിന്നു ജക്കാര്‍ത്തയിലേക്കുള്ള യാത്ര. ജോലി ചെയ്യുന്ന കമ്പനിയുടെ ഒരു പുതിയ ബ്രാഞ്ച് ജക്കാര്‍ത്തയില്‍ തുറന്നിരിക്കുന്നു. അവിടെക്ക് സ്ഥലംമാറ്റം. 11 മണിക്കൂര്‍ നീണ്ട മടുപ്പിക്കുന്ന യാത്ര. വൈകിട്ട് 5:30ന് ജക്കാര്‍ത്തയില്‍. ഹോട്ടലിലെത്തി അല്‍പം കഴിഞ്ഞപ്പോള്‍ തമിഴ് നാട്ടുകാരനായ ഒരു ജോര്‍ജ്ജ് വിളിക്കുന്നു, നാളെ ഓഫീസ് അവധിയാണ്, എങ്കിലും നമുക്ക് ഓഫീസില്‍ പോയി ബോസിനെ പരിചയപ്പെടാം. ബോസിനെ കണ്ടു, ഒരു യൂറോപ്യന്‍, പരിചയപ്പെട്ടു, നാളെ ഞായറാഴ്ച, നമുക്ക് തിങ്കളാഴ്ച മുതല്‍ തുടങ്ങാം.

ദുബായില്‍ വച്ച് പരിചയമുള്ള ഒരാളാണ് ഇവിടെ HR മേനേജര്‍, അയാളെ ഒന്ന് കാണാം. ആറു നിലകളുള്ള വൃത്താകൃതിയിലുള്ള കെട്ടിടത്തിലാണ് ഓഫീസ്. കോണ്‍ക്രീറ്റ് ചുവരുകളില്ല. പകരം കട്ടിയുള്ള ഗ്ലാസുകൊണ്ടുള്ള ചുവര്‍. ഒന്നും രണ്ടും ഫ്‌ലോറുകള്‍ ഞങ്ങളുടെ കമ്പനിയുടെ ഓഫീസുകളാണ്. രണ്ടാമത്തെ നിലയിലാണ് HR. കോണി കയറി HR ബോര്‍ഡ് നോക്കി ഓഫീസിലേക്ക് കയറി. പെട്ടെന്ന് തല വാതിലിലടിച്ചു. ഗ്ലാസുകൊണ്ടുള്ള വാതില്‍. കിഴക്കുനിന്നുള്ള സൂര്യരശ്മി കൂടിയായപ്പോള്‍ വാതില്‍ കണ്ടില്ല. എന്താണ് സംഭവിച്ചത് എന്നറിയാന്‍ കുറച്ചു സമയമെടുത്തു. തലക്കേറ്റ അടിയില്‍ വലിയ വേദന തോന്നിയല്ല. ചുറ്റും നോക്കി, ആരും കണ്ടിട്ടില്ല.

തിരിച്ച് ഹോട്ടലിലേക്ക്. അഞ്ചു മണി വരെ കിടന്നുറങ്ങി. എഴുന്നേറ്റ് നോക്കിയപ്പോള്‍ ഇടതുകണ്ണിനു മുകളില്‍ നീലനിറം, കണ്ണ് അടഞ്ഞിരിക്കുന്നു. കണ്ണ് തുറക്കാന്‍ പറ്റുന്നില്ല. വായ് തുറക്കാം. പക്ഷെ നാവ് ചലിക്കുന്നില്ല. ഒരു കണ്ണും നാവും പൂര്‍ണമായും സ്തംഭിച്ചിരിക്കുന്നു. യാതൊരു പരിചയവുമില്ലാത്ത സ്ഥലം, ആരോടെങ്കിലും വിളിച്ചു പറയാമെന്നാണെങ്കില്‍ നാവ് പണിമുടക്കില്‍. എന്തായാലും നാളെ രാവിലെ വരെ നോക്കാം. ഉറങ്ങിയൊ എന്ന് തോന്നുന്നില്ല. പിറ്റെ ദിവസം എഴുന്നേറ്റ് നോക്കുമ്പോള്‍ കണ്ണ് കുറച്ച് തുറന്നിരിക്കുന്നു. നാവിന് ചെറിയ ചലനം. ഒന്നും ചെയ്തില്ല. ഏതാനും ദിവസങ്ങള്‍ കൊണ്ടു എല്ലാം പഴയപടിയായി.

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടുമൊരു സ്ഥലംമാറ്റം. ഇത്തവണ സിംഗപ്പൂരിലേക്ക്. സിംഗപ്പൂരില്‍ ജോയിന്‍ ചെയ്ത് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗുരുവായൂര്‍കാരനായ ഒരു സുഹൃത്തിനെ കിട്ടി. ഞങ്ങള്‍ ഇടക്ക് ഇന്ത്യന്‍ റസ്റ്റോറന്റില്‍ പോയി ഭക്ഷണം, മുസ്തഫ സ്റ്റോറില്‍ ഷോപ്പിംഗ്. പുള്ളിക്കാരന്‍ ഗുരുവായൂരപ്പന്റെ ഭക്തന്‍. രണ്ടുപേരും ഒരേ തട്ടില്‍. ഇറാക് യുദ്ധത്തിന്നെപ്പറ്റിയൊ ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തെപ്പറ്റിയൊ സംസാരിച്ചു തുടങ്ങിയാലും സംഭാഷണം അവസാനിക്കുന്നത് ഗുരുവായൂരപ്പ നിലായിരിക്കും.

ഒരു ദിവസം യദൃഛയാ ഞാന്‍ ജക്കാര്‍ത്തയിലുണ്ടായ അനുഭവം പറഞ്ഞു. നിന്റെ കണ്ണടഞ്ഞു, നാവ് ചലനമില്ലാതെയായി. അതിന് ഒരര്‍ത്ഥമെ ഉള്ളു. നീ മരിച്ചു. ഞാന്‍ നിന്റെ മുമ്പില്‍. ഇത് നിന്റെ രണ്ടാം ജന്മം. അതെങ്ങിനെ? ഗുരുവായൂരപ്പനറിയാം, ഭഗവാനോട് ചോദിക്ക്. മനസ്സിന്റെ കോണിലെവിടെയൊ കിടന്നിരുന്ന മൂന്നര പതിറ്റാണ്ട് മുമ്പ് ജ്യോത്സ്യന്‍ ജാതകം നോക്കി 50 വയസ്സെന്ന് പ്രവചിച്ചത് ഓര്‍മ്മ വന്നു. കണക്കുകൂട്ടി നോക്കി, ജക്കാര്‍ത്തയിലെത്തിയപ്പോള്‍ 50 കഴിഞ്ഞിരിക്കുന്നു.

ഏതാനും മാസങ്ങള്‍ കഴിഞ്ഞ് നാട്ടില്‍ വന്നപ്പോള്‍ ആദ്യം തോന്നി ഒരു ജ്യോത്സ്യനെ കാണാം. ഗുരുവായൂരപ്പന്‍ കനിഞ്ഞനുഗ്രഹിച്ച് നീട്ടിത്തന്ന ആയുസ്സിന് ജ്യോത്സ്യന്റെ സര്‍ട്ടിഫിക്കറ്റൊ, ആരെ ബോധ്യപ്പെടുത്താന്‍. പക്ഷെ, ഗുരുവായൂരപ്പന് വിറകുകൊണ്ട് തുലാഭാരം.
ഇപ്പോള്‍ ഗുരുവായൂരപ്പനെ കണ്ടും കേട്ടും പറഞ്ഞും വായിച്ചും എഴുതിയും കഴിയുന്നു.

Related Posts