സ്പെഷ്യല്‍
ഇന്ന് രാത്രി 12 മണിക്ക് മഹാദേവന്‍ ശരഭമൂര്‍ത്തിയായി എത്തുമ്പോള്‍

വര്‍ഷത്തിലൊരികല്‍ മാത്രം ദര്‍ശന സായൂജ്യമേകുന്നതുമായ ഒന്നാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഏഴരപൊന്നാന ദര്‍ശനം. ഒരു ഭക്തന്റെ മോക്ഷ പ്രാപ്ത്തിക്കായി മനസ്സ് ശുദ്ധീകരിക്കാനുള്ള അവസരം കൂടിയാണിത്. സര്‍വ്വൈശ്വര്യങ്ങള്‍ നല്‍കുന്നതുകൂടിയാണ് എഴരപൊന്നാന ദര്‍ശനം.

എട്ടാം ഉത്സവദിനമായ ഇന്ന്‌ രാത്രി 12 മണിക്ക് ഏറ്റുമാനൂര്‍ ക്ഷേത്ര ഐതിഹ്യമനുസരിച്ച് ശൈവ വൈഷ്ണവ ശക്തികളുടെ സംഗമസ്ഥാനമായ, ആസ്ഥാന മണ്ഡപത്തില്‍ എഴുന്നള്ളിപ്പ്  സമയം ഭഗവാന്റെ മുന്നില്‍ കുറ്റമൊക്കെ ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം കിട്ടുമെന്ന വിശ്വാസം ഇന്നും നിലനില്‍ക്കുന്നു. ഈ ആസ്ഥാന മണ്ഡപത്തില്‍ ഏഴരപൊന്നാന പുറത്തെഴുന്നള്ളി നില്‍ക്കുന്ന ഏറ്റുമാനൂരപ്പന്റെ മുന്നിലുള്ള സ്വര്‍ണ്ണക്കുടത്തില്‍ കാണിക്കയര്‍പ്പിക്കുക എന്ന ചടങ്ങ് ഇവിടെ വളരെ പ്രധാനമാണ്.

മനസ്സിനെ ശുദ്ധിയാക്കി മോക്ഷപ്രാപ്തിയിലേക്ക് എത്തിക്കുവാന്‍ കഴിവുള്ള ഒന്നാണ് ഈ ചടങ്ങ്. അവിടെ സ്വര്‍ണ്ണക്കുടത്തില്‍ കാണിയ്ക്ക സമര്‍പ്പിക്കുന്ന ചടങ്ങിലെ സ്വര്‍ണ്ണക്കുടത്തെ മനസ്സായി കാണുകയാണെകില്‍, അതില്‍ സമര്‍പ്പിക്കുന്ന ഓരോ നാണയവും മനസ്സിലെ പാപങ്ങള്‍ നശിക്കാനുള്ള പ്രതിജ്ഞയാണ്.

ചരിത്ര പ്രസിദ്ധമായ ഏഴരപൊന്നാന ദര്‍ശന സമയത്ത് അര്‍ദ്ധരാത്രിയില്‍ ഭഗവാന്‍ ശരഭമൂര്‍ത്തിയായി എത്തി ഇന്ദ്രന്റെ ബ്രഹ്മഹത്യ പാപം തീര്‍ത്തുവെന്നാണ് വിശ്വാസം. അഷ്ടദിക് ഗജങ്ങളെയാണ് ഏഴരപൊന്നാനകള്‍ പ്രതിനിധീകരിക്കുന്നത്.  രണ്ടടി പൊക്കമുള്ള ഏഴ് ആനകളും ഒരടി പൊക്കമുള്ള ഒരു കുട്ടിയാനയുമാണ് ഏഴരപൊന്നാനകള്‍. വരിക്കപ്ലാവിന്റെ തടിയില്‍ നിര്‍മിച്ച ഈ ആനകളെ പൊതിയാന്‍ 7143 കഴഞ്ചു സ്വര്‍ണമാണ് ഉപയോഗിച്ചത്.

ഏഴര പൊന്നാനകളുടെ ഉത്ഭവം സംബന്ധിച്ച് രണ്ടു കഥകളാണ് ഐതിഹ്യതത്തിലുള്ളത്. തിരുവിതാംകൂറിലെ രാജാവായിരുന്ന കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മ ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്തിന് വഴിപാടായി 7143 കഴഞ്ചു സ്വര്‍ണം കൊണ്ട് ഏഴര ആനകളെ  നിര്‍മ്മിച്ചു നടയ്ക്കു വെച്ചുവെന്നാണ് ഒരു ഐതിഹ്യം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ വടക്കുംകൂര്‍ ആക്രമിച്ചപ്പോള്‍  ഏറ്റുമാനൂര്‍ ക്ഷേത്രം വക മാധവപ്പള്ളി ദേശത്തിനും കൊട്ടാരത്തിനു നാശനഷ്ടം സംഭവിച്ചതിനെ തുടര്‍ന്നുണ്ടായ അനിഷ്ടങ്ങള്‍ക്ക് പരിഹാരമായി ഏഴര പൊന്നാനകളെയും സ്വര്‍ണത്തില്‍ തീര്‍ത്ത പഴുക്കാകുലയും നടക്കു വെച്ചു എന്നതാണ് മറ്റൊരു ഐതിഹ്യം.

ഏഴരപൊന്നാനയെ പോലെ ക്ഷേത്രത്തിലെ പ്രത്യേക അറയില്‍ സൂക്ഷിച്ചിട്ടുള്ള പൊന്നിന്‍ കുടയും ഉത്സവത്തിന് മാത്രമാണ് പുറത്തെടുക്കുക.ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തിലെ പൊന്നാന ദര്‍ശനം വിശ്വാസത്തിന്റേയും പ്രാര്‍ത്ഥനയുടെയും ഇന്നും നിലനില്‍ക്കുന്ന പ്രതീകങ്ങളാണ്.

Related Posts