സ്പെഷ്യല്‍
ഏകാദശിക്കാഴ്ച; ഗുരുവായൂര്‍ മേല്‍ശാന്തിയുടെ അമ്മ ശാരദ ആനന്ദന്‍ എഴുതുന്നു

ഗുരുവായൂര്‍ മേല്‍ശാന്തി കക്കാട് കിരണ്‍ ആനന്ദ് നമ്പൂതിരിയുടെ അമ്മയും കവിയത്രിയുമായ ശാരദ ആനന്ദന്‍, താന്‍ കണ്ട ഏകാദശിയെക്കുറിച്ച് എഴുതിയ കവിത:

ഏകാദശിക്കാഴ്ച

ശ്രീഗുരുവായൂരിലേകാദശി
എൻകണ്ണനുണ്ണിതന്നേകാദശി
എത്തി ഞാനമ്പലക്കെട്ടിലിന്ന്
എന്നുണ്ണിക്കെന്തു ഞാൻ നൽകിടേണ്ടൂ?

പീലിയും,പട്ടുമാപൂമാലയും
കദളിയും,വെണ്ണയും,പായസവും
മോഹമാണേറെയെന്നാകിലയ്യോ….
ദ്രവ്യംതികയില്ലയെന്തു കഷ്ടം…..

കുന്നിമണിതന്നുരുളിതന്നിൽ
വാരിയിടാനുളള തുട്ടുമാത്രം
ചുറ്റമ്പലത്തിലെ തൂണുചാരി
ഒട്ടുചിന്തിച്ചേറെ നാമമോതി

മാനസമൊട്ടുപിടഞ്ഞനേരം
മാധവൻ മാനസം തന്നിലെത്തീ….
“കൈകുമ്പിൾ ശൂന്യമാണെങ്കിലെന്താ…
ഭക്തിതന്നാനന്ദവർഷമില്ലേ.

എൻമുഖമോർത്തങ്ങിരുന്നിടുമ്പോൾ
എന്തേ? കടക്കണ്ണിലശ്രു വന്നൂ?
ആളുകാണാ”നാന” നൽകിയാലും
സർവ്വതും “കുന്നോ”ളമേകിയാലും

ഹൃത്തിലായാനന്ദഭക്തിയില്ലേല-
ച്യുതനെങ്ങനെ വന്നിരിക്കും?….
കുഞ്ഞനല്ലേ കുഞ്ഞിക്കുട്ടനല്ലേ
“കുന്നിമണി”യെനിക്കിഷ്ടവസ്തു.

ഉണ്ണിക്കു മഞ്ചാടികുന്നി വാരാൻ
തുട്ടു നൽകീടുവാനെന്തമാന്തം?….
കൂപ്പുകയ്യോടെ കരഞ്ഞുപോയീ…
കുഞ്ഞിക്കൈനീട്ടിയെന്നുണ്ണിനിൽക്കെ

നീർമിഴിച്ചാർത്തിൽ തെളിഞ്ഞിടുന്നൂ….
തുട്ടുമായ് വേണുഗോപാലരൂപം!
തുള്ളിത്തുളുമ്പുന്ന ഹർഷബാഷ്പം
കണ്ടെന്റെ കണ്ണൻ മറഞ്ഞുപോയി.

Related Posts