നക്ഷത്രവിചാരം
നവംബര്‍ 20നു വ്യാഴത്തിന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക

വ്യാഴം 20-11-2020 (1196 വൃശ്ചികം 05)ല്‍ രാശിമാറുന്നു: നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനിയായ വ്യാഴഗ്രഹത്തിന്റെ രാശിമാറ്റം 27 നക്ഷത്രക്കാരെയും ബാധിക്കുന്നതാണ്. ചില നക്ഷത്രങ്ങള്‍ക്ക് മഹാഭാഗ്യവും മറ്റ് ചിലര്‍ക്ക് നിര്‍ഭാഗ്യതയും വേറെ ചിലര്‍ക്ക് ഗുണദോഷ സമ്മിശ്രവുമായത് വ്യാഴമാറ്റത്തില്‍ സംഭവിക്കുകതന്നെ ചെയ്യും.
ഈ വ്യാഴമാറ്റം അതിന്റെ സ്വക്ഷേത്രത്തില്‍ നിന്നും വ്യാഴത്തിന്റെ നീചക്ഷേത്രമായ മകരത്തിലേക്കാണ് 20-11-2020 ഉച്ചയ്ക്ക് 1.23.31 സെക്കന്റിന് മാറുന്നത്. അവിടെ നിന്നും വേഗം കൂടി ‘അതിചാരം’ സംഭവിച്ച് 06-04-2021, അതിപുലര്‍ച്ചെ 12.24.36 ന് കുംഭം രാശിയിലേക്ക് നീങ്ങും. 14-09-2021 ഉച്ചയ്ക്ക് 2.19.59 വരെ വ്യാഴം കുംഭത്തില്‍ ആയിരിക്കും. തുടര്‍ന്ന് 14-9-2021, ഉച്ചയ്ക്ക് 12.20 മുതല്‍ 20-11-2021, രാത്രി 11.31.19 വരെ മകരത്തില്‍ വീണ്ടും ഉണ്ടായിരിക്കും. തുടര്‍ന്ന് കുംഭത്തിലേക്ക് ഔപചാരികമായ രാശിമാറ്റം.
സന്താനം, ധനം, സ്വര്‍ണ്ണം, കീര്‍ത്തി, ബന്ധുക്കള്‍, ബുദ്ധിവൈഭവം, ചൈതന്യം, സുഖം, ഈശ്വരഭക്തി, ദയ, ഭാര്യാ-ഭര്‍തൃസുഖം, സത്ഗതി, സാത്വികകര്‍മ്മം, ശുഭപ്രവൃത്തി, വടക്കുകിഴക്ക് ദിക്ക് എന്നിവയുടെ കാരകനായ ഗ്രഹമാണ് വ്യാഴം. വ്യാഴം അനുകൂലമായാല്‍ ഇവയില്‍ നിന്നൊക്കെ സദ്ഫലവും പ്രതികൂലമായാല്‍ ദുഷ്ഫലവും അനുഭവിക്കേണ്ടി വരികയും ചെയ്യും.

വ്യാഴത്തിന്റെ അടുത്ത ഒരുവര്‍ഷത്തെ രാശിപ്പകര്‍ച്ചകള്‍:

മകരത്തില്‍: 20-11-2020 ഉച്ചയ്ക്ക് 1.23.31 മുതല്‍ 06-04-2021, അതിപുലര്‍ച്ചെ 12.24.35 വരെ.
കുംഭത്തില്‍: 06-04-2021, അതിപുലര്‍ച്ചെ 12.24.36 മുതല്‍ 14-09-2021 ഉച്ചയ്ക്ക് 2.19.59 വരെ (അതിചാരത്തില്‍)
വീണ്ടും മകരത്തില്‍: 14-9-2021, ഉച്ചയ്ക്ക് 2.20 മുതല്‍ 20-11-2021, രാത്രി 11.31.19 വരെ.

നീചമോ ഉച്ചമോ സ്വക്ഷേത്രമോ എന്ന യാതൊരു പരിഗണയുമില്ലാതെ ഏതൊരു ഗ്രഹവും ചാരവശാലുള്ള എന്ത് ഫലദോഷങ്ങളാണോ പറഞ്ഞിരിക്കുന്നത്, അത് നല്‍കുകതന്നെ ചെയ്യുന്നതായിരിക്കും.

ഒരു രാശി നോക്കുമ്പോള്‍ ധനുരാശിയില്‍ നില്‍ക്കുന്ന വ്യാഴം അഷ്ടമത്തില്‍ ആയി വന്നാല്‍ വ്യാഴം മറഞ്ഞുവെന്നോ ഈശ്വരാധീനം മറഞ്ഞെന്നോ പറഞ്ഞുകൊണ്ട് ഫലദോഷങ്ങള്‍ എപ്രകാരം പറയുന്നുവോ അതുപോലെതന്നെയാണ് അത് നീചരാശിയില്‍ നിന്നാലും പറഞ്ഞുപോകുന്നത്. നീചരാശിയില്‍ ആയതിനാല്‍ ദോഷകാഠിന്യം കൂടും എന്നൊന്നും ആരും ധരിക്കേണ്ടതില്ലെന്ന് സാരം.

ഉത്തമ ജ്യോതിഷ ഗുരുനാഥനെ ലഭിക്കാത്തതുകൊണ്ടോ കൃത്യമായ ജ്യോതിഷ പരിജ്ഞാനം ലഭിക്കാത്തതുകൊണ്ടോ ചില അല്പന്മാര്‍ പറയുന്നതുപോലെ ‘അഞ്ചില്‍ വ്യാഴം നിന്നാല്‍ നാലിലെ ഫലവും, ഒമ്പതില്‍ വ്യാഴം നിന്നാല്‍ എട്ടിലെ ഫലവുമാണ് ലഭിക്കുന്നത്…’ എന്നൊക്കെയുള്ള തെറ്റായ ഫലദോഷ പ്രവചനങ്ങളും ജ്യോതിഷത്തില്‍ ഇല്ലെന്ന് അറിഞ്ഞിരിക്കണം.

അങ്ങനെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ രാശി നോക്കുമ്പോള്‍ വ്യാഴം ഒമ്പതില്‍ വന്നാല്‍ അത് അഷ്ടമത്തില്‍ നില്‍ക്കുന്ന ഫലവും, വ്യാഴം ആറില്‍ വന്നാല്‍ അഞ്ചിന്റെ ഫലവുമായിരിക്കുമോ പറയുന്നത്? ജ്യോതിഷം കൃത്യമായി പറഞ്ഞുതരാന്‍ ഉത്തമ ഗുരുനാഥനെ ലഭിക്കാത്തതുകൊണ്ട് സംഭവിക്കുന്ന പിഴവുകളാണ് അവരില്‍നിന്നൊക്കെ പുറത്തുവരുന്നത്. അതൊന്നും ശ്രദ്ധിക്കാതെ, എത്രാമത്തെ രാശിയിലാണോ വ്യാഴം നില്‍ക്കുന്നത്, അതിന്റെ ഫലദോഷങ്ങള്‍ ചിന്തിക്കുന്നതാണ് കൃത്യമായ ജ്യോതിഷചിന്ത.

വ്യാഴഗ്രഹം: ചില പ്രത്യേക അറിവുകള്‍:

വ്യാഴം ഒരുപ്രാവശ്യം സൂര്യനെ പ്രദക്ഷിണം വെക്കാന്‍ 11 വര്‍ഷവും 10 മാസവും 12 ദിവസവും എടുക്കും. അതിനെയാണ് നമ്മള്‍ പൊതുവെ 12 വര്‍ഷമെന്നും ‘ഒരു വ്യാഴവട്ടം’ എന്നുമൊക്കെ പറയുന്നത്. അപ്പോള്‍ വ്യാഴം ഒരു രാശി കടക്കാന്‍ 361 ദിവസമെടുക്കും. ഇതിനിടയില്‍ ചിലപ്പോള്‍ വേഗം കൂടി ഈ പറയുന്ന കാലത്തിനുമുമ്പേ രാശി മാറിയാല്‍ അതിനെ ‘അതിചാരം’ എന്നും വേഗം കുറഞ്ഞ് പിന്നിലേക്ക് സഞ്ചരിക്കുന്നത് ‘വക്രം’ എന്നും അറിയപ്പെടുന്നു.

വ്യാഴം കഴിഞ്ഞ കുറെ കാലങ്ങളായി അതിചാരത്തിലും വക്രത്തിലും ഒക്കെയായി സഞ്ചരിക്കുന്നുണ്ട്. വ്യാഴഗ്രഹത്തിന് അതിചാരം വരുന്നത് പൊതുവെ നല്ലതല്ലെന്നും എന്നാല്‍ വ്യാഴത്തിന് വക്രഗതി വരുന്നത് ഉത്തമം ആണെന്നുമുള്ള വിലയിരുത്തലാണ് മറ്റ് പല ജ്യോതിഷ പണ്ഡിതരെപ്പോലെ ഞങ്ങള്‍, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിനുമുള്ളത്. അതിചാരത്തില്‍ സഞ്ചരിച്ച കാലങ്ങളിലൊക്കെയും ലോകത്തിന് ദുരിതവും മഹാമാരിയും നല്‍കിയ ചരിത്രം മാത്രമേ സംഭവിച്ചിട്ടുമുള്ളൂ.

വ്യാഴം സ്വയം കറങ്ങുന്നതിന് 9 മണിക്കൂറും 50 മിനിറ്റും എടുക്കുന്നുണ്ട്. അതായത് ഏകദേശം 5 മണിക്കൂര്‍ പകലും അതുപോലെ രാത്രിയും. വ്യാഴത്തിന്റെ സഞ്ചാരവേഗം ഒരു മിനിറ്റില്‍ ശരാശരി 777 കിലോമീറ്ററാണ്.

ശനിഗ്രഹത്തിന്റെ പന്ത്രണ്ടാം ഭാവത്തിലായി വ്യാഴം അതിന്റെ ശത്രുനക്ഷത്രത്തില്‍ നിന്നാലോ അല്ലെങ്കില്‍ വ്യാഴം ശനിയുടെ പന്ത്രണ്ടില്‍ ആ രാശിയുടെ അന്ത്യദ്രേക്കാണത്തില്‍ നിന്നാലോ അതുമല്ലെങ്കില്‍ വ്യാഴം അതിന്റെ ശത്രുനക്ഷത്രത്തില്‍ നില്‍ക്കുകയും ശനിയുമായി യോഗം വരികയും ചെയ്തിട്ടുള്ള കാലങ്ങളില്‍ ലോകത്ത് മഹാമാരി പൊട്ടിപ്പുറപ്പെടുകയും കൃത്യമായ ചികിത്സ നല്‍കാന്‍ പോലും മാനവരാശിയ്ക്ക് സാധിക്കാത്ത നിസ്സഹായാവസ്ഥയും ഓരോ 19 വര്‍ഷത്തില്‍ ചെറുതും പിന്നെ ഓരോ 99 വര്‍ഷത്തില്‍ ഭീകരവുമായ രോഗാവസ്ഥയില്‍ ഇത് സംഭവിച്ചുകൊണ്ടേയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഇന്ന് ജ്യോതിഷ വിശ്വാസികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

കഴിഞ്ഞ 1550 മുതലുള്ള ജ്യോതിഷ-ഗ്രഹചിന്ത നടത്തി ലഭിച്ച ജ്യോതിഷ വിവരങ്ങള്‍ ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പബ്ലിഷ് ചെയ്തിട്ടുണ്ട്. അത് അതിശയിപ്പിക്കുന്ന ഒരു സത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നതുമാണ്.

സാധാരണ ജ്യോതിഷചിന്ത നടത്തുന്നവരില്‍ നിന്നും വ്യത്യസ്ഥമായി, ‘രാഷ്ട്രജാതകം’ ഗണിക്കുന്ന ജ്യോതിഷ പണ്ഡിതരാണ് ഇപ്രകാരം രാജ്യങ്ങള്‍ക്ക് സംഭവിക്കാവുന്ന ഗുണദോഷങ്ങള്‍ വിശകലനം ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രജാതകം അഥവാ Mundane Astrology കൈകാര്യം ചെയ്യുന്നവരുടെ കുറവ് ഈ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇപ്രകാരമുള്ള ജ്യോതിഷവിവരങ്ങള്‍ ലോകത്തിനുമുന്നിലെത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയും വന്നിരിക്കുന്നു.

വ്യാഴം ധനുവില്‍ നിന്ന് മകരത്തിലേക്ക് രാശിമാറുന്ന സമയത്ത് ഭൂമിയില്‍ നിന്നും 83,79,49,261 Km (83 കോടി 79 ലക്ഷത്തി 49 ആയിരത്തി 261 Km) കിലോമീറ്റര്‍ ദൂരെയായിരിക്കും വ്യാഴഗ്രഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയുമായി വ്യാഴം നീങ്ങി മാറുന്ന വേഗം മണിക്കൂറില്‍ 79,170.77 കിലോമീറ്ററും ആയിരിക്കും.

എന്നാല്‍ വ്യാഴം അതിചാരവും വക്രവുമൊക്കെ കഴിഞ്ഞ് മകരം രാശിയില്‍ നിന്നും കുംഭത്തിലേക്ക് മാറുന്ന 20-11-2021 ന് ഇപ്പോഴുള്ളതിനേക്കാള്‍ വീണ്ടും 9,28,00,128 Km (9 കോടി 28 ലക്ഷത്തി 128km) കിലോമീറ്ററിന്റെ കുറവുണ്ടായി 74,51,49,133 Km (74 കോടി 51 ലക്ഷത്തി 49 ആയിരത്തി 133 ഗാ) ആയിരിക്കും. വ്യാഴം അത്രയും കുറവ് ദൂരം ഭൂമിയുമായി അടുത്തുവരുന്നതാണ് കാരണം.

നവഗ്രഹങ്ങളില്‍ അതീവപ്രാധാന്യമുള്ള ഗ്രഹമാണ് ദേവഗുരുവായ വ്യാഴം അഥവാ ബൃഹസ്പതി. വ്യാഴത്തിന്റെ രാശിമാറ്റം അതിപ്രധാനമാകുന്നു. ഏതൊരാള്‍ക്കും സൂര്യനും വ്യാഴവും ശനിയും ചാരവശാല്‍ മോശമാകുകയും അതോടൊപ്പം അവരുടെ ദശാപഹാരകാലവും മോശമായി വന്നാല്‍ അത് അതീവദോഷപ്രദം തന്നെയായിരിക്കും.

എത്ര ദോഷപ്രദമായി നിന്നാലും വ്യാഴത്തിന്റെ ദൃഷ്ടി ‘ലക്ഷം ദോഷങ്ങളെ ഹനിക്കും’ എന്നാണ് പ്രമാണം. ഇപ്പോഴുള്ള വ്യാഴമാറ്റത്തില്‍ ഈ ‘വ്യാഴദൃഷ്ടി’യാല്‍ കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുന്നത് ഇടവക്കൂര്‍, കര്‍ക്കിടകക്കൂര്‍, കന്നിക്കൂര്‍ എന്നിവര്‍ക്കായിരിക്കും.
പൊതുവെ ഗുണപ്രദം ആര്‍ക്കൊക്കെ?

താഴെപ്പറയുന്ന കൂറുകാര്‍ക്ക് ഈ വ്യാഴമാറ്റം അത്യുത്തമം ആയിരിക്കും.

അതില്‍ ഇടവക്കൂറ്, കര്‍ക്കിടകക്കൂറ്, കന്നിക്കൂറ് എന്നിവര്‍ക്ക് വ്യാഴദൃഷ്ടികൂടി ഉള്ളതിനാല്‍ ഏറ്റവും ശുഭപ്രദവുമായിരിക്കും.

1) ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന് പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം) – ഒമ്പതില്‍ വ്യാഴം വരുന്നു.
2) കര്‍ക്കിടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം) – ഏഴില്‍ വ്യാഴം വരുന്നു.
3) കന്നിക്കൂറ് (ഉത്രം-അവസാന മൂന്ന് പാദം, അത്തം, ചിത്തിര-ആദ്യ രണ്ട് പാദം) – അഞ്ചില്‍ വ്യാഴം വരുന്നു.
4) ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം-ആദ്യപാദം) – രണ്ടില്‍ വ്യാഴം വരുന്നു.
5) മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി) – പതിനൊന്നില്‍ വ്യാഴം വരുന്നു.
ദശാപഹാരകാലവും അനുകൂലമായി ഭവിച്ചാല്‍ ഇവര്‍ക്ക് മഹാഭാഗ്യങ്ങള്‍ അനുഭവത്തില്‍ വരികതന്നെ ചെയ്യും.

വ്യാഴമാറ്റം ആര്‍ക്കൊക്കെ വളരെ ദോഷപ്രദം?

1) മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം)
2) തുലാക്കൂറ് (ചിത്തിര-അവസാന രണ്ടു പാദം, ചോതി, വിശാഖം-ആദ്യ മൂന്ന് പാദം)
3) മകരക്കൂറ് (ഉത്രാടം-അവസാന മൂന്ന് പാദം, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം)

വ്യാഴമാറ്റം ആര്‍ക്കൊക്കെ ഗുണദോഷസമ്മിശ്രം?

1) മിഥുനക്കൂര്‍ (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന് പാദം)
2) ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം-ആദ്യ പാദം)
3) വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, കേട്ട)
4) കുംഭക്കൂര്‍ (അവിട്ടം-അവസാന രണ്ട് പാദം, ചതയം, പൂരുരുട്ടാതി ആദ്യ മൂന്ന് പാദം)

വ്യാഴ മൗഢ്യം:

വ്യാഴം മൗഢ്യത്തിലാകുന്നത് 15-01-2021 (1196 മകരം 02), പുലര്‍ച്ചെ 04.58.24 സെക്കന്റ് മുതല്‍ 12-02-2021 (1196 മകരം 30) പകല്‍ 11.00.57 സെക്കന്റ് വരെയാകുന്നു. ഈ സമയങ്ങളില്‍ വിവാഹം മുതലായ ശുഭകര്‍മ്മങ്ങള്‍ക്ക് മുഹൂര്‍ത്തമില്ല.

‘….നക്ഷത്രം ഭവനം ച കര്‍ത്തുരശുഭം
വൈനാശികൈകാര്‍ഗ്ഗളൌ
ശൂന്ന്യാനി ഗ്രഹമുക്തഗമൃഗതഭം
ജ്വാലാദിയോഗംശ്ച ഷള്‍
മാസാബ്ദാവാസിതീരനോജദിവസാന്‍
ശുക്രാര്യയോര്‍മ്മൂഢതാം
സന്ദൃഷ്ടിം ച സവേധശൂലമധികാന്‍ മാസാംശ്ച കേതുദയം….’ എന്ന പ്രമാണപ്രകാരം ഉത്തമനായ ജ്യോതിഷി, ഇതില്‍ പറഞ്ഞിരിക്കുന്ന മറ്റ് ദോഷകാലമെന്നപോലെ വ്യാഴമൗഢ്യത്തിലെ വിവാഹമുഹൂര്‍ത്തവും നല്‍കുകയില്ല.

വ്യാഴം വക്രത്തില്‍:

20-06-2021 (1196 മിഥുനം 06) രാത്രി 8.36.38 സെക്കന്റ് മുതല്‍ അതിചാരത്താല്‍ കുംഭം രാശിയിലെത്തിയ വ്യാഴം വക്രഗതി ആരംഭിച്ച് 18-10-2021 (1196 തുലാം 02) രാവിലെ 10.43.53 സെക്കന്റിന് മകരം രാശിയില്‍ത്തന്നെ മടങ്ങിയെത്തി ആ വക്രഗതി അവസാനിക്കും. ഒരു മലയാളവര്‍ഷം ഈ വ്യാഴം രണ്ടുരാശികളില്‍ മാത്രം സഞ്ചരിക്കുന്നതിനാല്‍ കഴിഞ്ഞ വ്യാഴമാറ്റത്തില്‍ ഒരുവര്‍ഷത്തില്‍ മൂന്ന് രാശികളില്‍ സഞ്ചരിച്ചതിലുള്ള ദോഷങ്ങളൊന്നുംതന്നെ ഈ രാശിമാറ്റത്തില്‍ സംഭവിക്കുകയില്ല.
യഥാര്‍ത്ഥത്തില്‍ ഗ്രഹങ്ങള്‍ പിന്നിലേക്ക് സഞ്ചരിക്കുകയില്ല. ഇത് ജ്യോതിഷത്തിലെ ഒരു കണക്ക് മാത്രമാണ്. നമ്മള്‍ നോക്കിയാല്‍ അങ്ങനെയൊരു തോന്നല്‍ നമ്മുടെ കണ്ണുകള്‍ക്ക് സംഭവിക്കാവുന്ന ചിന്ത മാത്രമാണിത്. എന്നാല്‍ വക്രത്തില്‍ (പിന്നിലേക്ക്) സഞ്ചരിക്കുന്ന വ്യാഴത്തിന് ഇരട്ടിബലമുണ്ടായിരിക്കും. എന്നാല്‍ വക്രശ്ശനി ദോഷപ്രദവുമാണ്.

ഒരു ഗ്രഹത്തിന് വക്രമോ അതിചാരമോ ഭവിച്ചാല്‍ ഏത് രാശിയുടെ ഫലം പറയണം?

‘അതിചാരേതു വക്രേതു പൂര്‍വ്വരാശിഗതം ഫലം’ എന്ന പ്രമാണം അനുസരിച്ച് വേഗത കൂടിയ കാരണത്താലോ (അതിചാരം), വേഗത കുറഞ്ഞ കാരണത്താലോ (വക്രം) ഗ്രഹം രാശി മാറിയാല്‍, ആദ്യം നിന്ന രാശിയുടെ ഫലമാണ് പറയേണ്ടത് എന്ന് സാരം. വേഗത കൂടിയ കാരണത്താല്‍ രാശി മാറിയാല്‍ അത് ‘അതിചാരം’. വേഗതകുറഞ്ഞ് പിന്നിലേക്ക് സഞ്ചരിക്കുന്നത് ‘വക്രം’.

അതായത്, വ്യാഴം ‘അതിചാരത്താല്‍’ കുംഭത്തിലേക്ക് മാറിയാലും ഫലം പറയേണ്ടത് മകരം രാശിയുടേത് തന്നെയെന്ന് സാരം. എന്നാല്‍ ‘അതിചാരത്തെ’ക്കുറിച്ച് ഗ്രാഹിയില്ലെങ്കില്‍ അവര്‍ കുംഭം രാശിയില്‍ വ്യാഴം നില്‍ക്കുന്ന ഫലം പറഞ്ഞേക്കാം. എന്നാല്‍ അത് ജ്യോതിഷപരമായി തെറ്റാകുന്നു. എന്നാല്‍ ഈ കാലയളവില്‍ ജനിക്കുന്നവരുടെ ജാതകത്തില്‍ അപ്പോള്‍ വ്യാഴം നില്‍ക്കുന്ന രാശിയായിരിക്കും എഴുതേണ്ടിവരികയെന്ന ന്യൂനതയും ഈയവസരത്തില്‍ പറയാതെവയ്യ.

വ്യാഴത്തിന്റെ വക്രഗതിക്കാലം പൊതുവെ ശുഭപ്രദമായിരിക്കും. വ്യാഴഗ്രഹം 12 രാശികളും പൂര്‍ത്തിയാക്കാന്‍ ഏകദേശം 11 വര്‍ഷവും 10 മാസവും 12 ദിവസവുമെടുക്കുന്നു. സാമാന്യമായി പറഞ്ഞാല്‍ 12 വര്‍ഷം അഥവാ ഒരു ‘വ്യാഴവട്ടം’. അപ്പോള്‍ ഒരു രാശിയില്‍ വ്യാഴം സ്ഥിതിചെയ്യുന്നത് ഏകദേശം ഒരുവര്‍ഷക്കാലമായിരിക്കുമല്ലോ..? ആ ഒരുവര്‍ഷക്കാലം പൂര്‍ത്തിയാകുന്നതിനുമുമ്പ് വ്യാഴം (അല്ലെങ്കില്‍ ഏതൊരു ഗ്രഹവും അതിന് പറഞ്ഞിട്ടുള്ള കാലത്തിനുമുമ്പ്) പിന്നെയുള്ള രാശിയിലേക്ക് മാറുന്നതിനെയാണ് ‘അതിചാരം’ എന്ന് പറയുന്നത്. ഇപ്രാവശ്യവും വ്യാഴത്തിന് ‘അതിചാരം’ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ രാശിമാറ്റസമയത്തും വ്യാഴത്തിന് അതിചാരം സംഭവിച്ചിട്ടുണ്ടായിരുന്നു.
ലളിതമായി പറഞ്ഞാല്‍ വ്യാഴം 20-11-2020 മുതല്‍ 20-11-2021 വരെ മകരം രാശിയില്‍, ആ ഭാവത്തില്‍ നിന്നാലുള്ള ഫലം തന്നെയാണ് പറയേണ്ടതെന്ന് സാരം. എന്നാല്‍ ജ്യോതിഷപണ്ഡിതര്‍ക്ക് ഇതില്‍ ഭിന്നാഭിപ്രായമുള്ളതായി കണ്ടുവരുന്നു. വ്യാഴം അപ്പോള്‍ നില്‍ക്കുന്ന രാശിയുടെ ഫലംതന്നെ പറയുന്ന ജ്യോതിഷപണ്ഡിതരും നിരവധിയാണ്.

അനില്‍ വെളിച്ചപ്പാടന്‍
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
കരുനാഗപ്പള്ളി.

Mob: 9497 134 134
Tel: 0476-296 6666.

Related Posts