സ്പെഷ്യല്‍
ഇടവെട്ടി ഔഷധ സേവ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഇടവെട്ടി ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഔഷധസേവയുടെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി നായര്‍ നിര്‍വ്വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ഹരിനാരായണന്‍ നമ്പൂതിരി ,ക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ ചടങ്കില്‍ പങ്കാളികളായി.

ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് വി ബി ജയന്‍, സെക്രട്ടറി സിജു ബി പിള്ള, സഹ രക്ഷാധികാരി എം ആര്‍ ജയകുമാര്‍, ഖജാന്‍ജി രവീന്ദ്രന്‍ മൂത്തേടത്ത്, മാനേജര്‍ സതീഷ് കെ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇത്തവണത്തെ ഔഷധസേവ ഓഗസ്റ്റ് ഒന്ന് തിങ്കളാഴ്ചയാണ്.

തൃശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ വേദപണ്ഡിതന്മാര്‍ ഔഷധസൂക്തം ജപിച്ച് ചൈതന്യവത്താക്കിയ ഔഷധം വെണ്ണയില്‍ ചാലിച്ച് അരയാലിലയിലാണ് ഭക്തജനങ്ങള്‍ക്ക് നല്‍കുന്നത്. രോഗങ്ങള്‍ വരാതെ കാത്തുരക്ഷിക്കണേ എന്ന പ്രാര്‍ത്ഥനയോടെ, ആചാര്യന്മാര്‍ ചൊല്ലിത്തരുന്ന മന്ത്രം ജപിച്ചാണ് ഔഷധം സേവിക്കേണ്ടത്. നാലമ്പലത്തില്‍ വടക്കുഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നാണ് ഔഷധം സേവിക്കുക. ഔഷധം സേവിച്ച് പുറത്തുവ്, ഔഷധക്കഞ്ഞി കൂടി കഴിച്ചാണ് ഈ ചടങ്ങ് പൂര്‍ത്തീകരിക്കുന്നത്. ഔഷധം വെറും വയറ്റിലാണ് സേവിക്കേണ്ടത്.

ഭഗവാന് അഭിഷേകം ചെയ്ത എണ്ണ ത്വക് രോഗങ്ങള്‍, ഉദരരോഗങ്ങള്‍ എന്നിവ നിശ്ശേഷം മാറ്റുതാണ്. കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഈ എണ്ണയ്ക്ക് അത്ഭുതകരമായ ഫലസിദ്ധിയുള്ളതായി അനുഭവസ്ഥര്‍ പറയുന്നു.

ക്ഷേത്രത്തിലേയ്ക്ക് എത്തിച്ചേരാനുള്ള വഴി

ഔഷധസേവാദിനത്തില്‍ രാവിലെ മുതല്‍ തൊടുപുഴ പ്രൈവറ്റ് സ്റ്റാന്റില്‍ നിന്നും കെ.എസ്.ആര്‍.റ്റി.സി. പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
ഇടുക്കി ജില്ലയില്‍ തൊടുപുഴ നിന്നും വെള്ളിയാമറ്റം, വെട്ടിമറ്റം, പൂമാല റൂട്ടില്‍ 5 കി.മീ. സഞ്ചരിച്ചാല്‍ ഇടവെട്ടി ചിറ ജംഗ്ഷനിലുള്ള ക്ഷേത്രത്തിലെത്താം.

ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഫോണ്‍: 9495960102 , 8075058971.

Related Posts