സ്പെഷ്യല്‍
ഓഗസ്റ്റ് 1 ന് ഇടവെട്ടി ഔഷധസേവ, ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തൊടുപുഴ : ഓഗസ്റ്റ് 1 നു നടക്കുന്ന ഇടവെട്ടി ഔഷധസേവയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഔഷധ സേവയുടെ വിപുലമായ ക്രമീകരണങ്ങൾക്കായി 251 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പബ്ലിസിറ്റി, വഴിപാട് കൗണ്ടർ, ഔഷധ വിതരണം, ഔഷധ കഞ്ഞി, പ്രസാദ നിർമാണം, ഗതാഗതം തുടങ്ങി വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളും നടന്നു വരികയാണ്.

ഭഗവാനു നിവേദിച്ച് ഔഷധത്തിൽ ചേർക്കാനുള്ള വെണ്ണ വാഴൂർ ശ്രീ തീർഥ പാദാശ്രമത്തിൽ നിന്നു ജൂലൈ 31 ന് ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിക്കും. ഔഷധ സേവയ്ക്കു എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് സുഗമമായി ഔഷധം സേവിച്ചു മടങ്ങാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്നു ക്ഷേത്രം പ്രസിഡന്റ് വി.ബി.ജയൻ, സെക്രട്ടറി സിജു.ബി. പിള്ള എന്നിവർ അറിയിച്ചു.

ഓഗസ്റ്റ് 1 നു രാവിലെ 4 മുതൽ 1 മണി വരെയാണു ഔഷധ സേവ. ഒരു നേരത്തെ ഔഷധ സേവയിലൂടെ രോഗ പ്രതിരോധ ശക്തി വർധിക്കുകയും, രോഗശമനം ലഭിക്കുകയും ചെയ്യുമെന്നാണു വിശ്വാസം. കാലാവസ്‌ഥയുടെ പ്രത്യേകതകൾ കൊണ്ടും മറ്റും രോഗം വരുന്നതിന് ഏറ്റവും സാധ്യതയുള്ള കർക്കടക മാസത്തിലെ മധ്യ ദിനത്തിൽ, ധന്വന്തരീ സവിധത്തിലിരുന്ന് പ്രാർഥനയോടെ, ക്ഷേത്രത്തിൽ നിന്നു നൽകുന്ന ഔഷധം സേവിക്കുന്നതാണ് ഔഷധസേവ. ഔഷധം സേവിച്ച് ഭഗവൽ ദർശനവും തീർഥസേവയും നടത്തി തുടർന്നു ഔഷധക്കഞ്ഞി കൂടി കഴിച്ചാണു ചടങ്ങു പൂർത്തീകരിക്കുന്നത്.

ഔഷധസൂക്‌തം ജപിച്ച് ഔഷധം ചൈതന്യവത്താക്കുന്ന ചടങ്ങുകൾ 31 നു വൈകിട്ട് ആരംഭിക്കും. കേരളത്തിനു പുറമേ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നു വരെ ആളുകൾ ഔഷധ സേവയിൽ പങ്കെടുക്കാൻ എത്താറുണ്ട്. നാൽപതിനായിരത്തോളം പേർ കഴിഞ്ഞ തവണ ഔഷധസേവയ്ക്ക് എത്തിയതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

Related Posts