സ്പെഷ്യല്‍
7 ദിവസം ഇങ്ങനെ അനുഷ്ഠിച്ചാല്‍ ഐശ്വര്യം ഉറപ്പ്!

നവരാത്രിയുടെ ആദ്യത്തെ ഏഴുദിവസങ്ങളില്‍ ദേവീമാഹാത്മ്യം പാരായണം ചെയ്താല്‍ ജീവിതത്തില്‍ നേരിടുന്ന എല്ലാത്തരം വിഷമങ്ങളും പരിഹരിക്കപ്പെടും. ഒരു വീട്ടില്‍ അവശ്യം സൂക്ഷിക്കേണ്ട അഷ്ടമംഗല വസ്തുക്കളില്‍ പെടുന്ന ഒന്നാണ് ദേവീമാഹാത്മ്യം.

ഈ വിശിഷ്ട ഗ്രന്ഥം സൂക്ഷിക്കുന്ന വീട്ടില്‍ സദാ സമയവും ദേവിയുടെ സാന്നിദ്ധ്യമുണ്ടാകും എന്ന് വിശ്വസിക്കുന്നു. ആ ഗൃഹത്തിന് ഒരു രക്ഷയായി ദേവിയുണ്ടാകും. മാര്‍ക്കണ്ഡേയപുരാണത്തില്‍ ദുര്‍ഗ്ഗാസപ്തശതി എന്ന പേരിലുള്ള 700 ശ്ലോകങ്ങളാണ് മന്ത്രരൂപത്തില്‍ ദേവീമാഹാത്മ്യമായത്.

ആദ്യ ദിവസം ഒന്നാമദ്ധ്യായം, രണ്ടാം ദിവസം മൂന്ന് അദ്ധ്യായങ്ങള്‍,

മൂന്നാം ദിവസം ഒമ്പത് അദ്ധ്യായങ്ങള്‍ എന്ന ക്രമത്തില്‍ പൂര്‍ത്തിയാക്കാം.

ഇതിനെക്കാള്‍ ഉത്തമം ഏഴുദിവസം കൊണ്ട് പാരായണം പൂര്‍ത്തിയാക്കുന്നതാണ്.

ഒന്നാം ദിവസം ഒന്നാമദ്ധ്യായം, രണ്ടാം ദിവസം രണ്ട് അദ്ധ്യായങ്ങള്‍,

മൂന്നാം നാള്‍ ഒരദ്ധ്യായം,

നാലാം ദിവസം നാലദ്ധ്യായങ്ങള്‍,

അഞ്ചാം ദിവസം രണ്ടദ്ധ്യായങ്ങള്‍,

ആറാംദിവസം ഒരദ്ധ്യായം,

ഏഴാം ദിവസം രണ്ടദ്ധ്യായങ്ങള്‍

എന്ന ക്രമത്തില്‍ പാരായണം ചെയ്യുന്ന പദ്ധതിയാണിത്.

നവരാത്രിയുടെ ആദ്യത്തെ ഏഴുദിവസങ്ങള്‍, കര്‍ക്കടകം ഒന്നു മുതല്‍ ഏഴുവരെ, ദീപാവലിയുടെ അഷ്ടമി മുതല്‍ ചതുര്‍ദ്ദശി വരെ, ധനുമാസത്തില്‍ അശ്വതി മുതല്‍ ദേവിയുടെ ജന്മനക്ഷത്രമായ പുണര്‍തം വരെ, വൃശ്ചികത്തില്‍ ചതയം മുതല്‍ കാര്‍ത്തിക വരെ, കുംഭത്തില്‍ രോഹിണി മുതല്‍ മകംവരെ ഇങ്ങനെ വിശേഷാവസരങ്ങളിലെല്ലാം ഏഴുനാള്‍ പാരായണം ചെയ്താല്‍ സവിശേഷ ഫലം ലഭിക്കും.

സാധാരണയായി ഞായര്‍ മുതല്‍ ശനി വരെ ഏഴുദിവസങ്ങളിലായി പാരായണം ചെയ്യുന്ന രീതിയാണ് പ്രചാരം നേടിയിട്ടുള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ദേവീസ്തുതി നടത്താം എന്ന നേട്ടം കൂടി ഈ രീതിക്കുണ്ട്. കുടുംബത്തെ ബാധിച്ച കടുത്ത മാരണങ്ങള്‍ നീങ്ങാന്‍ 41 ആഴ്ച കൊണ്ട് 41 തവണ വായിച്ച് പൂര്‍ത്തിയാക്കുന്ന രീതിയുമുണ്ട്.

ദാരിദ്ര്യനാശം, ശത്രുക്കളുടെ ഉപദ്രവം, ബാധാ ഉപദ്രവശാന്തി എന്നിവയ്ക്ക് മാത്രമല്ല ഭര്‍ത്തൃ സന്താന വിദ്യാ ലാഭങ്ങള്‍ക്കും തൊഴില്‍ ലബ്ധിക്കും എന്തിന് മുക്തി സിദ്ധിക്ക് പോലും ദേവീമാഹാത്മ്യ പാരായണം ഉത്തമമാണ്.

കുടുംബ ഐശ്വര്യത്തിന് 11-ാം അദ്ധ്യായം പാരായണം വിശേഷമാണ്. മരണ സമയത്ത് ദേവീമാഹാത്മ്യം പാരായണം ചെയ്താല്‍ ജീവന്മുക്തി ലഭിക്കുമത്രെ. ശ്രാദ്ധ ദിവസത്തെ പാരായണം പിതൃക്കളെ പ്രസാദിപ്പിക്കും. ഏതു സമയത്തും വായിക്കാമെങ്കിലും സന്ധ്യാസമയമാണ് ഉത്തമം.

തിഥികളില്‍ അഷ്ടമി, നവമി, ചതുര്‍ദ്ദശി, വാവ് എന്നിവയും നക്ഷത്രങ്ങളില്‍ കാര്‍ത്തിക, പുണര്‍തം, മകം എന്നിവയും വാരങ്ങളില്‍ ചൊവ്വയും വെള്ളിയും പാരായണത്തിന് ഉത്തമ ദിവസങ്ങളാണ്. കുളിച്ച് നല്ല വസ്ത്രം ധരിച്ച് ദേവിയുടെ ക്ഷേത്രത്തിലോ പൂജാമുറിയിലോ ദേവിയുടെ ഫോട്ടോ അലങ്കരിച്ച് വച്ച് അഞ്ചു തിരിയിട്ട് നെയ്യൊഴിച്ച് കത്തിച്ച നിലവിളക്കിന് മുന്നില്‍ കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായിരുന്ന് പാരായണം ചെയ്യുന്നതിന്റെ ഫലസിദ്ധി എടുത്തു പറയണം.

പാരായണത്തിന് മുമ്പ് ദേവിയുടെ നവാക്ഷരീമന്ത്രം തുടര്‍ച്ചയായി ജപിച്ചു കൊണ്ടിരിക്കണം. 30 തവണ ജപിച്ചാല്‍ ഐശ്വര്യസിദ്ധി, 27 ആയാല്‍ സര്‍വ്വാര്‍ത്ഥ സിദ്ധി, 54 ആയാല്‍ കാമ്യ കര്‍മ്മ സാഫല്യം, 108 തവണ ആയാല്‍ സര്‍വ്വാഭീഷ്ടസിദ്ധി എന്ന് ഫലം പറയുന്നു. ഉത്തമകാര്യങ്ങള്‍ക്ക് മോതിരവിരലും തള്ളവിരലും ചേര്‍ത്ത് ജപിക്കണം. ഉച്ചാടനാദികള്‍ക്ക് ചൂണ്ടുവിരലും തള്ളവിരലും ചേര്‍ത്താണ് ജപിക്കല്‍. നവാക്ഷരീ മന്ത്രം ജപിക്കുമ്പോള്‍ ജപമാല ഉപയോഗിക്കുന്നത് നല്ലതാണ്.

നടുവിരലില്‍ മാല ചേര്‍ത്ത് തള്ളവിരല്‍ ഉപയോഗിച്ച് ഓരോരേ മണികളായി തള്ളിനീക്കി ജപിക്കുന്നതാണ് ഉത്തമം. പാരായണം ചെയ്യുന്നതിന് വെറും തറയിലിരിക്കരുത്. പുല്‍പായ, പലക ഇവ ഉപയോഗിക്കാം.

നവാക്ഷരീ മന്ത്രം ജപിക്കുന്നതിനു മുമ്പ് അല്‍പസമയം ദേവീ ഉപാസന ചെയ്യുന്നതും ദേവീമാഹാത്മ്യ പാരായണം കഴിഞ്ഞ് അല്‍പ സമയം ദേവീരൂപം ധ്യാനിച്ചിരിക്കുന്നതും നല്ലതാണ്.

ചുവന്ന താമര, നന്ദ്യാര്‍വട്ടം, മന്ദാരം, വെള്ളത്താമര, അശോകപ്പൂ, ദശപുഷ്പങ്ങള്‍ തുടങ്ങിയ ശാക്തേയപുഷ്പങ്ങളേതും ദേവീപൂജയ്ക്ക് ഉപയോഗിക്കാം. വിഗ്രഹമോ ചിത്രമോ ഇല്ലെങ്കില്‍ നിലവിളക്കിനെ ദേവിയായി സങ്കല്‍പ്പിച്ച് പൂജിക്കാം.

നവാക്ഷരീമന്ത്രം

ഓം ഐം ഹ്രീം ക്‌ളീം ചാമുണ്ഡായെവിച്ചെ നമ:

Related Posts