സ്പെഷ്യല്‍
നവരാത്രിക്കാലത്ത് ദേവീ മാഹാത്മ്യം പാരായണം ചെയ്താല്‍

ദുര്‍ഗാദേവി മഹിഷാസുരനെതിരെ നേടിയ വിജയം വര്‍ണ്ണിക്കുന്ന സംസ്‌കൃത രചനയാണ് ദേവീ മാഹാത്മ്യം. മാര്‍ക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ഈ രചനയുടെ കര്‍ത്താവായി പാരമ്പര്യം ഘോഷിക്കുന്നത് മാര്‍ക്കണ്ഡേയ മുനിയെയാണ്. 700 പദ്യങ്ങള്‍ അടങ്ങുന്ന ഈ കൃതിയ്ക്ക് ദുര്‍ഗ്ഗ സപ്തശതി എന്നും പേരുണ്ട്. ‘ചണ്ഡിപാഠം’ എന്നും ഇത് അറിയപ്പെടുന്നു.

പാഠം എന്നത് അനുഷ്ഠാനപരമായ വായനയെ സൂചിപ്പിക്കുന്നു. ഇതിലെ 700 പദ്യങ്ങള്‍ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ശാക്തേയരുടെ ഏറ്റവും പ്രധാന ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന ഈ കൃതിയ്ക്ക്, അവരുടെ അനുഷ്ഠാന വിധികളില്‍ ഏറെ പ്രധാന്യമുണ്ട്. നവരാത്രി വേളയില്‍ ജപത്തിനും പാരായണത്തിനും ഏറ്റവും ഉചിതമായ ഗ്രന്ഥമായാണ് ദേവീ മാഹാത്മ്യത്തെ ആചാര്യന്‍മാര്‍ വിശേഷിപ്പിക്കുന്നത്. അതിനു പുറമേ ദേവിയുടെ അവതാരോദ്യേശ്യത്തിന്റെ വിവരണം എന്നതും ഈ കൃതിയെ കൂടുതല്‍ ശ്രേഷ്ഠമാക്കുന്നു.

പതിനെട്ടു പുരാണങ്ങളില്‍ ഒന്നായ ശ്രീ മാര്‍ക്കണ്‌ഡേയ പുരാണത്തിലെ 78 മുതല്‍ 90 വരെയുള്ള 13 അദ്ധ്യായങ്ങളാണ് ദേവീ മാഹാത്മ്യം. രാജ്യം നഷ്ടപ്പെട്ട സുരഥന്‍ എന്ന രാജാവും സ്വഭവനത്തില്‍നിന്നും നിഷ്‌കാസിതനായ സമാധി എന്ന വൈശ്യനും വനത്തില്‍വച്ച് കണ്ടുമുട്ടുന്നതും ദുഃഖകഥകള്‍ പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുന്നു.

അവര്‍ സുരേധസ്സ് എന്നു പേരായ മഹര്‍ഷിയുടെ ആശ്രമത്തില്‍ എത്തുകയും മഹര്‍ഷിയോട് അവര്‍ തങ്ങളുടെ ദുഃഖാവസ്ഥകള്‍ അറിയിക്കുകയും ചെയ്യുന്നു. അവരുടെ സങ്കട നിവൃത്തിക്കായി ദേവീ മഹാമായയെ ആരാധിക്കുന്നതിന് മഹര്‍ഷി അവരെ ഉപദേശിക്കുന്നു.

ദേവിയുടെ ശക്തി എന്താണെന്നും ദേവിയോട് മനംനൊന്ത് പ്രാര്‍ത്ഥിച്ചാല്‍ സാധിക്കാത്ത ഒരു കാര്യവും ഇല്ലെന്നും പറയുന്ന മഹര്‍ഷിയോട് ദേവിയുടെ കഥകള്‍ കേള്‍ക്കുന്നതിന് രാജാവും വൈശ്യനും ആഗ്രഹം പ്രകടിപ്പിക്കുന്നു. മഹര്‍ഷി ആ മാഹാത്മ്യ കഥകള്‍ വിസ്തരിച്ച് പറയുന്നു. എല്ലാം പറഞ്ഞശേഷം അവര്‍ക്ക് ദേവിയുടെ മൂലമന്ത്രം ഉപദേശിച്ചു കൊടുത്തു. അവര്‍ ഏകദേശം മൂന്നു വര്‍ഷത്തോളം മൂലമന്ത്രം ജപിച്ച് തപസ്സനുഷ്ഠിക്കുകയും ചെയ്തു. അവസാനം ദേവി അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.

ഇഷ്ടവരദാനം നല്‍കി. ജീവിതത്തോടുള്ള മമത മാറാത്ത രാജാവ് തനിക്കു തന്റെ നഷ്ടരാജ്യവും പദവിയും തിരിച്ചു ലഭിക്കണമെന്ന് പ്രാര്‍ത്ഥിച്ചു. അപ്രകാരം അമ്മ അനുഗ്രഹിക്കയും ചെയ്തു. മരണാനന്തരം സൂര്യന്റെ പുത്രനായി സാവര്‍ണ്ണി എന്ന പേരില്‍ ജനിക്കുമെന്നും ആ മന്വന്തരം സാവര്‍ണ്ണിക മന്വന്തരം എന്നറിയപ്പെടുമെന്നും അമ്മ അനുഗ്രഹിക്കുന്നു. ഇപ്പോള്‍ നടക്കുന്നത് വൈവസ്വത മന്വന്തരം ആണ്.

ഇനിയും പല വര്‍ഷങ്ങള്‍ കഴിഞ്ഞാലേ സാവര്‍ണ്ണിക മന്വന്തരം ആരംഭിക്കുകയുള്ളൂ. സമാധിയാകട്ടെ, ഈ ജന്മത്തിലെ എല്ലാ സുഖ ദുഃഖങ്ങളില്‍നിന്നും മുക്തനാക്കണമെന്നും മോക്ഷപ്രാപ്തിയും പരമമായ ബ്രഹ്മജ്ഞാനവും നല്‍കണമെന്നും അപേക്ഷിച്ചു. അപ്രകാരം അമ്മ അനുഗ്രഹിക്കയും ചെയ്തു.

മൂന്നു ഭാഗങ്ങളായി പറഞ്ഞിരിക്കുന്നതില്‍ പ്രഥമ ചരിതത്തില്‍ വൈശ്യന്റെയും മഹര്‍ഷിയുടേയും രാജാവിന്റെയും കൂടിക്കാഴ്ചയും തുടര്‍ന്ന് മഹര്‍ഷി ദേവീ മാഹാത്മ്യ കഥകള്‍ പറയാന്‍ ആരംഭിക്കുന്നതുമാണ്.

യോഗനിദ്രയില്‍ ആണ്ടുപോയ ഭഗവാന്‍ മഹാവിഷ്ണുവിന്റെ കര്‍ണ്ണമലങ്ങളില്‍നിന്നും മധു കൈടഭന്മാര്‍ ഉത്ഭവിക്കുന്നതും അതുല്യ ശക്തികളായ അവര്‍ ഭഗവാന്റെ nപൊക്കിള്‍ക്കൊടിയിലെ താമരയില്‍ തപസ്സനുഷ്ഠിക്കുന്ന ബ്രഹ്മാവിനെ കാണുകയും വധിക്കാന്‍ ശ്രമിക്കയും ചെയ്യുന്നു. ഭയന്ന ബ്രഹ്മാവ് ഭഗവാനെ ഉണര്‍ത്തുന്നതിനായി ദേവന്റെ നയനങ്ങളില്‍ വസിക്കുന്ന നിദ്രാരൂപയായ യോഗ മായാദേവിയെ സ്തുതിക്കുന്നതും സ്തുതിയില്‍ സംപ്രീതനായ ദേവി ഭഗവാനില്‍നിന്നും മാറുകയും ഭഗവാന്‍ ഉണരുകയും ദേവിയുടെ പ്രേരണമൂലം മധു കൈടഭന്മാരോട് യുദ്ധം ചെയ്ത് അവരെ വധിക്കയും ചെയ്യുന്നത് വിവരിച്ചിരിക്കുന്നു.

മധുകൈടഭവധവും ആയതിലേക്കുള്ള ശ്രീ മഹാകാളി അവതാരവും ബ്രഹ്മാ സ്തുതിയും ഉള്‍പ്പെട്ട ഒന്നാം അദ്ധ്യായമാണ് പ്രഥമചരിതം.  തുടര്‍ന്നുള്ള 2, 3, 4 അദ്ധ്യായങ്ങളില്‍ ശ്രീമഹാലക്ഷ്മീ അവതാരവും മഹിഷാസുരവധവും അടങ്ങുന്നത് മദ്ധ്യമചരിതം. തുടര്‍ന്ന് 5 മുതല്‍ 13 വരെയുള്ള അദ്ധ്യായങ്ങള്‍ അടങ്ങിയ ഉത്തമ ചരിതത്തില്‍ ശ്രീ മഹാസരസ്വതീ അവതാരവും ചണ്ഡമുണ്ഡവധം രക്തബീജവധം ശുംഭനിശുംഭവധം മുതലായവയും സപ്തമാതൃക്കളുടെ ഉത്ഭവവും പ്രസിദ്ധമായ നാരായണീ സ്തുതിയും ഫലപ്രാപ്തിയും മറ്റും പറഞ്ഞിരിക്കുന്നു.

Related Posts