സ്പെഷ്യല്‍
ഈ ദീപാവലിക്കു വ്രതമെടുത്താല്‍

ദീപാവലി സംബന്ധിച്ചുള്ള അനുഷ്ഠാനങ്ങള്‍ ഏറെയാണ്. നരകാസുര നിഗ്രഹത്താല്‍ തിന്മയില്‍ നിന്നു ജനത്തെയും രാജ്യത്തെയും മോചിപ്പിച്ച് നന്മ വീണ്ടെടുത്ത ദിനമാണെന്നതാണ് പ്രധാന ഐതിഹ്യം. മഹാബലിയെ വാമനന്‍ പാതാള ലോകത്തിന്റെ അധിപനായി വാഴിച്ച ദിനമാണിതെന്ന്  മറ്റൊരു ഐതിഹ്യം. ശിവപാര്‍വതിമാരും വിഘ്‌നേശ്വര മുരുകന്മാരും ചൂതാട്ടം നടത്തി വിനോദിച്ചതിന്റെ ഓര്‍മപുതുക്കലാണ് ഈ ദിനമെന്നും പറയപ്പെടുന്നു.

ക്ഷീരസമുദ്രത്തില്‍നിന്നു ലക്ഷ്മീദേവി മഹാവിഷ്ണുവിനെ വരവേല്‍ക്കുന്ന ദിനമായി ദീപാവലിയെ കരുതുന്നവരുമുണ്ട്. വിക്രമാദിത്യ രാജാവ് സ്ഥാനാരോഹണം ചെയ്ത ദിനമാണിതെന്നു മറ്റൊരു വിശ്വാസം. രാമരാവണയുദ്ധം കഴിഞ്ഞ് സീതാസമേതം ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിയെത്തിയ ദിനമാണ് ദീപാവലിയായി കൊണ്ടാടുന്നതെന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്. ഭൂമിയിലെത്തുന്ന പിതൃക്കള്‍ക്ക് വഴികാട്ടുവാനായി ദീപം തെളിച്ചു കാത്തിരിക്കുന്ന ദിനമാണ് ദീപാവലിയെന്നു വിശ്വസിക്കുന്നവരെയും കാണാം. ഇപ്രകാരം ദീപാവലി സംബന്ധിച്ച് ഐതിഹ്യങ്ങള്‍ നിരവധിയാണ്. എന്നാല്‍, തിന്മയുടെ മേല്‍ നന്മയും അന്ധകാരത്തിനുമേല്‍ പ്രകാശവും നേടുന്ന വിജയമായി നമുക്ക് ഈ ആഘോഷത്തെ കാണാവുന്നതാണ്.ഇത്തവണത്തെ ദീപാവലി നവംബര്‍ നവംബര്‍ 4 വ്യാഴാഴ്ചയാണ്.

വ്രതാനുഷ്ടാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തൈല സേചനം അപൂര്‍വ്വമാണെന്നാണ് ആചാരം എന്നാല്‍ ദീപാവലിയില്‍ പരമപ്രധാനം അംഗപ്രത്യംഗ എണ്ണ തേച്ചു കൊണ്ടുള്ള പ്രഭാത സ്‌നാനമാണ് എന്തെന്നാല്‍ ആ പുണ്യ ദിനത്തില്‍ മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും സാന്നിദ്ധ്യപ്പെടും. മാത്രമല്ല ചതുര്‍ദ്ദശിയിലെ പ്രഭാത സ്‌നാനം സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.

അതിലൂടെ അപമൃത്യുവും അകാലമൃത്യുവും കീഴടക്കാം. നരകലോകം അന്യമാക്കാമെന്നാണു വിശ്വാസം. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി എന്ന തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. മിക്കവാറും ഈ ദിവസം കറുത്തവാവിനോ അതിനോട് തൊട്ടടുത്ത ദിവസമോ ആയിരിക്കും.

ദീപാവലിയുടെ മിക്ക കഥകളും ശ്രീകൃഷ്ണനോടും മഹാലക്ഷ്മിയോടും ബന്ധപ്പെട്ടതായിരിക്കും. ഉത്തരകേരളത്തില്‍ ഈ ദിവസം ലക്ഷ്മീ പൂജ നടത്തുന്നു. നരകാസുര വധത്തിന്റെ സ്മരണയ്ക്കായുള്ള ആഘോഷമായതിനാല്‍ ശത്രുസംഹാര ഭാവത്തിലുള്ള ശ്രീകൃഷ്ണ മൂര്‍ത്തിയെ കുറിച്ചുള്ള മന്ത്രജപങ്ങളാണ് ഈ ദിവസം വേണ്ടത്. ദീപാവലി വ്രതാചരണം വളരെ വിശേഷപ്പെട്ട ഒന്നായാണ് കരുതിപ്പോരുന്നത്.

തലേ ദിവസം സൂര്യാസ്തമയത്തിനു ശേഷം വ്രതം തുടങ്ങണം. അരിയാഹാരം പാടില്ല. മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. ലഘുഭക്ഷണം മാത്രമേ ആകാവൂ. ദീപാവലി ദിവസം ഉപവാസത്തോടു കൂടിയുള്ള വ്രതമാണ് വേണ്ടത്.

പിറ്റേന്ന് തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ഈ മൂന്നു ദിവസവും വിഷ്ണു ക്ഷേത്രങ്ങളില്‍ കുളിച്ചു തൊഴുകയും വേണം. ദീപാവലി ദിനത്തില്‍ ദേഹശുദ്ധിയോടെ മീനാക്ഷി പഞ്ചരത്‌നവും ഭവാനി അഷ്ടകവും ജപിക്കുന്നത് ഐശ്വര്യദായകവും അഭിഷ്ട സിദ്ധി പ്രദവുമാണ്. ഒന്‍പതു തിരിയുള്ള നെയ്യ് വിളക്ക് തെളിയിച്ചു അതിനു മുന്നിലിരുന്നു വേണം ജപിക്കേണ്ടത്.

വൈകുന്നേരം യമധര്‍മരാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും നിലവിലുണ്ട്. യമരാജാവിന്റെ 14 നാമങ്ങള്‍ ചൊല്ലി യമന് ജലത്താല്‍ അര്‍ഘ്യം സമര്‍പ്പിക്കുന്ന സമ്പ്രദായവും ചില സ്ഥലങ്ങളില്‍ ഉണ്ട്.

യമായ, ധര്‍മരാജായ, മൃത്യുവേ ച, അന്തകായ ച, വൈവസ്വതായകാലായ സര്‍വഭൂതക്ഷയായ ചഔദുംബരായദധ്‌നായനീലായ പരമോഷ്ഠിനെവൃകോദരായചിത്രായചിത്രഗുപ്തായതേ നമഃ

എന്നതാണ് 14 മന്ത്രം. യമധര്‍മന് അര്‍ഘ്യം സമര്‍പ്പിക്കുമ്പോള്‍ ഈ മന്ത്രമാണു ചൊല്ലേണ്ടത്. യമഭയം ഇല്ലാതാക്കുവാന്‍ ദീപാവലി ദിവസം നിറച്ചും ദീപങ്ങള്‍ തെളിയിച്ച് മംഗളസ്‌നാനം ചെയ്ത് ഈ സുദിനം ധന്യധന്യമായി കൊണ്ടാടണം എന്ന് മഹാബലി നിര്‍ദേശിച്ചതായാണു വിശ്വാസം.

Related Posts