സ്പെഷ്യല്‍
ദീപാവലി വൈവിധ്യമായ ആചാരങ്ങളും വിശ്വാസങ്ങളും

ഭാരതത്തിലൊന്നാകെ ആഘോഷിക്കപ്പെടുന്ന ഹൈന്ദവോത്സവങ്ങളിലൊന്നാണ് ദീപാവലി. വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ആഘോഷങ്ങള്‍ നടക്കുന്നതെങ്കിലും ഏതെങ്കിലും രീതിയില്‍ വെളിച്ചത്തിന്റെ ഒരുത്സവമായി ഇത് കരുതപ്പെടുന്നുണ്ട്. ദീപങ്ങളുടെ കൂട്ടം (ദീപ + ആവലി) എന്നാണ് ദീപാവലി എന്ന വാക്കിന് അര്‍ഥം. പല ദിക്കിലും ദീപങ്ങള്‍ കത്തിച്ചാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലിക്ക് നരകചതുര്‍ഥി എന്ന പേര് ചില പ്രദേശങ്ങളിലുണ്ട്. ദീവാലി എന്ന പേരാണ് ഉത്തരേന്ത്യയിലുള്ളത്. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി തിഥിയാണ് ദീപാവലിയായി കൊണ്ടാടുന്നത്. ഇതിനു പിന്നിലുള്ള വിശ്വാസം പ്രധാനമായും മൂന്ന് രീതിയിലാണ്.

ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ദീപാവലി ആഘോഷിക്കുന്നത് എന്നാണ് ഒരു വിശ്വാസം. നരകാസുരന്റെ അതിക്രമങ്ങള്‍ അനുദിനം കൂടുകയും ദേവലോകത്തുവരെ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തപ്പോള്‍ ശ്രീകൃഷ്ണഭഗവാന്‍ സത്യഭാമയോടൊന്നിച്ച് ഗരുഡാരൂഢനായി പ്രാഗ്‌ജ്യോതിഷമെന്ന നരകാസുര രാജ്യത്തിലെത്തി. യുദ്ധത്തില്‍ നരകനെ വധിക്കുകയും അയാള്‍ തടവിലാക്കിയിരുന്ന 16,000 സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്തു. ആ സ്ത്രീകള്‍ വിളക്കുകള്‍ കത്തിച്ച് ഭഗവാനോട് സന്തോഷം അറിയിച്ചുവത്രെ. ഈ സ്ത്രീകളെയും ചേര്‍ത്താണ് ശ്രീകൃഷ്ണന് 16,008 ഭാര്യമാരുണ്ടെന്ന പുരാവൃത്തം ഉണ്ടായതെന്നും അഭിപ്രായമുണ്ട്.

മറ്റൊരൈതിഹ്യം ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ദുഷ്ടനിഗ്രഹത്തിനെ ആധാരപ്പെടുത്തിയുള്ളതാണ്. രാവണ നിഗ്രഹത്തിനു ശേഷം അഗ്‌നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം ഭഗവാന്‍ അയോദ്ധ്യയിലേക്കു മടങ്ങിയതു തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു. പത്‌നി സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അത്യാഘോഷ പൂര്‍വ്വമായാണ് അയോദ്ധ്യാവാസികള്‍ സ്വീകരിച്ചത്. ആ ഓര്‍മ്മ പുതുക്കലിലുടെ അത് ഭാരതത്തിലാകമാനമുള്ള ദേശീയോത്സവമായിത്തീര്‍ന്നു. രണ്ട് ഐതിഹ്യങ്ങളിലേയും പൊരുള്‍ ഒന്നുതന്നെ. ദുഷ്ട നിഗ്രഹത്തിലുടെ ഭൂമി പ്രകാശമാനമാക്കി എന്ന തത്വം. ആ പ്രകാശം ദീപോത്സവമാക്കി നമ്മള്‍ ആഘോഷിക്കുന്നു. ഇവ കുടാതെ മഹാബലിയുമായി ബന്ധപ്പെട്ടു കൊണ്ടും ഒരു ദീപാവലിയാഘോഷം ചിലയിടങ്ങളില്‍ നടത്താറുണ്ട്. അതുകുടുതലും ഉത്തരേന്ത്യയിലെ ബ്രാഹ്മണ കുടുംബങ്ങളിലെ ചടങ്ങ് ആണ്.

‘വലിയ ചന്ദ്രനെ വരുത്തല്‍’ എന്ന കര്‍മ്മത്തിലൂടെ മഹാബലി പൂജ നടത്തി അവര്‍ അദ്ദേഹത്തെ കളത്തില്‍ വരുത്തും എന്നാണ് സങ്കല്പം. പൂജകള്‍ക്ക് ശേഷം ബലി ചക്രവര്‍ത്തിയെ പാതാളത്തിലേയ്ക്ക് തിരിച്ചയയ്ക്കല്‍ ചടങ്ങുമുണ്ടാകും. ഒന്നാം ദിവസം കിണറ്റില്‍ നിന്നെടുക്കുന്ന ജലം എല്ലാ പൂജകള്‍ക്കും ശേഷം മൂന്നാം ദിവസം അതേ കിണറ്റിലേയ്ക്കു തന്നെ തിരിച്ചോഴിക്കും. തിന്മയെ ശുദ്ധീകരിച്ചു നന്മയാക്കി മാറ്റുകയും അതു നമ്മള്‍ സ്വീകരിക്കുകയും ചെയ്യുന്നു എന്നുള്ള തത്വമാണ് ഇതിലെല്ലാം അടങ്ങിയിരിക്കുന്നത്.  പ്രകാശം നല്‍കുക എന്നുള്ളതാണല്ലോ ദീപങ്ങളുടെ ധര്‍മ്മം. അതിലൂടെ നമ്മള്‍ പലതും കാണുന്നു, അറിയുന്നു, അനുഭവിക്കുന്നു. ദീപാവലിക്കു തൊട്ടു മുന്‍പുള്ള അമാവാസി ദിനം പിതൃബലിക്കും പുണ്യതീര്‍ത്ഥസ്‌നാനത്തിനും ഉത്തമമായിട്ടാണ് കണക്കാക്കുന്നത്. വാമനന്‍ മഹാബലിയെ പാതാളത്തില്‍ ചവുട്ടിത്താഴ്ത്തിയ ദിനമാണ് ദീപാവലിയായി ആഘോഷിക്കുന്നതെന്ന വിശ്വാസം കേരളത്തിലുമുണ്ട്.  വിക്രമ പഞ്ചാംഗമനുസരിച്ച് ദീപാവലി പുതുവര്‍ഷപ്പുലരിയാണ്. ജൈനമതക്കാര്‍ മഹാവീരന്റെ ജന്മദിനമായാണ് ദീപാവലി കൊണ്ടാടുന്നത്. ബംഗാളിലെ ചില പ്രദേശങ്ങളില്‍ പിതൃബലിദിനമായും ഇത് ആഘോഷിക്കപ്പെടുന്നു. പിതൃക്കള്‍ക്ക് വഴികാട്ടാന്‍ ആണത്രെ അന്നു ദീപങ്ങള്‍ തെളിക്കുന്നത്.

വിശ്വാസതലത്തിലെന്നപോലെ അനുഷ്ഠാനആഘോഷ തലത്തിലും വൈജാത്യങ്ങള്‍ ഏറെയുണ്ട്. ഉത്തരേന്ത്യയില്‍ കൂറ്റന്‍ രാവണക്കോലങ്ങള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയും ദീപാവലിദിവസം അവ ആഘോഷത്തോടെ കത്തിച്ചുകളയുകയും ചെയ്യുന്നു. ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ലക്ഷ്മീപൂജയുടെ ദിനമാണ് ദീപാവലി. ദീപാവലിദിവസത്തെ ലക്ഷ്മീപൂജ സര്‍വൈശ്വര്യദായകമാണെന്നാണ് വിശ്വാസം. പുതിയ വ്യാപാരവാണിജ്യങ്ങള്‍ തുടങ്ങുക, വീട്ടില്‍ പുതിയ പാത്രങ്ങളില്‍ പാചകം ചെയ്യുക, മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുക എന്നിവയും ഇതിന്റെ ഭാഗമായി നടത്താറുണ്ട്.

ദീപാവലി നാളില്‍ ദീപക്കാഴ്ച ഒരുക്കുന്നതുപോലെതന്നെ ഏതാണ്ട് സാര്‍വത്രികമായ ഒരു ചടങ്ങാണ് എണ്ണതേച്ചുകുളി. സാധാരണ വ്രതാനുഷ്ഠാനങ്ങളില്‍ എണ്ണ തേച്ചുകുളിക്കാന്‍ പാടില്ല. അതിനനുവാദമുള്ള വ്രതാനുഷ്ഠാനമാണ് ദീപാവലി. കേരളത്തില്‍ തെക്കും വടക്കും വ്യത്യസ്തമായാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. തെക്ക് എണ്ണതേച്ചുകുളിയോടൊപ്പം പടക്കം കത്തിക്കലും മധുരപലഹാരമുണ്ടാക്കലുമൊക്കെയാണ് ആഘോഷങ്ങള്‍. എന്നാല്‍ വടക്കന്‍ കേരളത്തില്‍ ദീപാവലിക്ക് മധുരപലഹാര വിതരണവും എണ്ണതേച്ചുകുളിയുമാണ് മുഖ്യം.

Related Posts