നക്ഷത്രവിചാരം
ഡിസംബര്‍മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഗൃഹോകരണങ്ങള്‍ വാങ്ങിക്കും. വാതരോഗം ഉള്ളവര്‍ ചികിത്സ തേടണം, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ഇടപഴുകുമ്പോള്‍ ശ്രദ്ധിക്കണം, അപഖ്യാതി ഉണ്ടാകാന്‍ ഇടയുണ്ട്, ബന്ധുജനങ്ങളുമായി കലഹങ്ങള്‍ക്കോ, പിണക്കങ്ങള്‍ക്കോ സാധ്യതയുണ്ട്, രാഷ്ട്രീയരംഗം ശോഭനമാകും, ആഡംബര വസ്തുക്കള്‍ വാങ്ങും, സ്വര്‍ണാഭരണങ്ങളോ വിശേഷപ്പെട്ട രത്‌നങ്ങളോ വാങ്ങുന്നതിനും യോഗം. വീടുപണിക്ക് തുടക്കം കുറിക്കുകയോ നിലവില്‍ നിര്‍മാണം നടക്കുന്ന വീട് പണി പൂര്‍ത്തിയാക്കുകയോ ചെയ്യും. കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കും. പിതൃജനങ്ങള്‍ക്കും ഗുരുജനങ്ങള്‍ക്കും ദോഷകാലമാണ്, സ്ത്രീകളും രത്നങ്ങളും നിമിത്തമുള്ള സുഖാനുഭവം ഫലം, ധര്‍മ്മകാര്യ സിദ്ധിയുണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ ഗുണാനുഭവം ഉണ്ടാകും, സാമ്പത്തിക രംഗം മെച്ചപ്പെടും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2)

ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ജാഗ്രത കുറവുണ്ടാകും, എതിര്‍ലിംഗത്തില്‍പ്പെട്ടവരില്‍ നിന്ന് ഉപദ്രവങ്ങളുണ്ടാകും, വാഹനം മാറ്റി വാങ്ങാന്‍ യോഗം, സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ട് അനുഭവപ്പെടും, ബന്ധുജനങ്ങളുമായി കലഹിക്കാന്‍ സാധ്യതയുണ്ട്, ഗൃഹാന്തരീക്ഷം കലുഷമാകും, എന്നിരുന്നാലും ബന്ധുക്കളുടെ സഹായത്താല്‍ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കും, ശത്രുക്കളെ തോല്‍പ്പിക്കും, സ്വത്ത് ലാഭമുണ്ടാകും, അന്യരില്‍ നിന്നും പണം ലഭിക്കാന്‍ സാധ്യത, മന്ത്ര-തന്ത്രങ്ങളില്‍ താത്പര്യം വര്‍ധിക്കും, അനാവശ്യ സ്ത്രീ സൗഹൃദങ്ങള്‍ കുഴപ്പങ്ങള്‍ ക്ഷണിച്ചു വരുത്തും, വ്യാപാര ബന്ധങ്ങളില്‍ തര്‍ക്കങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം,മേലധികാരികളുടെ അപ്രീതിക്ക് പാത്രമാകും, ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകും, അലച്ചിലുകളും ദൂരസഞ്ചാരവും ഉണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.

മിഥുനക്കൂറ് (മകീര്യം 1/2, തിരുവാതിര, പുണര്‍തം3/4)

ശത്രുക്കളുടെമേല്‍ വിജയം വരിക്കും, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം, സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം, ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടാകും, സഹപ്രവര്‍ത്തകരുമായും ബന്ധുക്കളുമായും കലഹത്തിനു സാധ്യത, കര്‍മരംഗത്ത് ഉയര്‍ച്ചയുണ്ടാകും, ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, ലോട്ടറി, ചിട്ടി എന്നിവയില്‍ നിന്നും ധനലാഭമുണ്ടാകും, നാല്‍ക്കാലി ലാഭമുണ്ടാകും, വാക്കുകള്‍ യാഥാര്‍ഥ്യമാകും, സാമ്പത്തികമായി മെച്ചപ്പെട്ട നില കൈവരിക്കും, വീട് പുതുക്കി പണിയുന്നതിനും വീടടക്കം സ്ഥലം വാങ്ങുന്നതിനോ യോഗം. ദമ്പതികള്‍ തമ്മില്‍ ഐക്യക്കുറവു കാണുന്നതിനാല്‍ എല്ലാകാര്യങ്ങളും ചിന്തിച്ച് പ്രവര്‍ത്തിക്കണം. സന്താനങ്ങള്‍ക്ക് അനുകൂല സമയം, സഹോദര ഗുണമുണ്ടാകും, ആരോഗ്യപരമായും അത്ര നല്ല സമയമല്ല, വാത ദോഷങ്ങളെ കരുതിയിരിക്കണം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ യഥാസമയം ലഭിച്ചെന്നു വരില്ല.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയ്യം, ആയില്യം)

ശത്രുക്കള്‍ ശക്തരാകും, വലിയ വഴക്കിനു സാധ്യത. എന്നിരുന്നാലും കുടുംബത്തിലും തൊഴില്‍മേഖലയിലും കാര്യങ്ങള്‍ അനുകൂലമാകും. സന്താനങ്ങളുടെ കാര്യത്തില്‍ ഗുണാനുഭവം ഉണ്ടാകും. ഈ മാസം മധ്യത്തോടെ കാര്യങ്ങള്‍ അനുകൂലമാകും. രോഗങ്ങളും ദുഃഖങ്ങളും ശത്രുക്കളും നശിക്കുകയും ധനലാഭവും ഫലം. എന്നാല്‍, ദുര്‍ജ്ജന സംസര്‍ഗം കൊണ്ട് അപമാനിതനാകും, ഉദരരോഗവും ജ്വരവും രക്തസ്രാവവും ഉണ്ടാകും, ഭാര്യയോടും പുത്രന്മാരോടും കലഹം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം, നഷ്ടപ്പെട്ടെന്നു കരുതുന്ന രേഖകള്‍ തിരിച്ചു കിട്ടും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനും സൗഹൃദം പുതുക്കുന്നതിനും യോഗം. അനുയോജ്യമല്ലാത്ത ബന്ധങ്ങളില്‍പ്പെട്ട് മാനഹാനിയുണ്ടാകും, ഗുരുജനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും, പറഞ്ഞുറപ്പിച്ച വിവാഹക്കാര്യങ്ങളില്‍ മാറ്റമുണ്ടാകും, പിടിവാശി ഒഴിവാക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ഗൃഹാന്തരീക്ഷം സുഖപ്രദമാകുകയില്ല, സഹോദരങ്ങളുടെ സഹായം വേണ്ടപോലെയുണ്ടാകും, വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും, സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം, ദൈവാധീനമുണ്ടാകും, ശത്രുക്കളെ തോല്‍പ്പിക്കും, ബന്ധുക്കള്‍ക്കും കുടുംബത്തിനും അഭിവൃദ്ധിയും ധനലാഭവും ഉണ്ടാകും, യാഥാസ്ഥിതിക ചിന്തയില്‍ നിന്നും മാറി നടക്കുന്ന പുത്രന്റെ കാര്യത്തില്‍ ആശങ്കയുണ്ടാകും, അധികാരകേന്ദ്രങ്ങളില്‍ നിന്നും സഹായം ലഭിക്കും, തൊഴിലന്വേഷകര്‍ നിരാശപ്പെടേണ്ടതില്ല, അനുയോജ്യമായ തൊഴില്‍ ലഭിക്കും, ഗൃഹനിര്‍മാണത്തിന് അനുയോജ്യ സമയം. വാഹനങ്ങള്‍ മാറ്റി വാങ്ങിക്കും. ജോലി ഭാരം വര്‍ധിക്കും, കലാരംഗത്ത് തിരിച്ചു വരവ് നടത്തും. കായിക രംഗത്തും ഗുണാനുഭവങ്ങള്‍ വര്‍ധിക്കും, നാല്‍ക്കാലി ലാഭവും കൃഷികളില്‍ നിന്നും ലാഭവും ഉണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം ഉണ്ടാകണം.

കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്തിര 1/2)

തൊഴില്‍ മേഖലയില്‍ ഉന്നതിയുണ്ടാകും, ശത്രുക്കളെ ജയിക്കും, ഈ മാസം പകുതിയോടെ ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധ വേണം, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം, വാഹനത്തില്‍ നിന്നും വീഴുന്നതിനോ മുറിവ് പറ്റുന്നതിനോ യോഗമുണ്ട്. മേലാധികാരികളില്‍ നിന്നും ബുദ്ധിമുട്ടുകളുണ്ടാകും, അഗ്‌നിബാധയും, ശത്രുക്കള്‍ നിമിത്തം ദുഃഖവും ഉണ്ടാകും, മാനസിക സമ്മര്‍ദമേറും, ബന്ധുക്കള്‍ക്കും കുടുംബത്തിനും അഭിവൃദ്ധിയുണ്ടാകും, ആജ്ഞാസിദ്ധിയുണ്ടാകും. ദ്രവ്യലാഭവും, സ്ഥാനാന്തരത്തില്‍ നിന്ന് ബഹുമാനലബ്ധിയും വസ്ത്രലാഭവും ശത്രുനാശവും ഫലം. വീട് നിര്‍മാണത്തിന് അനുയോജ്യ സമയം. ലോണ്‍ ലഭിക്കാന്‍ സാധ്യത, വാഹനം മാറ്റി വാങ്ങുന്നതിനോ പുതിയ ഒന്ന് വാങ്ങുന്നതിനോ യോഗം. മാതാവിന്റെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം, ജോലി ഭാരം വര്‍ധിക്കും, കൂടുതല്‍ സമയം ജോലി ചെയ്താലും അതിനനുസരിച്ചുള്ള ഫലം ലഭിക്കില്ല.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ചിട്ടി, ലോണ്‍ എന്നിവയില്‍ ജാമ്യം നില്‍ക്കരുത്, നേത്രരോഗം പിടിപ്പെടാന്‍ സാധ്യതയുണ്ട്, ഈ മാസം പകുതിയോടെ കാര്യങ്ങള്‍ ഗുണപരമാകും. സ്ഥാനാന്തര പ്രാപ്തിയും ശത്രുനാശവും, ധനവൃദ്ധിയും ആരോഗ്യവും ഫലം, എന്നിരുന്നാലും ചില സമയങ്ങളില്‍ അനാരോഗ്യക്കുറവ് അനുഭവപ്പെടാം. വാത ദോഷങ്ങളെ കൊണ്ട് ദുരിത ഫലം ഉണ്ടാകും, വാക്കുകള്‍ യാഥാര്‍ഥ്യമാകും, സ്വപ്നത്തില്‍ കാണുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നതില്‍ ആശ്ചര്യമനുഭവപ്പെടും, പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കും, സമൂഹത്തില്‍ ഉന്നത സ്ഥാനം ലഭിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കു കൊള്ളും, കുടുംബത്തിലെ ക്ഷേത്രത്തില്‍ ഉത്സവങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും, വിവാഹ സമയം, അനുയോജ്യ ബന്ധം ലഭിക്കും. രണ്ടാമത് വിവാഹം ആലോചിക്കുന്നവര്‍ക്കും അനുയോജ്യ സമയം, കലാകാരന്മാര്‍ക്ക് പുതിയ മേഖലകളെ കണ്ടെത്താനും അതില്‍ നിന്നും സാമ്പത്തിക നേട്ടം ലഭിക്കാനും യോഗം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഏര്‍പ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്ക് നാശമുണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടാകും, ഈശ്വര പ്രാര്‍ഥനയാല്‍ തടസങ്ങളെല്ലാം മാറും, അന്യരില്‍ നിന്നും ചതി പറ്റാന്‍ ഇടയുള്ളതിനാല്‍ കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പിത്തം കൊണ്ടും രക്തം കൊണ്ടും വ്യാധികളും നേത്രരോഗവും ഉണ്ടാകും, കഫ നീര്‍ദോഷം കൊണ്ട് അനാരോഗ്യമുണ്ടാകും, ഭാര്യസുഖവും, വിശേഷ വസ്ത്രാഭരണാധികളെ കൊണ്ടുള്ള സുഖാനുഭവവും ഉണ്ടാകും, ധനധാന്യ സമൃദ്ധിയും പുഷ്പങ്ങള്‍ രത്നങ്ങള്‍ മുതലായ അലങ്കാരങ്ങളോടും കൂടി സര്‍ക്കാര്‍ ആനുകൂലം അനുഭവിച്ച് സുഖമനുഭവിക്കും. ദീര്‍ഘയാത്രകളില്‍ വിലപിടിച്ചുള്ള ആഭരണങ്ങളോ രേഖകളോ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, സാമ്പത്തികമായി നഷ്ടമുണ്ടാകുന്ന ഏര്‍പ്പാടുകളില്‍ നിന്നും മാറി നില്‍ക്കണം, ലോണ്‍, ചിട്ടി എന്നിവയില്‍ ജാമ്യം നില്‍ക്കുന്നതും ബുദ്ധിപരമാകില്ല.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ഈ മാസം പകുതിയോടെ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും, ശത്രുനാശവും ധനാവൃദ്ധിയും ഉണ്ടാകും, ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം, സമൂഹത്തില്‍ ഉന്നത സ്ഥാനവും അധികാര ലാഭവും ധനലാഭവും ഉണ്ടാകും, തൊഴിലില്‍ വലിയ മാറ്റങ്ങളുണ്ടാകും, വേതന വര്‍ധനവുണ്ടാകും, സഹപ്രവര്‍ത്തകരുടെ സഹകരണം മൂലം കൂടുതല്‍ നേട്ടങ്ങളുണ്ടാകും, സാമ്പത്തിക പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ സാധിക്കും, വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയം, മന്ത്ര-തന്ത്രങ്ങളില്‍ താത്പര്യം വര്‍ധിക്കും, ആത്മീയ കാര്യങ്ങളില്‍ അവഗാഹമുണ്ടാകും, പുണ്യ ക്ഷേത്രങ്ങളോ, സ്ഥലങ്ങളോ സന്ദര്‍ശിക്കാന്‍ യോഗം ഉണ്ട്. സുഹൃത്തുക്കളുടെ നിര്‍ദേശത്താല്‍ അനുചിത പ്രവര്‍ത്തികളില്‍ നിന്നും പിന്തിരിയും. ആശയവിനിമയത്തില്‍ അപാകതകളുണ്ടാകരുത്. ദീര്‍ഘയാത്രകളുണ്ടാകും, അറിവുകള്‍ പങ്ക് വയ്ക്കാന്‍ അവസരം ലഭിക്കും.

മകരക്കൂറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2)

തൊഴിലില്‍ നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു പിടിക്കും, ദാനധര്‍മ്മങ്ങള്‍ ചെയ്യുമെങ്കിലും അന്യര്‍ക്ക് തൃപ്തി വരില്ല. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, വാക്മാധുര്യവും ബഹുധനലാഭവും സൗഖ്യവും കാര്യജയവും മനഃസന്തോഷവും ഭാര്യാപുത്രസുഖവും ബന്ധുക്കളുടെ സഹായവും ലഭിക്കും. ശാസ്ത്ര വിഷയങ്ങളില്‍ അറിവ് വര്‍ധിക്കും, ഉന്നത സ്ഥാനീയരുമായി ആശയങ്ങള്‍ പങ്കിടും. എല്ലാ കാര്യങ്ങളും നയപരമായി ഇടപെടും. നാല്‍ക്കാലികളില്‍ നിന്നും ലാഭമുണ്ടാകും. കിട്ടാക്കടം തിരികെ കിട്ടും. സഹപ്രവര്‍ത്തകരുമായി യോജിച്ചുപോകും. ശത്രുക്കളെ കൈകാര്യം ചെയ്യും. ധാര്‍മിക കാര്യങ്ങളെ മുറുകെ പിടിക്കും. കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിലവില്‍ കൃഷി ചെയ്തിരുന്ന പാടം പാട്ടത്തിനു കൊടുക്കും. വിദേശത്തുനിന്നു നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യ സമയം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)

കര്‍മമേഖലയില്‍ ഉന്നത പ്രാപ്തിയുണ്ടാകും. ജീവിത നിലവാരം ഉയരും. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ജോലി ലഭിക്കും. നിലവിലെ സാഹചര്യങ്ങളില്‍ നിന്നും മെച്ചപ്പെട്ട ജോലിയായിരിക്കും ലഭിക്കുക. വ്യാധിനാശവും ശുഭകര്‍മങ്ങള്‍ ഫലിക്കുകയും ചെയ്യും, രക്തസംബന്ധമായ രോഗവും വ്രണാദികളെ കൊണ്ട് ഉപദ്രവവും മാനസികമായ സമ്മര്‍ദവും അനുഭവിക്കും. വാഹന അപകടങ്ങളെ കരുതിരിയിരിക്കണം. പലവിധ കാര്യങ്ങളാല്‍ ചെലവ് വര്‍ധിക്കും, ചില സമയങ്ങളില്‍ വിചാരിച്ച കാര്യങ്ങളില്‍ തടസമനുഭവപ്പെടും. വാക്മാധുര്യമുണ്ടാകും, സമൂഹത്തില്‍ ഉന്നതിയുണ്ടാകും. കളത്ര സുഖം ലഭിക്കും. എന്നിരുന്നാലും സഹപ്രവര്‍ത്തകരുടെ ചതിയെ കരുതിയിരിക്കണം. കിട്ടാക്കടം തിരിച്ചു കിട്ടും. ഭരണസാരഥ്യം വഹിക്കുന്നവര്‍ക്കും ഗുണാനുഭവം. ഏറ്റെടുത്ത പദ്ധതികളില്‍ വിജയമുണ്ടാകും.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ഈ മാസം പകുതിയോടെ ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. സര്‍വകാര്യ വിജയമുണ്ടാകും. രക്തസംബന്ധമായ അസുഖം വര്‍ധിക്കും. ശത്രുനാശവും കളത്ര സുഖവും അനുഭവിക്കും. വാതരോഗത്താല്‍ പീഡയനുഭവിക്കും. ധനലാഭവും ധര്‍മ്മകാര്യ സിദ്ധിയും അനുഭവത്തില്‍ വരും. എന്നിരുന്നാലും അനാവശ്യ കലഹങ്ങളും വാഗ്വാദങ്ങളും ഒഴിവാക്കാന്‍ പറ്റുകയില്ല. അതിനാല്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധയുണ്ടാകണം. പിടിവാശി ഉപേക്ഷിക്കണം, ജീവിത പങ്കാളിയുമായി രമ്യതയില്‍ വര്‍ത്തിക്കണം, കേള്‍ക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് അറിഞ്ഞ ശേഷം മാത്രമേ പ്രതികരിക്കാവൂ. എടുത്തുചാട്ടം ആപത്തുകള്‍ക്കിടയാക്കും. ഈശ്വര പ്രാര്‍ഥനയാല്‍ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിക്കും. മന്ത്ര-തന്ത്രാദികളില്‍ താതപര്യവും അറിവും വര്‍ധിക്കും, ബന്ധുജനങ്ങളുമായി ഒത്തുച്ചേരും.

Related Posts