സ്പെഷ്യല്‍
ഗ്രഹപ്പിഴമാറ്റും നിറങ്ങള്‍ !

ജ്യോതിഷശാസ്ത്ര പ്രകാരം ഗ്രഹങ്ങളുടെ സ്ഥാനമാറ്റം നമ്മുടെ ജീവിതത്തില്‍ പലവിധമായ മാറ്റങ്ങള്‍ക്കു കാരണമാകുന്നു. ഗ്രഹങ്ങള്‍ അനിഷ്ടസ്ഥിതിയില്‍ നില്‍ക്കുന്നതു ജീവിതത്തില്‍ ദോഷ ഫലങ്ങളായി അനുഭവപ്പെടുമെന്നു വിശ്വാസം.

ഇവയെ പൊതുവില്‍ ഗ്രഹപ്പിഴകള്‍ എന്നു നാം വിശേഷിപ്പിക്കാറുണ്ട്. ഈ ദോഷങ്ങള്‍ക്കു പൊതുവില്‍ പരിഹാരമായി പൂജകള്‍, ഹോമങ്ങള്‍, തീര്‍ഥാടനങ്ങള്‍, വ്രതങ്ങള്‍ എന്നിവ നിര്‍ദേശിക്കപ്പെടാറുണ്ട്. ഇതിനൊപ്പം യന്ത്രധാരണം, രത്‌നധാരണം, വസ്ത്രധാരണം, ഇഷ്ടദേവതാ ഭജനം എന്നിവയൊക്കെ ഗ്രഹപ്പിഴാ പരിഹാരമായി ചെയ്യാവുന്ന കാര്യങ്ങളാണ്.

ഓരോ കൂറുകളിലും ജനിച്ചിട്ടുള്ള ആളുകള്‍ക്ക് അവരുടെ നിറങ്ങള്‍ അനുസരിച്ചുള്ള വസ്ത്രധാരണം അനുകൂല ഫലങ്ങള്‍ നല്‍കുന്നതും ഗ്രഹപ്പിഴകളെ കുറക്കുന്നതിനും സഹായകമായ ഒന്നാണ്.  മേടക്കൂറുകാര്‍ക്കു ചുവപ്പും മഞ്ഞയും ഉള്ള വസ്ത്രങ്ങളാണ് അനുകൂലഫലം നല്‍കുക. ഇടവക്കൂറുകാര്‍ കറുപ്പും പച്ചയും നീലയും വെള്ളയും നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതു നന്ന്.

മിഥുനക്കൂറുകാര്‍ക്കു പച്ചയും വെള്ളയും നിറങ്ങള്‍ അടങ്ങിയ വസ്ത്രങ്ങളാണു നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. കര്‍ക്കടകക്കൂറുകാര്‍ക്ക് ചുവപ്പ്, മഞ്ഞ, ക്രീം, വെളുപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഗുണം ചെയ്യും.ചുവന്നതും ഓറഞ്ച് നിറത്തിലുള്ളതും കാവിനിറത്തിലുള്ളതുമായ വസ്ത്രങ്ങളാണു ചിങ്ങക്കൂറുകാര്‍ക്കു കൂടുതല്‍ നല്ലത്.

കന്നിക്കൂറുകാര്‍ക്കു പച്ചയും വെള്ളയും ഗുണം ചെയ്യും. തുലാക്കൂറിലുള്ളവര്‍ക്കു കറുപ്പ്, നീല, പച്ച, വെളുപ്പ് നിറങ്ങളാണു ദോഷാനുഭവം കുറയ്ക്കാന്‍ അനുയോജ്യം. വൃശ്ചികക്കൂറില്‍ ജനിച്ചവര്‍ക്കു ക്രീം, മഞ്ഞ, ചുവപ്പു നിറങ്ങളും ധനുക്കൂറില്‍ ജനിച്ചവര്‍ക്കു ചുവപ്പ്, മഞ്ഞ നിറങ്ങളുമാണു ദോഷ പരിഹാരമായി പറയുന്നത്.

മകരക്കൂറുകാര്‍ക്കും, കുംഭക്കൂറുകാര്‍ക്കും നീല, വെള്ള, കറുപ്പ് നിറങ്ങളാണു അനുയോജ്യം. മീനക്കൂറില്‍ ജനിച്ചവര്‍ക്കു മഞ്ഞയും ചുവപ്പും ക്രീമും നിറത്തിലുള്ള വസ്ത്രങ്ങള്‍ അനുയോജ്യമാണ്. ഏഴരശ്ശനി, കണ്ടകശ്ശനി, ജന്മശ്ശനി തുടങ്ങിയ ശനിദോഷകാലങ്ങളില്‍ കറുപ്പ്, നീല എന്നീ നിറങ്ങള്‍ കൂടുതലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതു അനുകൂല ഫലങ്ങള്‍ നല്‍കുമെന്നാണു ജ്യോതിഷം പറയുന്നത്.

Related Posts