സ്പെഷ്യല്‍
എല്ലാമാസവും ചോറ്റാനിക്കരയില്‍ ദര്‍ശനം; അഞ്ചുവര്‍ഷം കൊണ്ട് ശതകോടീശ്വരന്‍

ദൈവികമായ ഭക്തി ഒരു ഉപാസനയാണ്. അത് കൈവിടാതെ കൊണ്ടുനടക്കുന്നവര്‍ക്ക് അതിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും. സന്തോഷത്തിലും സന്താപത്തിലും ആ ശക്തിയും ചൈതന്യവും ചന്ദ്രനെപോലെ പ്രഭചൊരിയും. ബംഗളുരു സ്വദേശി ഗണ ശ്രാവണ്‍ സ്വാമിജിയുടെ ജീവിതകഥ ഇതിനു വലിയൊരു ഉദാഹരണമാണ്. സാക്ഷാല്‍ ചോറ്റാനിക്കര ദേവിയുടെ അനുഗ്രഹമാണ് അദ്ദേഹത്തിന് ചൊരിഞ്ഞുകിട്ടിയത്. അതിനു പകരം നല്‍കാന്‍ മറ്റൊന്നുകൊണ്ടും ആകില്ലെന്നറിഞ്ഞിട്ടും ആ ഭക്തന്‍ തന്റെ ഉപാസനമൂര്‍ത്തിയോടുള്ള ഭക്തികാരണം ഒരു പ്രവൃത്തി ചെയ്യാനൊരുങ്ങുകയാണ്. അത് പ്രഖ്യാപിച്ചപ്പോള്‍ വലിയൊരു അത്ഭുതംപോലെയാണ് ഭക്തരെല്ലാം കേട്ടത്. ദേവി കുടികൊള്ളുന്ന ക്ഷേത്ര പുനരുദ്ധാരണം സ്വന്തം ചിലവില്‍ ഏറ്റെടുക്കുകയാണ്. ലക്ഷങ്ങളല്ല, കോടികള്‍. അതും 526 കോടി രൂപ ചിലവില്‍. ഇത്രമാത്രം തുക മുടക്കി ക്ഷേത്ര പുനരുദ്ധാരണം ഏറ്റെടുക്കണമെങ്കില്‍ ഗണ ശ്രാവണ്‍ സ്വാമിജിയെ ചോറ്റാനിക്കരദേവി എങ്ങനെയാണ് അനുഗ്രഹിച്ചതെന്നും എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നുമുള്ള അത്ഭുതകഥകൂടി അറിയേണ്ടതുണ്ട്.

സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമയാണ് ഗണ ശ്രാവണ്‍ സ്വാമിജി എന്ന ഈ ചോറ്റാനിക്കര അമ്മയുടെ ഭക്തന്‍. രാജ്യമൊട്ടുക്കും പരന്നുകിടക്കുന്ന സ്വര്‍ണ, വജ്ര വ്യാപാരികൂടിയാണ് ഇദ്ദേഹം. ജ്യോതിഷവും വശമുണ്ട്. അതിനുമപ്പുറം തികഞ്ഞ സംഗീതജ്ഞനും. 20വര്‍ഷത്തോളം സംഗീതത്തിന്റെ പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇതിനിടയിലാണ് ജ്യോതിഷവും സ്വര്‍ണബിസിനസുമെല്ലാം ചെയ്തുവന്നിരുന്നത്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനവും ചലനവുമെല്ലാം നോക്കി കൂട്ടിയും കിഴിച്ചും രാശി പറഞ്ഞിരുന്ന ഗണ ശ്രാവണ്‍ സ്വാമിജിക്ക് പക്ഷേ സ്വന്തം ജീവിതത്തിലെ വലിയൊരു തകര്‍ച്ചയുടെ തുടക്കം കണ്ടെത്താനായില്ല. മാനസികമായും സാമ്പത്തികമായും തകര്‍ന്ന് തരിപ്പണമായി. അഞ്ചുവര്‍ഷം മുമ്പുവരെയുള്ള കഥയാണ് ഇത്. എന്നാല്‍ ഈശ്വരനിശ്ചയംപോലെ അദ്ദേഹം ചോറ്റാനിക്കര ദേവിയുടെ സന്നിധിയിലെത്തിയതോടെ ജീവിതംതന്നെ മാറിമറിഞ്ഞു.

ആചാരി എന്നു വിളിപ്പേരുള്ള കര്‍ണാടകയിലെ ഹസ്സന്‍ സ്വദേശിയായ ഗുരുവാണ് ആ സമയത്ത് ചോറ്റാനിക്കര ദേവീ സന്നിധിയിലെത്തിച്ചേരാനുള്ള ഉപദേശം നല്‍കിയത്. മൈസൂര്‍ മഹാരാജാവിന്റെ ആത്മീയ ഗുരുവും ഉപദേശകനുമായ ഗുരുവിന്റെ വാക്കുകള്‍ ശിഷ്യന്‍ ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു. പ്രകൃതിയുടെ ഹരിതസ്വ്പനങ്ങള്‍ക്കിടയില്‍ നിലകൊള്ളുന്ന ക്ഷേത്ര സന്നിധിയിലേക്ക് തൊഴുകൈകളോടെ എത്തിചേര്‍ന്നു. അമ്മയെ ഉപാസിച്ചു, പ്രാര്‍ഥിച്ചു. തന്റെ സങ്കടങ്ങളുടെ കെട്ടഴിച്ച് മനസ് ശാന്തവും ശുദ്ധവുമാക്കി. സ്വച്ഛസുന്ദരവും ഭക്തിനിര്‍ഭരവുമായ ജീവിതത്തിന് അവിടെനിന്നും തുടക്കമാവുകയായിരുന്നു. മാനസികമായും സാമ്പത്തികമായും ഉന്നതിയിലേക്കും എത്തിതുടങ്ങി. അമ്മയോടുള്ള ഉപാസനയും പ്രാര്‍ഥനകള്‍ക്കും മുടക്കംവരുത്തിയില്ല.
മാസം രണ്ടു പ്രാവശ്യം വീതം എറണാകുളത്തെത്തി ചോറ്റാനിക്കര അമ്മയെ ദര്‍ശിച്ചു തുടങ്ങി. ആ പതിവിന് ഇന്നും മുടക്കംവരുത്തിയിട്ടില്ല. പ്രത്യേകിച്ച് എല്ലാ പൗര്‍ണമി, അമാവാസി ദിനങ്ങളിലും എത്തിച്ചേരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ബിസിനസ് കൂടുതല്‍ രാജ്യങ്ങളിലേയ്ക്കു വ്യാപിച്ചു. ദേവിയുടെ ഉപാസകനായ നാലു വര്‍ഷത്തിനകം സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് തിരികെപിടിച്ച അതിസമ്പന്നവാനായ ഗണശ്രാവണ്‍ സ്വാമിജി മറ്റുള്ളവര്‍ക്ക് അത്ഭുതമാകുകയാണ്.

അഞ്ചു വര്‍ഷമായി ചോറ്റാനിക്കര അമ്മയെമാത്രമാണ് അദ്ദേഹം ഉപാസിച്ചത്. ചോറ്റാനിക്കര അമ്മയുമായി മുന്‍ജന്മ ബന്ധമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അമ്മയാണ് തന്നെ കൈപിടിച്ച് ഉയര്‍ത്തിയതെന്ന വിശ്വാസം ഓരോദിവസവും ഊട്ടിയുറപ്പിക്കുന്നു. ഇതിനിടയ്ക്ക് മനസില്‍ വലിയൊരു ആഗ്രഹത്തിന് അദ്ദേഹം തീരുമാനമെടുത്തിരുന്നു. അടുത്തിടെ കുടുംബസമേതം ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് പദ്ധതികള്‍ പുറംലോകത്തെ അറിയിച്ചത്. ചോറ്റാനിക്കര ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള മുഴുവന്‍തുകയും സംഭാവനചെയ്യുന്നു എന്നതായിരുന്നു അത്.
അമ്മയുടെ പേരിലുള്ള ദേവീ ക്ഷേത്രം ലോകത്ത് എല്ലായിടത്തുമുള്ള ആളുകള്‍ക്ക് കടന്നു വരാനും ആരാധിക്കാനും കഴിയുന്ന ഇടമാകണമെന്ന ആഗ്രഹംകൂടിയുണ്ട് ഇതിനു പിന്നില്‍. ക്ഷേത്രം ഭാരവാഹികള്‍ ആര്‍ക്കിടെക്ട് ബി.ആര്‍. അജിത്തിനെ അദ്ദേഹത്തെ പരിചയപ്പെടുത്തി.ദേവിയുടെ മറ്റൊരത്ഭുതമെന്നോണം അജിത്തുമായി സംസാരിച്ചപ്പോള്‍ ഒരു വര്‍ഷം മുന്‍പു താന്‍ ആലോചിച്ച പദ്ധതി അജിത് പത്തു വര്‍ഷം മുമ്പ് ആലോചിച്ച് തയാറാക്കി വച്ചിരുന്നുവെന്ന വിവരമായിരുന്നു. ഇത് തന്റെ നിയോഗമാണെന്ന തീരുമാനം ഇതോടെ അദ്ദേഹം ഊട്ടിയുറപ്പിക്കുകയും ചെയ്തു.

ഏഴു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവ്. പഞ്ചായത്തില്‍ നിന്നുള്ള അനുമതി തുടങ്ങിയ സാങ്കേതികാനുമതികള്‍ മാത്രമേ ഇനി വേണ്ടതുള്ളൂ. ഒരു മാസത്തിനകംതന്നെ പ്രാഥമിക നടപടികള്‍ തുടങ്ങും. സ്വാമിജി ഗ്രൂപ്പ് നേരിട്ടായിരിക്കും നിര്‍മാണം. ദേവസ്വം ബോര്‍ഡും സര്‍ക്കാരും മേല്‍നോട്ടം വഹിക്കും. ഇതോടൊപ്പം 500 കിടക്കകളുള്ള കേരളത്തിലെ ആദ്യ സൗജന്യ ആശുപത്രി കൂടി സ്ഥാപിക്കാന്‍ സ്വാമിജി ഗ്രൂപ്പിന് പദ്ധതിയുണ്ട്.

Related Posts