സ്പെഷ്യല്‍
ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നെയ്യാട്ട് നടത്തിയാല്‍

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇത്തവണത്തെ തുലാസംക്രമ നെയ്യാട്ട് ഒക്ടോബര്‍ 17 ശനിയാഴ്ച (1196 തുലാം 1) സംക്രമ മുഹൂര്‍ത്തം രാവിലെ 7 ന് നടക്കും.

AD 1749 വരെ തിരുവിതാംകൂറിനും കൊച്ചിയ്ക്കും ഇടയില്‍ നിലനിന്നിരുന്ന സ്വതന്ത്ര നാട്ടുരാജ്യമായ തെക്കുംകൂറിന്റെ രാജ്യാതിര്‍ത്തി, തെക്ക് പമ്പാനദി വരെയായിരുന്നു. രാജ്യാതിര്‍ത്തിയായ ചെങ്ങന്നൂര്‍ ദേശത്തെ മഹാദേവ ക്ഷേത്രത്തില്‍ രാജ്യത്തിന്റെ സംരക്ഷണത്തിനായി പ്രാര്‍ത്ഥനയോടു കൂടി തെക്കുംകൂര്‍ രാജാവ് നെയ്യാട്ടു നടത്തിവന്നിരുന്നു. തെക്കുംകൂര്‍ രാജാവിന്റെ വകയായിരുന്ന കോട്ടയം ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലും ഇപ്പ്രകാരം ഇതേസമയം നെയ്യാട്ടു നടന്നു വന്നിരുന്നു.

മാര്‍ത്താണ്ടവര്‍മ്മ മഹാരാജാവ് കൊല്ലവര്‍ഷം 925 (1749 AD) ല്‍ ചെറുവള്ളി ,ചിറക്കടവ് ,പെരുവന്താനം തുടങ്ങിയ തെക്കുംകൂര്‍ വക ദേശങ്ങള്‍ കീഴടക്കി വഞ്ഞിപ്പുഴപ്പണ്ടാരത്തിലേക്ക് ദാനം ചെയ്യപ്പെട്ടതിനു ശേഷം, ആ പണ്ടാരത്തില്‍ പൂര്‍വ്വാധികം ഭംഗിയോടെ തുലാസംക്രമ നെയ്യാട്ടു ഏറ്റുനടത്തി വന്നതുമാണ്.

തുലാം ഒന്നാം തീയതി തുലാസംക്രമത്തിനാണ് നെയ്യാട്ടു നടത്തുന്നത്. ആ മുഹൂര്‍ത്തം തെറ്റാതെ ‘ അറുനാഴിയൊഴുക്ക് ‘ നെയ്യ്, ചെങ്ങന്നുരിനു വടക്ക് കുറ്റൂര്‍ എന്ന സ്ഥലത്ത് നിന്നും കൊണ്ടുവന്നു അഭിഷേകം നടത്തിയ ശേഷം ചിറക്കടവില്‍ നിന്നും കൂടുതല്‍ നെയ്യ് വന്നാലുടന്‍ അത് ശിവങ്കല്‍ അഭിഷേകം നടത്തുകയും നെയ്യ്പായാസം വച്ചു നിവേദിക്കുകയും ചെയ്തുവരുന്നു.

ചിറക്കടവ് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന നെയ്യില്‍ ഒരുവിഹിതമാണ് ഘോഷയാത്രയായി ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എത്തിക്കുന്നത്. മുപ്പത്തിആറു പറ നെയ്യ് അഭിഷേകം നടത്തുകയായിരുന്നു പതിവെങ്കിലും 150 പറയോളം നെയ്യ് ഇപ്പോള്‍ അഭിഷേകം ചെയ്യാറുണ്ട്. ആടിയ ശിഷ്ടം നെയ്യ് പിന്നീട് വിതരണം ചെയ്യുന്നു. ശിരോ രോഗങ്ങള്‍ക്കും മറ്റും ഇത് ഉത്തമമെന്നാണ് ഭക്തജന വിശ്വാസം.

ചെങ്ങന്നുരിനു അഞ്ചു കിലോമീറ്റര്‍ വടക്ക് ‘കുറ്റൂര്‍’ ദേശം തെക്കംകൂര്‍ രാജകുടുംബത്തിലെ ഇളംമുറരാജാക്കന്മാരുടെ അധിവാസ കേന്ദ്രമായിരുന്നു. അതിനാലാണ് അവിടുന്ന് നെയ്യ് കൊണ്ടുവന്നിരുന്നത്. കാലാന്തരത്തില്‍ ഈ ചടങ്ങുകള്‍ എപ്പോഴോ മുടങ്ങിയെങ്കിലും ദേവപ്രശ്‌നത്തില്‍ നെയ്യാട്ടു ഉടനെ പതിവായി നടത്തണമെന്ന് പ്രശ്‌നവിചാരത്തില്‍ തെളിഞ്ഞതിനാല്‍, ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, ദേവപ്രശ്ന വിധിപ്രകാരം നെയ്യാട്ട് പുനരാരംഭിച്ചു.

ഇഷ്ടദേവന് നെയ്യഭിഷേകം നടത്താന്‍ ഭക്തരും ദേശക്കാരും ഉത്സാഹിച്ച് നെയ്യ് വഴിപാടായി സമര്‍പ്പിക്കുന്നത് മൂലം നെയ്യുടെ അളവ് വര്‍ഷാവര്‍ഷം കൂടി വരികയാണെന്ന് പ്രത്യേകം പറയണ്ടല്ലോ !
സര്‍വ്വം ശിവം …. ഓം നമഃ ശിവായ …

സമ്പാദനം : Adv Unnikrishnan Nair

Related Posts