വാസ്തു
വീട് നേടാനും നഷ്ടപ്പെടാനും യോഗമുള്ളവര്‍

ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ഭവനം ഏതൊരു വ്യക്തിയുടേയും സ്വപ്നമാണ്. ഒരു വ്യക്തിയുടെ ഗൃഹനിര്‍മ്മാണം അയാളുടെ ജാതകത്തിലെ നാലാം ഭാവ ചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തികമായി ഉന്നത നിലയിലുള്ള പല വ്യക്തികള്‍ക്കും സ്വന്തമായി ഒരു ഭുമി വാങ്ങാനോ അല്ലെങ്കില്‍ ഉള്ള ഭുമിയില്‍ ഒരു ഗൃഹനിര്‍മ്മാണം നടത്തുവാനോ സാധിക്കുന്നില്ല. എന്നാല്‍, രസകരമായ മറ്റൊരു വസ്തുത സാമ്പത്തിക അടിത്തറ വലുതായി ഇല്ലാത്ത പലര്‍ക്കും വളരെ പെട്ടെന്ന് ഗൃഹ നിര്‍മ്മാണം സാധ്യമാകുന്നുമുണ്ട്.

ഒരു വ്യക്തിയുടെ ഗൃഹ സങ്കല്‍പ്പം നാലാം ഭാവ ചിന്തയില്‍ കൂടി ബോധ്യപ്പെടുന്നതാണ്. ഭാവത്തില്‍ വ്യാഴം നില്‍ക്കുന്ന വ്യക്തികള്‍ വലിയ വീട് എന്ന സങ്കല്‍പ്പത്തില്‍ ഉള്ളവര്‍ ആയിരിക്കും. ശുക്രനാണെങ്കില്‍ വലുപ്പത്തിന് പ്രാധാന്യം കൊടുക്കാതെ ആഡംബരത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍ ആയിരിക്കും. ശനിയില്‍ നില്‍ക്കുന്നവര്‍ വലുപ്പത്തിനും ആഡംബരത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നതായി കണ്ടുവരുന്നില്ല. നാലില്‍ ബുധന്‍ നില്‍ക്കുന്നവര്‍ വീട് വാങ്ങുന്നതില്‍ വലിയ താല്‍പ്പര്യം കാണിക്കാതെ സ്വന്തമായി പണികഴിപ്പിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ ആയിരിക്കും. കൂടാതെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും തന്റെ സാങ്കേതികമായ അറിവ് നിര്‍മ്മാണത്തില്‍ പ്രതിഫലിക്കണമെന്ന് നിര്‍ബന്ധ ബുദ്ധിയുള്ളവര്‍ കൂടിയായിരിക്കും.

നാലില്‍ ചൊവ്വ നില്‍ക്കുന്ന വ്യക്തികള്‍ക്ക് ഗൃഹനിര്‍മ്മാണം ദുഷ്‌ക്കരമാണെന്നു മാത്രമല്ല ചെറുപ്രായത്തില്‍ തന്നെ സ്വന്തം ഗൃഹം വിട്ട് പോകേണ്ട അവസ്ഥ സംജാതമാകുന്നതായി കണ്ടു വരുന്നു. ഇത്തരക്കാര്‍ക്ക് സ്വന്തം വീട്ടിലെ അസുഖകരമായ സാഹചര്യങ്ങള്‍ ആവും വീട് വിട്ട് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത് എന്നു മാത്രമല്ല തറവാട് എന്നും ഇവരുടെ മനസ്സില്‍ ഒരു ചോദ്യ ചിഹ്നമായിരിക്കും. 12 ആം ഭാവാധിപന്റെയോ അഷ്ടമാധിപന്റെയോ ബന്ധം കൂടി നാലാം ഭാവാധിപനോ നാലാം ഭാവത്തിനോ വന്നാല്‍ ഇതിന്റെ തീവ്രത ഒന്നുകൂടി വര്‍ദ്ധിക്കുന്നതാണ്. ഇങ്ങനെയുള്ള വ്യക്തികള്‍ സ്വന്തം ഭാവനത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അതിന്റെ ഉടമസ്ഥാവകാശം പങ്കാളിയുടെ പേരില്‍ കൂടി നിലനിര്‍ത്തുന്നത് നന്നായിരിക്കും. മറിച്ചായാല്‍ വീട് പണയപ്പെടുത്തുവാനോ വില്‍ക്കാനോ ഉള്ള സാഹചര്യം വന്നു ചേരുന്നതായിരിക്കും.

നാലില്‍ കുജനുള്ള ബിസിനസ്സുകാര്‍ സ്വന്തം വീട് പണയപ്പെടുത്തി ബിസിനസ്സ് നടത്തുക, ബാങ്കില്‍ നിന്നും ഓവര്‍ഡ്രാഫ്റ്റ് കിട്ടാന്‍ വീട് പണയമായി കാണിക്കുക, തുടങ്ങിയവയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതാണ്. ആ ബിസിനസ്സ് തകരും എന്നു മാത്രമല്ല വീട് നഷ്ടപ്പെടുക കൂടി ചെയ്യാന്‍ സാധ്യതയുണ്ട്.

Related Posts