മന്ത്രങ്ങള്‍
ഭദ്രകാളി ജയന്തി; മെയ് 15ന് കാളിഭക്തര്‍ മറക്കാതെ ചെയ്യേണ്ട കാര്യങ്ങള്‍

രൗദ്രഭാവത്തിന്റെ പ്രതീകമായ ഭദ്രകാളി ദേവിയുടെ ജയന്തിയാണ് മെയ് 15 തിങ്കളാഴ്ച. ഈ ദിവസം ദേവീപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും ദുരിതങ്ങളെയും തരണം ചെയ്യാന്‍ അമ്മയുടെ കരുതലെന്ന പോലെ ദേവി, ഭക്തനെ പ്രാപ്തനാക്കും.

അന്നേദിവസം കഴിയുന്നതും ദേവിനാമങ്ങളും മന്ത്രങ്ങളും ജപിക്കേണ്ടതും ദേവീക്ഷേത്ര ദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ലളിതാസഹസ്രനാമം ജപിക്കാവുന്നതാണ്. ഭദ്രകാളി ജയന്തി ദിനത്തില്‍ സന്ധ്യക്ക് വിളക്ക് കൊളുത്തി ദേവീപ്രീതികരമായ നാമങ്ങളും മന്ത്രങ്ങളും ജപിച്ചാല്‍ കുടുംബൈശ്വര്യം വര്‍ധിക്കും.

ഒരു ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം അനുസരിച്ചുള്ള എല്ലാ ദോഷങ്ങള്‍ക്കും പ്രതിവിധിയായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതാണ് ഭദ്രകാളീ ഭജനം. ജാതകത്തിലെ ചൊവ്വയുടെ സ്ഥാനം അനുസരിച്ച് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഭദ്രകാളിയുടെ ധ്യാനസങ്കല്‍പത്തെയാണ് ദോഷപ്രീതിക്കായി ആരാധിക്കേണ്ടത്. ജാതകത്തില്‍ ചൊവ്വ, യുഗ്മരാശികളായ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം,മകരം, മീനം എന്നീ രാശികളിലേതിലെങ്കിലും നിന്നാല്‍ ചൊവ്വയുടെ ദശാകാലത്തും ചൊവ്വാപ്രീതിക്കായും ഭദ്രകാളിയെ ഭജിക്കേണ്ടതാണ്.

ഈ ജാതകര്‍ ചൊവ്വാഴ്ച തോറും ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുന്നതു നന്നായിരിക്കും. മകരമാസത്തിലെ ചൊവ്വാഴ്ചകളിലും ചൊവ്വ മകരംരാശിയില്‍ സഞ്ചരിക്കുന്ന കാലത്തെ ചൊവ്വാഴ്ചകളിലും ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുന്നതു കുജദോഷശാന്തിക്ക് പ്രത്യേകം ഫലപ്രദമാണ്.

നിത്യേന ഭദ്രകാളീ സ്‌തോത്രങ്ങള്‍ ജപിക്കുന്നതും മനോബലമുണ്ടാകുന്നതിന് അത്യധികം ഫലപ്രദമാണ്. ഇവര്‍ ഭദ്രകാളീയന്ത്രം ധരിക്കുന്നതും നന്നായിരിക്കും. മീനം രാശി ലഗ്‌നമായി ജനിച്ചവര്‍, ചൊവ്വ ഒന്‍പതില്‍ നില്‍ക്കുന്നവര്‍, ചന്ദ്രന് പക്ഷബലമില്ലാത്തപ്പോള്‍ വൃശ്ചികലഗ്‌നത്തില്‍ ജനിച്ചവര്‍ എന്നിവരൊക്കെ പതിവായി ഭദ്രകാളിയെ ഭജിച്ചാല്‍ ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നു.

Related Posts