
ഈ സമയം ദീപാരാധന തൊഴുതാല്‍
ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങാണ് ദീപാരാധന. ദീപങ്ങള്‍കൊണ്ട് ഭഗവാനെ ആരാധിക്കുന്നതാണ് ഇത്. നട അടച്ചശേഷമാണ് ശ്രീകോവിലിനുള്ളില്‍ ദീപാരാധന നടക്കുന്നത്. ഈ സമയം നാമജപം ഉത്തമമാണ്. നടതുറക്കുമ്പോള്‍ ക്ഷേത്രാന്തരീക്ഷം കൈമണിയും മന്ത്രജപത്താലും മുഖരിതമാകും. ഈ സമയം ആദ്യം പര്‍വത വിളക്കും പിന്നീട് തട്ടുവിളക്കും ശേഷം നാഗപത്തിവിളക്കും കൊണ്ട് ഉഴിയും.
നടതുറക്കുന്ന സമയമാണ് പ്രധാനം. ദീപാരാധന സമയത്തെ ഭഗവല്‍ദര്‍ശനം അതീവശ്രേഷ്ഠമാണ്. പഞ്ചേന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന ദീപാരാധന സമയം ഭക്തന്റെ മനസ് ദേവചൈതന്യത്തില്‍ അലിഞ്ഞുചേരുന്നരവസ്ഥ സംജാതമാകും. ഭഗവാനെ ഉഴിഞ്ഞ കര്‍പ്പൂരം കൈകൊണ്ട് ഉഴിഞ്ഞ് മുഖത്തിന് അഭിമുഖമായി കൊണ്ടുവരുമ്പോള്‍ ഭഗവത് ചൈതന്യം സ്വശരീരത്തിലേക്ക് പ്രവഹിക്കുന്നതായി ഓരോ ഭക്തനും അനുഭവപ്പെടും.
ഒരുദിവസം വിത്യസ്ത സമയങ്ങളില്‍ ക്ഷേത്രത്തില്‍ ദീപാരാധന നടക്കുന്നുണ്ട്. ഓരോ സമയത്തെയും ദീപാരാധന തൊഴുമ്പോഴും വിത്യസ്ത ഫലങ്ങളാണ് പറയുന്നത്.
പുലര്‍ച്ചെ നിര്‍മാല്യത്തിനും അഭിഷേകത്തിനും ശേഷം ഭഗവാനെ അലങ്കരിച്ച് നടത്തുന്ന അലങ്കാര ദീപാരാധന തൊഴുതാല്‍ മുന്‍ജന്മപാപങ്ങള്‍ നശിക്കുമെന്നാണ് വിശ്വാസം.
പന്തീരടിപൂജയുടെ അവസാനം നടത്തുന്ന പന്തീരടി ദീപാരാധന തൊഴുതാല്‍ ഐശ്വര്യവും സമൃദ്ധിയും ധനധാന്യലബ്ധിയും ഫലം.ഉച്ചപൂജാസമയത്തു അര്‍പ്പിക്കുന്ന ഉച്ചപൂജാ ദീപാരാധന തൊഴുതാല്‍ സമസ്ത പാപങ്ങളും നീങ്ങി ജീവിതത്തില്‍ ഐശ്വര്യം നിറയും.
സന്ധ്യാസമയത്ത് നടത്തുന്ന സന്ധ്യാദീപാരാധന തൊഴുതാല്‍ സര്‍വ്വഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. അത്താഴപൂജയ്ക്ക് ശേഷമുള്ള അത്താഴപൂജ ദീപാരാധന തൊഴുതാല്‍ ദാമ്പത്യസൗഖ്യം ഫലമെന്നും വിശ്വസിക്കുന്നു.
Content Highlights: Benefits of Deeparadhana
ചിത്രത്തിന് കടപ്പാട് സോഷ്യല്‍മീഡിയ