സ്പെഷ്യല്‍
ആവണിഅവിട്ടം ഓഗസ്റ്റ്‌ 11ന്; ഇക്കാര്യം അറിയാം
ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുന്‍പ് വരുന്ന പൗര്‍ണ്ണമി നാളാണ് ആവണി അവിട്ടം. ആവണി മാസത്തിലെ അവിട്ടം നാളിലാണു രക്ഷാ ബന്ധന്‍  ആഘോഷിക്കുന്നത്. ബ്രാഹ്മണര്‍ അന്നു പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുകയും പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുകയും ചെയ്യുന്നു.  ഈ ദിവസം വേദോച്ചാരണവും മന്ത്രോച്ചാരണവും  നടത്തുന്നതു വളരെ ശുഭകരമായാണു കണക്കാക്കുന്നത്. 2022 ലെ ആവണിഅവിട്ടം ഓഗസ്റ്റ് 11 വ്യാഴാഴ്ചയാണ്.
ബ്രാഹ്മണ യുവാക്കള്‍ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ഈ ദിവസമാണ്. പൂണൂല്‍ പൊട്ടുമ്പോള്‍ മാറുമെങ്കിലും ഉപാകര്‍മ്മം എന്ന ആവണി അവിട്ടത്തിനു പഴയ പൂണൂലുമാറ്റി പുതിയവ ധരിക്കുന്നു. വേദങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനു ചില പ്രാദേശിക ഭേദങ്ങള്‍ നിലവിലുണ്ട്. ഉപാകര്‍മ്മം സാധാരണ അമ്പലങ്ങളിലോ ജലാശയ സാന്നിധ്യമുള്ളിടത്തോ ആണു നടത്തുക പതിവ്. മുഖ്യപുരോഹിതന്റെ നേതൃത്വത്തില്‍ പ്രധാന വേദഭാഗങ്ങള്‍ ചൊല്ലി കര്‍മ്മങ്ങള്‍ക്കു തുടക്കം കുറിക്കും.
പഴയ പൂണൂല്‍ മാറ്റി പുതിയവ ധരിക്കുമ്പോള്‍ പ്രത്യേക മൂഹൂര്‍ത്തത്തിലായിരിക്കും. തുടര്‍ന്നു ഗായത്രി എല്ലാവരും ചേര്‍ന്ന് ഉരുവിടുന്നു. അതിനുശേഷമാണു ബലിതര്‍പ്പണചടങ്ങ്. ഉപാകര്‍മ്മത്തിനു പിറ്റേന്ന് ഉദയത്തിനു മുന്‍പായി ആയിരത്തെട്ട് ഗായത്രി ജപിക്കുക എന്നതു വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു.  ബ്രഹ്മചാരികള്‍ക്കു മൂന്നിഴയുള്ള പൂണൂലും, വിവാഹം കഴിഞ്ഞവര്‍ക്കു മൂന്നിഴവീതമുള്ള രണ്ടു പൂണൂലും. അറുപതുവയസ് കഴിഞ്ഞവര്‍ക്ക് ഇത്തരത്തിലെ മൂന്നു പൂണൂവും ധരിക്കണം.
Related Posts