സ്പെഷ്യല്‍
ആറ്റുകാലമ്മയെ മനമുരുകി പ്രാര്‍ഥിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌

ആറ്റുകാലമ്മ വിളിച്ചാല്‍ വിളിപ്പുറത്താണ്. മനസറിഞ്ഞ് പ്രാര്‍ഥിക്കുന്ന ഭക്തരുടെ പ്രാര്‍ഥനകേള്‍ക്കുന്ന അഭയവരദായിനിയാണ് ആറ്റുകാല്‍ഭഗവതി. ആറ്റുകാലമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പൊങ്കാല ഭക്തിയോടെ അര്‍പ്പിക്കുന്ന ഭക്തരെ കൈവിടില്ലെന്നാണ് വിശ്വാസം. ഇത്തവണത്തെ പൊങ്കാല മാര്‍ച്ച് 9 നാണ്.

ഭക്തര്‍ മാതൃസങ്കല്‍പ്പത്തില്‍ ആരാധിക്കുന്ന ആറ്റുകാല്‍ഭഗവതി കൗമാരക്കാരിയായ കണ്ണകിയാണെന്നാണ് സങ്കല്‍പ്പം. ഒന്‍പതുദിവസം വ്രതമെടുത്താണ് ഭഗവതിക്ക് പൊങ്കാലയര്‍പ്പിക്കേണ്ടത്. അതിനുസാധിക്കാത്തവര്‍ മൂന്നുദിവസമെങ്കിലും വ്രതമെടുക്കണം. തന്നെ തന്നെ ദേവിയില്‍ സമര്‍പ്പിച്ചുകൊണ്ടാണ് വ്രതമെടുക്കേണ്ടത്. സദാദേവീനാമങ്ങള്‍ ജപിക്കുകയും ആഹാരകാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണം. മാംസാഹാരം ഒഴിവാക്കി ഒരുനേരം അരിയാഹാരം കഴിച്ചും മറ്റുസമയങ്ങളില്‍ ഫലവര്‍ഗങ്ങള്‍ കഴിച്ചുമാണ് ആഹാരകാര്യം നിയന്ത്രിക്കേണ്ടത്.

നല്ലചിന്തയോടും വാക്കുകളോടും കൂടിയായിരിക്കണം പൊങ്കാലയിടേണ്ടത്. മനസില്‍ ദേവീമന്ത്രങ്ങള്‍ ഉരുവിടുകയും വേണം. മാസമുറയായ സ്ത്രീകള്‍ പൊങ്കാലയിടാന്‍ പാടില്ല. പുല, വാലായ്മയുള്ളവര്‍ പൊങ്കാലയിടരുത്. പ്രസവിച്ച് 90 കഴിഞ്ഞേ പൊങ്കാലയിടാവൂ. അല്ലെങ്കില്‍ ചോറൂണു കഴിഞ്ഞ് പൊങ്കാലയിടാമെന്നാണ് ആചാരം.

ഉണക്കലരി, നാളികേരം, ശര്‍ക്കര, ചെറുപഴം, തേന്‍, നെയ്യ്, പഞ്ചസാര, കല്‍ക്കണ്ടം, ഉണക്കമുന്തിരിങ്ങ, ചെറുപയര്‍, കശുവണ്ടിപ്പരിപ്പ്, എള്ള് എന്നിവ കൊണ്ടാണ് പൊങ്കാലയിടുന്നത്.

പൊങ്കാലയ്ക്കു തീ പകരും മുമ്പേ, അടുപ്പിനു മുമ്പില്‍ വിളക്കും നിറനാഴിയും വയ്ക്കണം. കുടുംബ പരദേവതയേയും പരേതാത്മാക്കളെയും സങ്കല്‍പിച്ച് ദുരിതമോചനവും ഐശ്വര്യവര്‍ധനയും വാസ്തുദുരിതങ്ങളും മാറ്റിത്തരണെയെന്നു പ്രാര്‍ഥിച്ചാണ് നിറനാഴിയും പറയും നിലവിളക്കും വയ്‌ക്കേണ്ടത്. തുടര്‍ന്ന് അടുപ്പ് തീര്‍ഥം തളിച്ച് ശുദ്ധി വരുത്തണം.

പൊങ്കാല തിളച്ചുതൂവുന്ന ദിശനോക്കിയാല്‍ ചില ഫലങ്ങള്‍ അറിയാമെന്നാണ് വിശ്വസിക്കുന്നത്. കിഴക്കോട്ടു തിളച്ചുതൂകിയാല്‍ ഇഷ്ടകാര്യങ്ങള്‍ ഉടന്‍ നടക്കുമെന്നും വടക്കോട്ടായാല്‍ കാര്യങ്ങള്‍ നടക്കാന്‍ അല്‍പം കാലതാമസം വരുമെന്നും പടിഞ്ഞാറും തെക്കുമായാല്‍ ദുരിതം മാറിയിട്ടില്ലെന്നുമാണ് വിശ്വാസം. പൊങ്കാല നിവേദ്യം തയാറായിക്കഴിഞ്ഞ് ഉപവാസം അവസാനിപ്പിക്കാം. ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തവര്‍ ദേവിയെ ഭക്തിയോടെ സങ്കില്‍പ്പിച്ചശേഷം വീടിനുമുന്നിലോ സ്ഥാപനത്തിന്റെ മുന്നിലോ പൊങ്കാലയിട്ടാലും മതി.

Related Posts