നക്ഷത്രവിചാരം
വിവാഹശേഷം ഇവരുടെ സമയം തെളിയും

ആഢംബരതത്പരരും എല്ലാ കാര്യങ്ങളിലും മാന്യതപാലിക്കുന്നവരുമായിരിക്കും അത്തം നക്ഷത്രക്കാര്‍. തികഞ്ഞ കുലീനതയും പരിശുദ്ധിയും അടുക്കുംചിട്ടയും പാലിക്കുന്നതിലും ഈ നക്ഷത്രക്കാര്‍ മുന്നിട്ടുനില്ക്കും.

ചുറുചുറുക്കും സ്ഥിരോത്സാഹവുമുള്ള ഇവര്‍ എത്ര താഴ്ന്ന നിലയില്‍നിന്നും പരിശ്രമത്താല്‍ ഉന്നതനിലയില്‍ എത്തിച്ചേരുന്നവരായിരിക്കും. വിദ്വേഷവും അസൂയയും പുറത്ത് പ്രകടിപ്പിക്കുകയില്ലെങ്കിലും മനസില്‍ അത് വയ്ച്ചുകൊണ്ടിരിക്കുന്നത് ദൗര്‍ബല്യമായി കണക്കാക്കാം.

ഇവരുടെ സഹായംകൊണ്ട് ഗുണംനേടിയവര്‍ അതിനുശേഷം എതിരാളികളായി തീരാനും മോശമായി സംസാരിക്കാനും ഇടയുണ്ടായേക്കാം. വൈകാരിക ചിന്തകള്‍ക്ക് മുന്‍തൂക്കം കൊടുത്ത് പ്രവര്‍ത്തിക്കുന്ന ഇവര്‍ പൊതുവേ യുക്തിചിന്ത കുറവായേ പ്രകടിപ്പിക്കാറുള്ളൂ. അധികാരമില്ലാത്ത ജോലിയില്‍ ശോഭിക്കാന്‍ കഴിയാത്ത ഇക്കൂട്ടരെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമാറി കടാക്ഷിച്ചുകൊണ്ടിരിക്കും.

വീടുവിട്ട് താമസിക്കാന്‍ നിര്‍ബന്ധിതരാകും. വിവാഹശേഷമായിരിക്കും നല്ലജീവിതം തെളിയുന്നത്. സ്ത്രീകള്‍ സുന്ദരികളും സുശീലകളും ഈശ്വരവിശ്വാസികളുമായിരിക്കും. വിശേഷപ്പെട്ട വസ്തുക്കളോട് കമ്പമുള്ള ഇവര്‍ സംഗീതാദികലകളില്‍ താത്പര്യമുള്ളവരും ആത്മജ്ഞാനികളുമായിരിക്കും.

ശാസ്ത്രം, സാഹിത്യം, അധ്യാപനം, നിയമകാര്യങ്ങള്‍, ബിസിനസ്, ഹോട്ടല്‍ എന്നിവയില്‍ ശോഭിക്കും. കുടല്‍രോഗം, രക്തക്കുറവ്, ഹിസ്റ്റീരിയ, വാതം എന്നീ രോഗങ്ങള്‍ ബാധിക്കാനും ഇടയുണ്ട്.

അഞ്ചുനക്ഷത്രങ്ങള്‍ ചേര്‍ന്ന് ആവനാഴിപോലെ കാണപ്പെടുന്നതാണ് അത്തം നക്ഷത്രം. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍, തോണി വെള്ളത്തിലിറക്കല്‍ എന്നിവയ്ക്കു യോജ്യം. ലഘുവായ നക്ഷത്രമായതിനാല്‍ യാത്രയാരംഭിക്കുന്നതിനും ആഭരണങ്ങള്‍ ധരിക്കാനും പുണ്യകര്‍മങ്ങള്‍ ചെയ്യാനും ഉത്തമം. അത്തത്തിന് പാദദോഷമുണ്ട്.

ആദ്യത്തെ 15 നാഴികകയ്ക്കുള്ളില്‍ ജനിക്കുന്ന കുഞ്ഞ് പിതാവിനും രണ്ടും, മൂന്നും നാലും പാദങ്ങളില്‍ ജനിക്കുന്ന കുഞ്ഞ് യഥാക്രമം മാതുലനും, ജനിക്കുന്ന കുഞ്ഞിനു തന്നെയും, മാതാവിനും ദോഷത്തിനിടയാക്കും. അത്തം നക്ഷത്രത്തില്‍ ജനിക്കുന്ന എല്ലാവര്‍ക്കും ഇതു ബാധകമല്ല.

ദേവത-ആദിത്യന്‍, ഗണം-ദൈവം, യോനി-സ്ത്രീ, ഭൂതം-അഗ്‌നി, മൃഗം-പോത്ത്, പക്ഷി-കാകന്‍, വൃക്ഷം- അമ്പഴം.

Related Posts