സ്പെഷ്യല്‍
ഭാഗ്യം വര്‍ധിക്കാന്‍ ചെയ്യേണ്ടത്‌
എല്ലാ വ്യക്തികള്‍ക്കും ജീവിതത്തില്‍ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകണമെന്നില്ല. ജാതകത്തില്‍ യോഗം ഉള്ളവര്‍ക്കു മാത്രമേ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകൂ. ജാതകത്തില്‍ ഭാഗ്യസ്ഥാനാധിപതി 6, 8, 12 ഭാവങ്ങളില്‍ നില്‍ക്കുക, നീചത്തില്‍ നില്‍ക്കുക, ശത്രുരാശിയില്‍ നില്‍ക്കുക ഇവയൊക്കെ ഭാഗ്യഹാനി ഉണ്ടാക്കുന്ന യോഗങ്ങള്‍ ആകുന്നു.
നിങ്ങളുടെ ജാതകത്തില്‍ ലഗ്‌നം തുടങ്ങി എണ്ണുമ്പോള്‍ ഒന്‍പതാം ഭാവമാണ് ഭാഗ്യസ്ഥാനം. ഈ രാശിയില്‍ നോക്കുകയും നില്‍ക്കുകയും ചെയ്യുന്ന ഗ്രഹങ്ങളെക്കൊണ്ടും ഈ ഭാവാധിപനെക്കൊണ്ടും ഭാഗ്യാനുഭവങ്ങളുടെ ഗുണദോഷനിരൂപണം നടത്താം.
ഭാഗ്യസ്ഥാനത്ത് ആദിത്യന്റെ ബന്ധം വന്നാല്‍ പിതൃസേവനം കൊണ്ടു ഭാഗ്യം വര്‍ധിപ്പിക്കാം. ലഗ്‌നാല്‍ 9 ആം ഭാവാധിപന്‍ ആരാണോ ആ ഗ്രഹത്തിന്റെ ദേവതയാണു ഭാഗ്യാധിപന്‍. ചന്ദ്രബന്ധം വന്നാല്‍ മാതൃവിഭാഗത്തില്‍ ഉളളവരെ സേവിക്കണം. സോമവാരവ്രതാനുഷ്ഠാനവും നന്ന്.
കുജബന്ധം വന്നാല്‍ സഹോദരവിഭാഗത്തിനു വേണ്ട സഹായങ്ങള്‍ ചെയ്യുകയും തന്നോട് ശത്രുത കാട്ടുന്നവരോട് അനുകമ്പ കാണിക്കുകയും മംഗലവാരവ്രതവും നന്ന്. ബുധനായാല്‍ മാതുലസേവയും ബുധനാഴ്ചവ്രതവും ഉത്തമം.
ഗുരുവായാല്‍ ഗുരുക്കന്മാരെ ബഹുമാനപൂര്‍വം ആദരിക്കുകയും വ്യാഴാഴ്ചവ്രതവും നല്ലത്. ശുക്രനായാല്‍ ഉത്തമകളും സുമംഗലകളും ആകുന്ന വനിതകള്‍ക്കു വസ്ത്രദാനവും വെളളിയാഴ്ചവ്രതവും ഉത്തമം. ശനിയായാല്‍ വ്രതാനുഷ്ഠാനത്തോടു കൂടി വൃദ്ധജനങ്ങള്‍ക്ക് എണ്ണ, വസ്ത്രം, അന്നദാനം ഇവ യഥാശക്തി നടത്തുക.
രാഹുവായാല്‍ അംഗവൈകല്യമുളളവരെ സഹായിക്കുക. ആയില്യം നക്ഷത്രം തോറും വ്രതാനുഷ്ഠാനം നടത്തുക. കേതുവിനു വിധവകളായ അമ്മമാര്‍ക്കു ദാനങ്ങള്‍ നടത്തുകയും പുരോഹിതര്‍ക്കു ദക്ഷിണ നല്‍കുകയും ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നത് ഉത്തമം.
ഭാഗ്യാധിപന്റെ ദേവതാനിര്‍ണയം നടത്തി ആ ദേവനെ പ്രീതിപ്പെടു ത്തുന്നതും ഭാഗ്യ ഐശ്വര്യ വര്‍ധനയ്ക്കായുള്ള സൂക്തങ്ങള്‍ നിത്യവും ജപിക്കുന്നതും ഗുണകരമായിരിക്കും.
Related Posts