സ്പെഷ്യല്‍
ഈവരുന്ന വ്യാഴാഴ്ച വിഷ്ണുഭഗവാനെ ഭജിച്ചോളൂ; അത്യപൂര്‍വ ദിനം

ഓരോ മാസത്തിലും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലും ഓരോ ഏകാദശി ഉണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക പേരും സവിശേഷതകളും പുണ്യഫലങ്ങളും ഉണ്ട്. മെയ് 26 വ്യാഴാഴ്ച കൃഷ്ണപക്ഷ ഏകാദശിയായ ‘അപര’ ഏകാദശിയാണ്. ഈ ഏകാദശിയെ ‘അചല’ ഏകാദശി എന്നും പറയാറുണ്ട്. മറ്റ് ഏകാദശികളെ പോലെ അപര ഏകാദശിയും വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന വ്രതമാണ്.

അപരഎന്നാല്‍ വളരെ അധികം, പരിധിയില്ലാത്ത എന്നെല്ലാം അര്‍ത്ഥമുണ്ട്. അതുകൊണ്ടുതന്നെ ഈ ഏകാദശി അനുഷ്ഠിക്കുന്ന ഭക്തരെ വിഷ്ണുഭഗവാന്‍ അപാരമായ ധനവും, കീര്‍ത്തിയും, പുണ്യവും നല്‍കി അനുഗ്രഹിക്കുന്നു. ഈ ഏകാദശി നോല്‍ക്കുന്നവര്‍ക്ക് കൊടുംപാപങ്ങളില്‍ നിന്നു പോലും മോചനം ലഭിക്കുന്നു. ഇത്തവണത്തെ ഏകാദശിക്ക് അതീവ പ്രാധാന്യമാണ് ഉള്ളത്. വിഷ്ണുഭഗവാന് ഏറെ വിശേഷപ്പെട്ട വ്യാഴാഴ്ചയാണ് ഈ വര്‍ഷത്തെ അപര ഏകാദശിവരുന്നത്. ബുധനാഴ്ച ദശമിനാളില്‍ ഒരിക്കലോടെ വ്രതം തുടങ്ങണം. വ്യാഴാഴ്ച വെളുപ്പിന് 4:52 മുതല്‍ വൈകിട്ട് 5:11 വരെയാണ് ഹരിവാസരം. ഈ സമയത്ത് അന്നപാനാദികള്‍ ഉപേക്ഷിച്ച് വിഷ്ണു നാമ ജപത്തില്‍ മുഴുകണം.

സ്വര്‍ണ്ണം, ഗോക്കള്‍, കുതിര, ആന എന്നിവ ദാനം കൊടുത്താല്‍ ലഭിക്കുന്ന പുണ്യത്തിന് സമം അപര ഏകാദശി അനുഷ്ഠിക്കുന്ന ഭക്തനും ലഭിക്കുന്നു. ഈ ദിവസം വിഷ്ണുവിന്റെ 5ാമത്തെ അവതാരമായ വാമനഭഗവാനെ പൂജിക്കുന്നു. മറ്റെല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതുപോലെ നെല്ലരി ചോറും അരികൊണ്ടുള്ള പദാര്‍ത്ഥങ്ങളും ഉപേക്ഷിക്കേണ്ടതാണ്. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും കഴിക്കാവുന്നതാണ്. പിറ്റേദിവസം വിഷ്ണുക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചതിനുശേഷം ഭക്ഷണം കഴിക്കാവുന്നതാണ്. ഏകാദശി ദിവസം മൗനാചരണം വളരെ നല്ലതാണ്. ഏകാദശി ദിവസം വിഷ്ണു സഹസ്രനാമം ജപിക്കുന്നത് നല്ലതാണ്.

അപര ഏകാദശിവ്രതം അനുഷ്ഠിക്കുന്ന ഭക്തരില്‍, പുത്രനില്ലാത്തവര്‍ക്ക് പുത്രനേയും ധനമില്ലാത്തവര്‍ക്ക് ധനവും ലഭിക്കുന്നതാണ്. എങ്ങനെയാണോ സൂര്യന്‍ അന്ധകാരത്തെ ഇല്ലാതാക്കി വെളിച്ചത്തെ പ്രദാനം ചെയ്യുന്നത് അതുപോലെ അപര ഏകാദശി നോല്‍ക്കുന്ന ഭക്തരുടെ സകലപാപങ്ങളേയും കഴുകി കളഞ്ഞ് പുണ്യത്തെ നല്‍കി വിഷ്ണു ഭഗവാന്‍ അനുഗ്രഹിക്കുന്നു. അപര ഏകാദശി ദിവസം വ്രതം എടുത്ത് വിഷ്ണുവിനെ ഭജിച്ച് വിഷ്ണുപൂജ ചെയ്യുന്ന ഭക്തരുടെ ബുദ്ധിമുട്ടുകളും ദുഃഖങ്ങളും ദൂരീകരിച്ച് അവര്‍ക്ക് വളരെയധികം ധനവും, പുണ്യവും, കീര്‍ത്തിയും നല്‍കി തന്റെ ഭക്തരെ വിഷ്ണു ഭഗവാന്‍ അനുഗ്രഹിക്കുന്നതാണ്. ഇത് കേള്‍ക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും ഇത്തവണത്തെ അപര ഏകാദശി വ്രതമെടുക്കാനും അതുവഴി ഭഗവാന്റെ അനുഗ്രഹം നേടാനും സാധിക്കട്ടെ. നമസ്‌ക്കാരം.

Related Posts