സ്പെഷ്യല്‍
ഈ മഹാമാരി എന്നുവരെ?; 2021 ജൂലൈയില്‍ സംഭവിക്കുന്നത്

മഹാമാരി വരുത്തുന്ന ഗ്രഹസ്ഥിതികള്‍

Anil Velichappad

വ്യാഴം അതിചാരത്തിലും ശനിയുടെ അടുത്ത രാശികളിലോ യോഗത്തിലോ ദൃഷ്ടിയിലോ അതുമല്ലെങ്കില്‍ വ്യാഴം അതിന്റെ അന്ത്യദ്രേക്കാണത്തില്‍ വരികയും ചെയ്യണം. വ്യാഴത്തിന്റെ ശരാശി വേഗം മിനിറ്റില്‍ 777 കിലോമീറ്റര്‍ ആകുന്നു. ഇത് മിനിറ്റില്‍ 1278 കിലോമീറ്ററിന് മേലെ പോകുകയും അതോടൊപ്പം മുകളില്‍ എഴുതിയ സ്ഥിതി
വരികയും ചെയ്താല്‍ ലോകത്ത് മഹാമാരി സുനിശ്ചിതം ആകുന്നു. ഉദാഹരണങ്ങള്‍ ചുവടെ എഴുതുന്നുണ്ട്.

വ്യാഴം ഒരുപ്രാവശ്യം സൂര്യനെ പ്രദക്ഷിണം വെക്കാന്‍ 11 വര്‍ഷവും 10 മാസവും 12 ദിവസവും എടുക്കും. അതിനെയാണ് നമ്മള്‍ പൊതുവെ 12 വര്‍ഷമെന്നും ‘ഒരു വ്യാഴവട്ടം’ എന്നുമൊക്കെ പറയുന്നത്. അപ്പോള്‍ വ്യാഴം ഒരു രാശി കടക്കാന്‍ 361 ദിവസമെടുക്കും. ഇതിനിടയില്‍ ചിലപ്പോള്‍ വേഗം കൂടി ഈ പറയുന്ന കാലത്തിനുമുമ്പേ
രാശി മാറിയാല്‍ അതിനെ ‘അതിചാരം’ എന്നും വേഗം കുറഞ്ഞ് പിന്നിലേക്ക് സഞ്ചരിക്കുന്നത് ‘വക്രം’ എന്നും അറിയപ്പെടുന്നു. വ്യാഴം കഴിഞ്ഞ കുറെ കാലങ്ങളായി അതിചാരത്തിലും വക്രത്തിലും ഒക്കെയായി സഞ്ചരിക്കുന്നുണ്ട്.
വ്യാഴഗ്രഹത്തിന് അതിചാരം വരുന്നത് പൊതുവെ നല്ലതല്ലെന്നും എന്നാല്‍ വ്യാഴത്തിന് വക്രഗതി വരുന്നത് ഉത്തമം ആണെന്നുമുള്ള വിലയിരുത്തലാണ് മറ്റ് പല ജ്യോതിഷ പണ്ഡിതരെപ്പോലെ ഞങ്ങള്‍, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിനുമുള്ളത്. അതിചാരത്തില്‍ സഞ്ചരിച്ച കാലങ്ങളിലൊക്കെയും ലോകത്തിന് ദുരിതവും മഹാമാരിയും നല്‍കിയ ചരിത്രം മാത്രമേ സംഭവിച്ചിട്ടുമുള്ളൂ. വ്യാഴം സ്വയം കറങ്ങുന്നതിന് 9 മണിക്കൂറും 50 മിനിറ്റുംഎടുക്കുന്നുണ്ട്. അതായത് ഏകദേശം 5 മണിക്കൂര്‍ പകലും അതുപോലെ രാത്രിയും. വ്യാഴത്തിന്റെ സഞ്ചാരവേഗം ഒരു മിനിറ്റില്‍ ശരാശരി 777 കിലോമീറ്ററാണ്.

സര്‍വ്വരും പകച്ചുപോയ ഒരു കാലഘട്ടമാണല്ലോ കോവിഡ് രോഗകാലം? ആരും അതൊക്കെ മുന്‍കൂട്ടി കണ്ടില്ല എന്നുതന്നെ പറയുന്നതാകും ശരി. ആരോഗ്യരംഗത്തെ അതികായര്‍ക്ക് രോഗത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാനോ അതിന്റെ പരിവര്‍ത്തനമേഖല കണ്ടുപിടിക്കാനോ കഴിഞ്ഞില്ലെന്ന് എല്ലാര്‍ക്കുമറിയാം. രാഷ്ട്രജാതകം തയ്യാറാക്കുന്ന ജ്യോതിഷപണ്ഡിതരും ഈ മഹാമാരിയെ മുന്‍കൂട്ടി അറിയാതെപോയെന്ന് വളരെ സങ്കടത്തോടെ പറയേണ്ടിവരും.
ലോകത്തെ മാറ്റിമറിക്കുന്ന സംഭവങ്ങളൊക്കെയും പ്രവചിക്കുന്നത് രാഷ്ട്രജാതകം അഥവാ മുണ്ടെയ്ന്‍ ആസ്‌ട്രോളജേഴ്‌സാണ് ചെയ്തുവന്നിരുന്നത്. അവരുടെ അഭാവം ജ്യോതിഷമേഖലയ്ക്ക് വളരെ വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പറയാവുന്നതാണ്. ഡോ: ബി.വി. രാമന്‍ ‘ഈ കാലഘട്ടത്തില്‍ അമേരിക്കയില്‍ ദുഃഖാചരണമുണ്ടാകും…’ എന്നൊക്കെ പറഞ്ഞിട്ടുള്ളത് ഈയവസരത്തില്‍ ഓര്‍ക്കേണ്ടിവരും.

മഹാമാരിയുടെ കാലഘട്ടങ്ങളില്‍ എല്ലായ്‌പ്പോഴും ഒരു പ്രത്യേക ഗ്രഹസ്ഥിതി നമുക്ക് കാണാന്‍ സാധിക്കും.ഇപ്പോഴുള്ളതും നാളെ ഉണ്ടാകുന്നതുമായ എല്ലാ ജ്യോതിഷ വിശ്വാസികള്‍ക്കും വളരെയേറെ ചിന്തിക്കാവുന്നതും അതിലേറെ പഠിക്കാനും അങ്ങനെ ഇപ്രകാരമുള്ള മഹാമാരി സംഭവിക്കാവുന്ന കാലത്തെക്കുറിച്ച് അതാത് രാജ്യഭരണാധികാരികള്‍ക്ക് ഉപദേശം നല്‍കാനും കഴിയുമെങ്കില്‍ അതൊക്കെ ശാസ്ത്രീയ കണ്ടെത്തലുകളേക്കാള്‍ മുന്നിലായിരിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ സാധിക്കുന്നതും മഹത്തരമായ കാര്യം
തന്നെയല്ലേ?

കുറെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് സഞ്ചരിച്ച് ഞങ്ങള്‍, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം ഇപ്രകാരമുള്ള ഗ്രഹസ്ഥിതി കണ്ടെത്താന്‍ വളരെയേറെ പരിശ്രമിക്കുകയുണ്ടായി. വളരെ പഴയകാലങ്ങളിലെ ഗ്രഹസ്ഥിതി കണ്ടെത്താന്‍ പ്രായോഗികമായി പ്രയാസമുള്ളതാണെന്ന് അറിയാമല്ലോ…

വ്യാഴഗ്രഹം ശനിഗ്രഹത്തിന്റെ പിന്നിലെ രാശിയിലോ, ഒരേ രാശിയിലോ, മുന്നിലെ രാശിയിലോ, ശനിയുടെ ദൃഷ്ടിയോടെയോ, പരസ്പരം ഏഴിലോ വരികയോ അതുമല്ലെങ്കില്‍ വ്യാഴം അതിന്റെ അന്ത്യദ്രേക്കാണത്തില്‍ വരികയും ഒപ്പം വ്യാഴത്തിന്റെ സഞ്ചാരവേഗം ശരാശരി വേഗമായ മിനിറ്റില്‍ 777 കിലോമീറ്റര്‍ എന്നതില്‍ നിന്നും മാറി 1278 കിലോമീറ്ററിന് മേലെ മിനിറ്റില്‍ അതിവേഗം വരുന്ന കാലഘട്ടങ്ങളില്‍ ലോകത്ത് മഹാമാരി പൊട്ടിപ്പുറപ്പെട്ടു എന്ന് കേട്ടാല്‍ സത്യത്തില്‍ അതിശയിച്ചുപോകില്ലേ? അതെ. അതിശയിക്കണം. കാരണം ഈ എഴുതിയിരിക്കുന്നത് സത്യമാണെന്ന് ചുവടെയുള്ള കണക്കുകള്‍ നിങ്ങളെ ബോദ്ധ്യപ്പെടുത്തും. കൃത്യമായ ജ്യോതിഷ വിവരങ്ങള്‍ നല്‍കുമ്പോള്‍ ആയതിന് കൃത്യമായ ഉദാഹരങ്ങളും തെളിവായി സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ചില യുക്തിവാദികള്‍ പറയുന്നത് ജ്യോതിഷം കാപട്യത്തിലൂടെ കടന്നുപോകുന്നതും ശാസ്ത്രശാഖയുടെ കൂടെപ്പിറപ്പല്ല എന്നുമൊക്കെയാണല്ലോ. അത് കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കാത്ത നല്ല ജ്യോതിഷികളെ അവര്‍ക്ക് പരിചയമില്ലാത്തത് കൊണ്ടായിരിക്കാം.

1346 കാലഘട്ടത്തില്‍ ലോകത്ത് പ്ലേഗ് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നത്തെ വ്യാഴത്തിന്റെ വേഗം മിനിറ്റില്‍ ശരാശരിയായ 777 ല്‍ നിന്നും 1512 കിലോമീറ്റര്‍ ആയിരുന്നു. ഈ പ്ലേഗ് രോഗം നിരവധി തവണ ലോകത്ത് സംഹാരതാണ്ഡവമാടുകയും ചെയ്തിരുന്നു.

1819 ല്‍ ലോകത്ത് കോളറ പൊട്ടിപ്പുറപ്പെട്ടു. ഇത് ഏതാണ്ട് 7 പ്രാവശ്യം ലോകത്ത് പടര്‍ന്നുപിടിക്കുകയും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. അന്നത്തെ വ്യാഴഗ്രഹത്തിന്റെ വേഗം ശരാശരിയായ മിനിറ്റില്‍ 777ല്‍ നിന്നും 1582 കിലോമീറ്റര്‍ ആയിരുന്നു. ശനിയുടെ പിന്നിലെ രാശിയിലായിരുന്നു വ്യാഴസ്ഥിതി.

1852 ല്‍ വീണ്ടും കോളറ ലോകത്ത് പടര്‍ന്നുപിടിച്ചു. ലക്ഷക്കണക്കിന് മരണം. അന്നത്തെ വ്യാഴഗ്രഹവേഗം ശനിദൃഷ്ടിയോടെ 777ല്‍ നിന്നും 1580 കിലോമീറ്റര്‍ ആയിരുന്നു. 1897 ല്‍ പ്ലേഗ് വീണ്ടുമെത്തി. ശനിദൃഷ്ടിയോടെ വ്യാഴഗ്രഹത്തിന്റെ വേഗം ശരാശരിയായ 777 ല്‍ നിന്നും മിനിറ്റില്‍ 1641 കിലോമീറ്റര്‍ ആയിരുന്നു.1910 ല്‍ വീണ്ടും കോളറ ലോകത്ത് പടര്‍ന്നുപിടിച്ചു. ശനിദൃഷ്ടിയോടെ നിന്ന വ്യാഴത്തിന്റെ സഞ്ചാരവേഗം ശരാശരിയായ 777 ല്‍ നിന്നും മിനിറ്റില്‍ 1441 കിലോമീറ്റര്‍ ആയിരുന്നു.

1918 ല്‍ ഏഷ്യന്‍ ഫ്‌ലൂ പടര്‍ന്നുപിടിച്ചു. അന്ന് വ്യാഴം, ശനിയുടെ പിന്നിലെ രാശിയില്‍ ശരാശിയായ 777 ല്‍ നിന്നും മിനിറ്റില്‍ 1533 കിലോമീറ്ററില്‍ വേഗത്തില്‍ സഞ്ചരിച്ചു. ഈ രോഗം 1957 ല്‍ വീണ്ടും തിരിച്ചെത്തി. അപ്പോള്‍ വ്യാഴം അന്ത്യദ്രേക്കാണത്തിലും 1278 കിലോമീറ്റര്‍ വേഗത്തിലുമായിരുന്നു. 1968ല്‍ ഹോങ്കോങ് ഫ്‌ലൂ ലോകത്ത് പടര്‍ന്നുപിടിച്ചു. ശനിയുടെ ഏഴില്‍ വ്യാഴം തന്റെ ശരാശരി വേഗമായ 777 ല്‍ നിന്നും മിനിറ്റില്‍ 1612 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച കാലമായിരുന്നു.

1979ല്‍ മലേറിയ പൊട്ടിപ്പുറപ്പെട്ടു. ശനിയുടെ യോഗത്തോടെ വ്യാഴം ശരാശരി വേഗമായ 777 ല്‍ നിന്നും മിനിറ്റില്‍ 1648 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.2004ല്‍ ശനി ദൃഷ്ടിയോടെ വ്യാഴം ശരാശരി വേഗമായ 777 ല്‍ നിന്നും മിനിറ്റില്‍ 1512 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച കാലം സാഴ്‌സ് രോഗം ആരംഭിച്ചു. 2019 അവസാനം കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടു. വ്യാഴം, ശനിയുടെ പിന്നിലെ രാശിയില്‍ തന്റെ ശരാശരി വേഗമായ
777 ല്‍ നിന്നും മിനിറ്റില്‍ 1580 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച കാലമായിരുന്നു. ഇപ്രകാരമുള്ള ഗ്രഹസ്ഥിതി പരിശോധിച്ചാല്‍ 2021 ജൂലൈ മൂന്നാമത്തെ ആഴ്ച വ്യാഴത്തിന്റെ സഞ്ചാരവേഗം മിനിറ്റില്‍ 918 കിലോമീറ്റര്‍ ആയി കുറയും. രോഗത്തിന്റെ കാഠിന്യവും കുറയും.

2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വ്യാഴത്തിന്റെ സഞ്ചാരവേഗം വളരെ കുറവായിരുന്നു. ആ സമയത്ത് രോഗത്തിന്റെ ശക്തിയും കുറഞ്ഞുവന്നു. എന്നാല്‍ വീണ്ടും വ്യാഴവേഗം കൂടുകയും ദിവസങ്ങള്‍ കഴിയുംതോറും  രോഗവ്യാപനവും കൂടിക്കൂടി വരികയും ചെയ്തു.

2021 ജൂലൈ അവസാന ആഴ്ച ആകുമ്പോള്‍ വ്യാഴത്തിന്റെ സഞ്ചാരവേഗം മിനിറ്റില്‍ 739 കിലോമീറ്റര്‍ എന്നാകും. രോഗശമനത്തിന് ഏറ്റവും അനുകൂലമായ കാലം. സെപ്റ്റംബറില്‍ വ്യാഴവേഗം മിനിറ്റില്‍ 782 കിലോമീറ്ററായി കുറയും. അപ്രകാരം വ്യാഴഗ്രഹത്തിന്റെ സഞ്ചാരവേഗം കുറയുന്നതിന് അനുസൃതമായി കോവിഡ് മഹാമാരിയും അപ്രത്യക്ഷമാകും.

എന്നാല്‍ 2021 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍, 2022 ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും രോഗത്തിന്റെ അലയൊലികള്‍ ഉണ്ടായിരിക്കുമെന്ന് അനുമാനിക്കണം. കാരണം ഈ സമയങ്ങളിലും വ്യാഴത്തിന്റെ സഞ്ചാരവേഗം കൂടുതലുമാണ്; ഒപ്പം ശനിയുമായി ആദ്യം പറഞ്ഞിട്ടുള്ള ബന്ധങ്ങളും ഉണ്ടാകും.എന്നാല്‍ അപ്പോഴേക്കും ആവശ്യമായ മരുന്നുകള്‍ ലഭ്യമാകുമെന്നതിനാല്‍ രോഗത്തിന്റെ കാഠിന്യം കൂടുകയില്ലെന്ന് വിശ്വസിക്കാം.

അപ്പോള്‍ നമുക്ക് സ്വാഭാവികമായി ‘ഇനി എന്നാണ് ഇത്തരത്തില്‍ അടുത്ത മഹാമാരി ലോകത്ത്
സംഭവിക്കുന്നത്?’ എന്നൊരു സംശയവും ഉണ്ടാകാമല്ലോ. അതിനും ഇപ്രകാരമുള്ള ഗ്രഹസ്ഥിതി പരിശോധിച്ചാല്‍ മതിയാകും.

2040 ന്റെ ആദ്യ മാസങ്ങളില്‍ വ്യാഴം, ശനിയുമായി യോഗം ചെയ്ത് തന്റെ ശരാശരി വേഗമായ 777 ല്‍ നിന്നും മിനിറ്റില്‍ 1610 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. ലോകത്ത് പുതിയ രോഗഭീതി സംഭവിക്കും.2119 ആദ്യമാസങ്ങളില്‍ വ്യാഴം, ശനിയുടെ പന്ത്രണ്ടില്‍ സഞ്ചരിക്കുമ്പോള്‍ വ്യാഴത്തിന്റെ സഞ്ചാരവേഗം ശരാശരിയായ 777 ല്‍ നിന്നും മിനിറ്റില്‍ 1533 കിലോമീറ്ററില്‍ സഞ്ചരിക്കും. ആ കാലഘട്ടവും മഹാമാരിയുടെ തീരാതലവേദനയുള്ള കാലം തന്നെയായിരിക്കും.

ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് എന്തെന്നാല്‍, വ്യാഴ ഗ്രഹം വേഗം കൂടി മിനിറ്റില്‍ 1278 കിലോമീറ്ററിന് മുകളില്‍ സഞ്ചരിക്കുകയും ഒപ്പം ശനിഗ്രഹത്തിന്റെ പന്ത്രണ്ടിലോ ഒന്നിലോ രണ്ടിലോ അല്ലെങ്കില്‍ ശനിദൃഷ്ടിയോടെയോ നില്‍ക്കുകയും ചെയ്യുന്ന കാലഘട്ടങ്ങള്‍ ലോകത്ത് മഹാമാരി സംഭവിച്ചിട്ടുണ്ട്. ജ്യോതിഷ പണ്ഡിതര്‍ ഒന്നിച്ചിരുന്ന് ആലോചിച്ച് ആ കാലഘട്ടങ്ങളില്‍ വ്യാഴം നിന്ന നക്ഷത്രത്തെക്കൊണ്ടും ആ രാശിയെക്കൊണ്ടും ഏതൊക്കെ രോഗങ്ങള്‍ വന്നിട്ടുണ്ടെന്നും ഇനി ഏതൊക്കെ രോഗം വരാമെന്നും ആഴത്തില്‍ പഠിച്ചാല്‍ അത് വൈദ്യശാസ്ത്രത്തിനും രാജ്യപുരോഗതിക്കും ഏറ്റവും വിലപ്പെട്ടതായി ഭവിക്കും.

Anil Velichappad
Uthara Astro Research Center
www.uthara.in

Related Posts