സ്പെഷ്യല്‍
വെറുതേ മനസിൽ തോന്നിയ ഒരാഗ്രഹമാണ് അന്ന് ഭഗവാൻ എനിക്ക് സാധിച്ചു തന്നത്- കഥകളി കലാകാരനുണ്ടായ അനുഭവം

കഥകളി കലാകാരനായ ഗിരീഷ് നാട്യകല അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍വച്ചുണ്ടായ അനുഭവം പങ്കുവയ്ക്കുന്നു.

ഏകദേശം ഇരുപത്തിയഞ്ച് വർഷം മുമ്പ് എനിക്കുണ്ടായ ഒരു അനുഭവം ഇവിടെ പങ്കു വെക്കുകയാണ്. എന്തോ ഒരാവശ്യത്തിനായി അമ്പലപ്പുഴയിൽ പോയിട്ട് തിരികെ വരുവാൻ ബസ് കാത്ത് അമ്പലപ്പുഴ ക്ഷേത്രത്തിന് പടിഞ്ഞാറേ നടയിൽ നിൽക്കുകയാണ്. ഇരുപത് മിനിറ്റോളം നിന്നിട്ടും എനിക്ക് പോകേണ്ട ബസ് വന്നില്ല. അക്ഷമനായി നിൽക്കുന്ന എന്റെ കണ്ണുകൾ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് നീണ്ടു. എന്തോ ഒരു ആകർഷണവലയത്തിൽപ്പെട്ട പോലെ ഞാനറിയാതെ എന്റെ കാലുകൾ അങ്ങോട്ടു നടന്നു. ഒപ്പം അമ്പലപ്പുഴ പാൽപായസം കുടിക്കണമെന്ന അതിയായ ആഗ്രഹവും എനിക്ക് തോന്നി.

സമയം ഉച്ചയ്ക്ക് 12.30 മണി കഴിഞ്ഞ് നടയും അടച്ചു, പായസ വിതരണവും കഴിഞ്ഞു. എങ്കിലും ക്ഷേത്ര മൈതാനത്ത് ചെന്നപ്പോൾ അവിടെ സൂര്യ ടി വിക്കു വേണ്ടി ഒരു ഡോക്യുമെന്ററി ഷൂട്ട് ചെയ്യുന്നു. അവതാരകൻ എഴുത്തുകാരനും അദ്ധ്യാപകനും അമ്പലപ്പുഴയ്ക്ക് പ്രിയങ്കരനുമായ ശ്രീ അമ്പലപ്പുഴ ഗോപകുമാർ സാറാണ്. കുറച്ചു കഴിഞ്ഞപ്പോൾ ചിത്രീകരണം കഴിഞ്ഞ് അവർ മടങ്ങാനൊരുങ്ങി. ഞാനും വീട്ടിലേക്ക് പോകാമെന്നു കരുതുകയും എന്തായാലും ക്ഷേത്രത്തിന് ഒരു വലം വെച്ചു മടങ്ങാമെന്നു കരുതി നടന്നു. പ്രദക്ഷിണം വെച്ച് ഗേറ്റിന് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ ആരോ പേർ ചൊല്ലി വിളിക്കുന്നു. തിരിഞ്ഞ് നോക്കുമ്പോൾ ഗോപകുമാർ സാറാണ്. ഞാൻ ഭവ്യതയോടെ അദ്‌ദേഹത്തിനരികിലേക്ക് നടന്നു. എന്നെ ഒരു മുറിയിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്.

അവിടെ ചാനൽ പ്രവർത്തകർക്കായി ക്ഷേത്രം വക സൽക്കാരമായി പായസ വിതരണം നടക്കുന്നു. അദ്ദേഹം അവർക്കായി എന്നെ പരിചയപ്പെടുത്തി. കഥകളി നടനാണെന്നും ഒരു കലാകാരൻ ഇവിടെ വന്നിട്ട് അമ്പലപ്പുഴ പാൽപ്പായസം കുടിക്കാതെ പോകുന്നത് ശരിയല്ലല്ലോ – എന്ന് പറഞ്ഞ് ഒന്നല്ല, രണ്ടു ഗ്ലാസ്സ് പായസം നൽകിയാണ് എന്നെ മടക്കി അയച്ചത്.
വെറുതേ മനസിൽ തോന്നിയ ഒരാഗ്രഹമാണ് അന്ന് ഭഗവാൻ എനിക്ക് സാധിച്ചു തന്നത്. പിന്നീട് ധാരാളം തവണ അമ്പലപ്പുഴ പാൽപ്പായസം കുടിക്കുവാൻ എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ടെങ്കിലും അന്നത്തേതിന് പ്രത്യേക മധുരമായിരുന്നു.
ഹരേ രാമ ഹരേ കൃഷ്ണ .

Related Posts