സ്പെഷ്യല്‍
മാർച്ച് 3, ആമലകീ ഏകാദശി: ഈ സമയം മഹാവിഷ്ണുവിനെ ഭജിക്കേണ്ടതിങ്ങനെ | Amalaki Ekadashi 2023

പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നവ്രതമാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. ഓരോ ഏകാദശിക്കും വിത്യസ്തഫലങ്ങളാണ്. മാര്‍ച്ച് 3 വെള്ളിയാഴ്ചയാണ്‌ ആമലകീ ഏകാദശി. ആമലകീ ഏകാദശി തിഥി മാര്‍ച്ച് 02 ന് രാവിലെ 06:39 ആരംഭിച്ച് മാര്‍ച്ച് 03 ന് രാവിലെ 09:11ന് അവസാനിക്കുന്നു. ഏകാദശി പാരണ 2023 മാര്‍ച്ച് 4 ന് രാവിലെ 06:44 മുതല്‍ രാവിലെ 09:03 വരെ ആയിരിക്കും.

ആമലകീ ഏകാദശി നാളില്‍ വിഷ്ണുഭക്തനായ ചിത്രരഥന്‍ എന്ന രാജാവും കൂട്ടരും നെല്ലിമരത്തെ വിഷ്ണുവായി സങ്കല്പിച്ചാരാധിച്ചു. ആ മരത്തിലെ നെല്ലിക്ക ഭക്ഷിച്ച് ഐശ്വര്യം നേടി വളരെക്കാലം ജീവിച്ചുവെന്നും അവസാനം വിഷ്ണുലോകം പൂകിയെന്നുമാണ് ഐതിഹ്യം. ഈ ഏകാദശിക്കു വ്രതമെടുത്താല്‍ ശത്രുനാശവും സമ്പദ്‌സമൃദ്ധിയും വൈകുണ്ഠപ്രാപ്തിയും ഇഹലോകാഭിവൃദ്ധിയും ഫലമെന്നാണ് വിശ്വാസം.

ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്. രാവിലെ വ്രതം അവസാനിപ്പിക്കണം. എന്നാല്‍, രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്.

ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിക്കാതിരിക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം.

Related Posts