മന്ത്രങ്ങള്‍
ആദിത്യഹൃദയ മന്ത്രം ദിവസവും ജപിച്ചാല്‍

സൂര്യന്‍ ഊര്‍ജത്തിന്റെ അക്ഷയ ഖനിയാണെന്നും, ആ ഊര്‍ജത്തെ ശരിയായി പ്രയോജനപ്പെടുത്തിയാല്‍ അത്ഭുതകരമായ രക്ഷാമാര്‍ഗ്ഗം അതിലൂടെ മനുഷ്യന് ലഭിക്കുമെന്നും ഭാരതത്തിലെ പൂര്‍വികര്‍ മനസിലാക്കിയിരുന്നു, അനുഭവിച്ചറിഞ്ഞിരുന്നു.ഈ സൂര്യമാഹാത്മ്യം എടുത്തു കാട്ടുന്ന ഒരു സന്ദര്‍ഭം രാമായണത്തിലുണ്ട്. അവതാര പുരുഷനായിരുന്നിട്ടും ദിവ്യ ബാണങ്ങള്‍ കൈയ്യിലുണ്ടെങ്കിലും യുദ്ധത്തിനിടെ രാവണന്റെ പരാക്രമ മികവില്‍ ശ്രീരാമന്‍ ഒന്നു പകച്ചുപോയി. രാവണന്‍ തന്നെ ജയിക്കാനാണു സാധ്യതയെന്ന് രാമന്‍ മനസില്‍ ചിന്തിച്ചു. അങ്ങനെ ഏറെക്കുറെ ചിന്താവിവശനായി, മൗനിയായി. യുദ്ധക്കളത്തില്‍ തളര്‍ന്നുനിന്നു.

ഇതുകണ്ട് യുദ്ധം കാണാന്‍ ആകാശത്തെയിരുന്ന ദേവകളെല്ലാം ആശങ്കാകുലരായി. അവര്‍ക്കൊപ്പം അഗസ്ത്യ മഹര്‍ഷിയും ഉണ്ടായിരുന്നു. രാമന്റെ അപ്പോഴത്തെ അവസ്ഥ കണ്ട് ഉത്കണ്ഠപൂണ്ട മഹര്‍ഷി താഴോട്ടിറങ്ങി രാമന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. രാമന്‍ മനസില്‍ ചിന്തിച്ചത് അഗസ്ത്യ മുനി അകക്കണ്ണില്‍ കണ്ടു. അദ്ദേഹം രാമനോട് പറഞ്ഞു. ”രാമാ, വിഷാദം വേണ്ടാ. ഞാന്‍ ഒരു ഉപായം പറഞ്ഞു തരാം; ഒരു വിശേഷമന്ത്രം. ഇതു ജപിച്ചശേഷം രാവണനുമായി യുദ്ധം ചെയ്യൂ. വിജയം ഉറപ്പ്. അതു കൊണ്ട് പരാജയശങ്ക ദൂരെക്കളയൂ.’ തുടര്‍ന്ന് അദ്ദേഹം ആദിത്യഹൃദയ മന്ത്രം രാമന് ഉപദേശിച്ചു കൊടുത്തു. ”സന്താപനാശകരായ നമോനമ’ എന്നതില്‍ തുടങ്ങി ”സത്യസ്വരൂപായ നിത്യം നമോനമ’ എന്നവസാനിക്കുന്ന ആദിത്യഹൃദയം മൂന്നുതവണ ജപിച്ച് രാമന്‍ രാവണനെ ജയിക്കുകയും ചെയ്തു.

മനസ്സിന്റെ ചാഞ്ചല്യം അകറ്റി ആത്മവിശ്വാസവും ഊര്‍ജ്ജവും നല്‍കുന്ന ഒന്നാണ് ആദിത്യഹൃദയ മന്ത്രം. രാവിലെ കിഴക്കോട്ട് തിരിഞ്ഞ് 12 തവണ ഭക്തിയോടെ ജപിക്കുന്നത് സൂര്യപ്രീതികരമാണ്.  ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കില്‍ അജ്ഞതയും വിഷാദവും അലസതയുമകന്നു ഹൃദയശുദ്ധി കൈവരും. ജീവിതത്തില്‍ നിത്യവിജയിയാവാന്‍ കുട്ടികളെ ആദിത്യഹൃദയമന്ത്രജപം ശീലിപ്പിക്കുന്നത് ഉചിതമാണ്. ആപത്തിലും ഭയത്തിലും സൂര്യകീര്‍ത്തനം ചൊല്ലുന്നവര്‍ക്ക് രക്ഷ കിട്ടുമെന്നാണു സ്‌തോത്രത്തിന്റെ ഫലശ്രുതി. സൂര്യന്റെ ഹൃദയംഅക്ഷയമായ ആ ഊര്‍ജ്ജം മനുഷ്യന് സ്വജീവിതത്തില്‍ ഉപകാരപ്രദമാക്കാമെന്ന് കണ്ടെത്തിയ മന്ത്രമാണ് ആദിത്യഹൃദയം. ഇത് ജപിക്കുന്നതോടെ ശത്രു നാശം മാത്രമല്ല സര്‍വ്വാഭീഷ്ടസാദ്ധ്യവും കൈവരും.

ആദിത്യഹൃദയമന്ത്രം

സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൌമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശൈ്വക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ

Related Posts