നക്ഷത്രവിചാരം
മേടക്കൂറുകാര്‍ക്ക് 2019 പുതുവര്‍ഷത്തില്‍ ഭാഗ്യാനുഭവങ്ങളുണ്ട്; പക്ഷേ

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറുകാര്‍ക്ക് ഭാഗ്യാനുഭവങ്ങളുണ്ട്. പക്ഷേ, പ്രധാനമായും ഫെബ്രുവരി, മാര്‍ച്ച്, ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് ഭാഗ്യാനുഭവങ്ങള്‍ കൂടുതലായി അനുഭവപ്പെടുക.

ഗുണവും ദോഷവും സമ്മിശ്രമായി അനുഭവിക്കേണ്ടതായി വരും. എന്‍ജിനിയറിംഗ്, നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. സഹോദരന്റെ വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും. സഹോദരങ്ങളില്‍ നിന്നും സഹായം ലഭിക്കും. സന്താനത്തിന് അനുയോജ്യമായ വിവാഹാലോചനകള്‍ വന്നു ചേരും.

ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും. കുടുംബ സമേതം തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. യാത്രാ ചെലവ് അധികരിക്കും. കുടുംബത്തില്‍ പ്രായാധിക്യമുള്ളവരുടെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം. കാര്‍ഷിക കാര്യങ്ങളില്‍ അലസതയുണ്ടാകും. വീഴ്ച മൂലമോ, കന്നുകാലികള്‍ മൂലമോ ആപത്ത് സംഭവിച്ചേക്കാം. ദേഹസുഖം കുറയും. അയല്‍വാസികളുമായി രമ്യതയില്‍ വര്‍ത്തിക്കാന്‍ ശ്രമിക്കണം.

ജനുവരി മാസത്തില്‍ ആശങ്കയും ഉത്കണ്്ഠയും വര്‍ധിക്കാന്‍ സാധ്യത. വാഗ്വാദങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കാന്‍ ശ്രമിക്കണം.പഴയ സുഹൃത്തുക്കളെ കണ്ടമുട്ടുന്നതിനും സാഹചര്യമുണ്ടാകും.  ഫെബ്രുവരിയില്‍ ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും. ജോലിയില്‍ ഉയര്‍ച്ചയും സ്ഥിരതയും ലഭിക്കും.

മാര്‍ച്ച് മാസത്തില്‍ ഭാഗ്യാനുഭവങ്ങള്‍ മാറി മറിയുന്ന അവസ്ഥയുണ്ടാകും. എല്ലാക്കാര്യത്തിലും ശ്രദ്ധയോടെ ഇടപെടണം. കീഴ്ജീവനക്കാരില്‍ നിന്നും വിരുദ്ധമായ നടപടികളുണ്ടാകാന്‍ സാധ്യത. ഏപ്രില്‍ മാസത്തില്‍ ദേഹദുരിതവും കുടുംബത്തില്‍ അസ്വസ്ഥതയും ഉണ്ടാകും. നയനസംബന്ധമായ അസുഖങ്ങളുണ്ടാകാന്‍ സാധ്യത.

മേയ് മാസത്തില്‍ വാക്‌ദോഷം നിമിത്തം പ്രശ്‌നങ്ങളുണ്ടാകാം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ജൂണ്‍ മാസത്തില്‍ ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. സഹോദരങ്ങള്‍ നിമിത്തം ഗുണാനുഭവങ്ങളുണ്ടാകും. ജൂലൈ മാസത്തില്‍ കുടുംബത്തില്‍ അസ്വസ്ഥതകളുണ്ടാകാം. നാല്‍ക്കാലികള്‍ മുഖേന നഷ്ടമുണ്ടാകാന്‍ സാധ്യത. ആഗസ്റ്റ് മാസത്തില്‍ സന്താനങ്ങള്‍ക്ക് ഗുണാനുഭവങ്ങളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും. സെപ്റ്റംബര്‍ മാസത്തില്‍ ശത്രുക്കളെ എതിര്‍ത്ത് തോല്‍പ്പിക്കും. സാമ്പത്തിക പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ സാധിക്കും.

ഒക്‌റ്റോബര്‍ മാസത്തില്‍ കൂടുതല്‍ യാത്രകള്‍ നടത്തേണ്ടതായി വരും, മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. നവംബര്‍ മാസത്തില്‍ വീഴ്ചകളുണ്ടാകാതെ ശ്രദ്ധിക്കണം. വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം. ഡിസംബര്‍ മാസത്തില്‍ ഭാഗ്യാനുഭവങ്ങളുണ്ടാകും. പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധ വേണം. തീര്‍ഥാടനം നടത്തും. ദോഷപരിഹാരം: ഗണപതിക്ക് കറുകമാല.

Related Posts