നിങ്ങള്‍ക്ക് പ്രേമമുണ്ടോ, മനസില്‍ സ്നേഹത്തിന്റെ ആഴമെത്ര, നിങ്ങളിലെ ഗുണങ്ങള്‍ എന്തെല്ലാം…. ഇവയെല്ലാം ഹൃദയരേഖ കാട്ടിത്തരും. കൈപ്പത്തിയുടെ മുകള്‍ഭാഗത്ത് വ്യാഴമണ്ഡലത്തിന്റെ മദ്ധ്യഭാഗത്തുനിന്നോ കീഴ്ഭാഗത്ത് നിന്നോ ആരംഭിച്ച് ശനി,സൂര്യന്, ബുധന്‍ എന്നീ മണ്ഡലങ്ങളുടെ താഴെക്കൂടി കൈപ്പത്തിയുടെ എതിര്‍ഭാഗത്ത് നടുവിലായി അവസാനിക്കുന്നതാണ് ഹൃദയരേഖ.
സ്നേഹം, പ്രേമം, ഗുണം എന്നിവയെ ഹൃദയരേഖ കാണിക്കുന്നു എന്നാണ് വിശ്വാസം. ഈ രേഖ വ്യാഴമണ്ഡലത്തില്‍ നിന്നാരംഭിച്ച് ചൊവ്വാമണ്ഡലത്തില് അവസാനിക്കുന്നതെങ്കില്‍ ഉയര്‍ന്ന പെരുമാറ്റവും ദൈവചിന്തയും പാവങ്ങളോട് കരുണയും ധര്‍മ്മശീലവും ഉണ്ടായിരിക്കും. ഒരു പ്രവൃത്തി തടസ്സം വരാതെ ചെയ്തുതീര്‍ക്കാനുള്ള വൃഗ്രതയും ആത്മധൈര്യവും പൊതുകാര്യങ്ങളില്‍ താല്പര്യവുമുണ്ടായിരിക്കും എന്നും ആചാര്യന്മാര് പറയുന്നു.
ഹൃദയരേഖ ശനിമണ്ഡലത്തില് നിന്നും തുടങ്ങുകയാണെങ്കില്‍ ഏതു സംഗതിയും വളരെ ശ്രദ്ധയോടുകൂടി ചെയ്യും എന്നാണ് വിശ്വാസം. ഇവര്‍ സ്വാര്‍ത്ഥരും പ്രേമജീവികളുമായിരിക്കും എന്നും ആചാര്യന്മാര് പറയുന്നു. രേഖ ശനിമണ്ഡലത്തിന്റെ നടുവില്‍ നിന്നാരംഭിക്കുകയാണെങ്കില് അയാളുടെ ഗുണഗണങ്ങള്‍ വളരെ വ്യത്യസ്തമായും കാര്യങ്ങള്‍ ഭംഗിയായി ചെയ്തുതീര്ക്കാന് കഴിവുള്ളവരും ആയിരിക്കും.
ഈ രേഖ വികസിച്ചിരുന്നാല്‍ ഭാര്യാഭര്‍തൃബന്ധം സുഖകരമായിരിക്കുകയില്ല എന്ന് ആചാര്യന്മാര് പറയുന്നു. ഹൃദയരേഖ ചങ്ങലപോലെയോ പല ഉപരേഖകള് ചേര്ന്നുണ്ടായതുപോലെയോ കാണുന്നുവെങ്കില്‍ ആ വ്യക്തിയുടെ കുടുംബജീവിതം ശിഥിലമായിരിക്കുമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം.
ഈ രേഖ തെളിയാതെ നേര്ത്തിരുന്നാലോ ശാഖകളില്ലാതിരുന്നാലോ മുന്‍കോപിയായിരിക്കും എന്നും പറയുന്നുണ്ട്. അതുമല്ലെങ്കില്‍ ഹൃദയസംബന്ധമായ എന്തെങ്കിലും തകരാറുള്ളവനായിരിക്കും എന്നും ആചാര്യന്മാര് ചൂണ്ടിക്കാട്ടുന്നു. വ്യാഴമണ്ഡലത്തില്‍ ഈ രേഖയ്ക്ക് രണ്ടു പിളര്‍പ്പുകള്‍ ഉണ്ടായാല്‍ നല്ല പെരുമാറ്റം ആലോചനാശക്തി, ഏതുകാര്യവും അവധാനതയോടെ ചെയ്ത് വിജയത്തിലെത്തിക്കാനുള്ള കഴിവ് എന്നീ ഗുണങ്ങള്‍ ഉള്ളവനായിരിക്കും.