ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറെ പ്രാധാന്യമുള്ള ഒരനുഷ്ഠാനമാണ് ആഷാഢ ഗുപ്ത നവരാത്രി. പരാശക്തിയുടെ ഒന്‍പത് വ്യത്യസ്ത രൂപങ്ങളെ ആരാധിക്കുകയും അതിലൂടെ കുടുംബൈശ്വര്യം ലഭിക്കുവാനുമായി ആചരിക്കുന്ന ഒന്നാണ് ഇത്. ഹിന്ദു കലണ്ടര്‍ പ്രകാരം ആഷാഢ മാസത്തിലെ ശുക്ലപക്ഷത്തിലെ പ്രഥമ മുതല്‍ നവമി വരെയുള്ള നാളുകളാണ് ഇത് ആചരിക്കുന്നത്. ഇത്തവണത്തെ ആഷാഢ ഗുപ്ത നവരാത്രി ആരംഭിക്കുന്നത് ജൂലൈ 13 വെള്ളിയാഴ്ചയാണ്. ശാകംഭരി നവരാത്രി അഥവാ ഗായത്രി നവരാത്രി എന്നും ഇത് അറിയപ്പെടുന്നു. ഭാരത്തിലെമ്പാടും ഇത് വളരെ ആര്‍ഭാട പൂര്‍വ്വം ആചരിക്കുന്ന ഒന്നാണ്.
സമ്പല്സമൃദ്ധമായ ഒരു ജീവിതത്തിനായി ഭക്തര്‍ ഈ ദിനങ്ങളില്‍ ദേവീ പൂജ നടത്തുന്നു. ഭൗതികമായ എല്ലാ പ്രശ്നങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും പരിഹാരമേകാന്‍ ഈ ദിനങ്ങളിലെ ആരാധനയ്ക്ക് സാധിക്കുമെന്നാണ് വിശ്വാസം. അറിവും വിജയവും നേടാനും പ്രബുദ്ധാരാകുവാനുമായി ഭക്തര്‍ ഈ ദിനം ആചാരിക്കാറുണ്ടെന്നാണ് വിശ്വാസം.
പരിപൂര്‍ണ്ണ വിശ്വാസത്തോടെയും പൂര്‍ണ്ണ സമര്‍പ്പണത്തോടെയും ഈ ദിനങ്ങളാചരിച്ചാല് ഫലം ഇരട്ടിയാകുമെന്നും ആചാര്യന്മാര് പറയുന്നു. ഈ ദിനങ്ങളില്‍ പ്രഭാതത്തില്‍ എഴുന്നേല്ക്കുകയും ക്ഷേത്രദര്‍ശനം നടത്തുകയും സത്വഗുണം ശീലമാക്കുകയും ചെയ്യേണ്ടതുമാണ്. ഈ ദിനങ്ങളില്‍ എപ്പോഴും നാമജപം ചെയ്യുന്നതും ഐശ്വര്യദായകമാണ്. ദേവീ ഭാഗവതം, ദേവീ മാഹാത്മ്യം എന്നിവ ചൊല്ലുന്നത് വളരെ ഫലം ചെയ്യുമെന്നും പറയുന്നു. ഈ ദിനങ്ങളില്‍ ശക്തിയുടെ 32 നാമങ്ങള്‍ ചൊല്ലുന്നത് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെ മറികടക്കാനും സമാധാനം ലഭിക്കുവാനും ഉത്തമമാണെന്നും ആചാര്യവചനം.
ചിലര്‍ ഈ ദിനങ്ങളില്‍ കഠിനമായ ഉപവാസമനുഷ്ഠിക്കാറുണ്ട്. ശുദ്ധവും സാത്വീകവുമായ ഭക്ഷണം മാത്രം കഴിച്ചാണ് ഇത്. എന്നാല്‍ സ്വന്തം സാഹചര്യങ്ങളെ മാനിച്ച് ഭാഗിക ഉപവാസവും ആളുകള്‍ എടുക്കുന്നു. പാലും പഴങ്ങളും കഴിച്ചാണ് ഇത്. ഉപവാസം ഫലസിദ്ധി വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വസിക്കുന്നത്.