ഓരോ ക്ഷേത്രത്തിലും വ്യത്യസ്ഥമായ ആചാരരീതിയാണ് നിലനില്‍ക്കുന്നത്. ദര്‍ശനം നടത്തുമ്പോള്‍ ആ ആചാര അനുഷ്ഠാനങ്ങള്‍ പിന്തുടരുക എന്നതും ഭക്തരുടെ കടമയാണ്. ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ശിവക്ഷേത്രങ്ങളിലെ പ്രദക്ഷിണം.
ശിവക്ഷേത്രങ്ങളിലെ പ്രദക്ഷിണം മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ്. ശിവക്ഷേത്രത്തില്‍ ക്ഷേത്രനടയില്‍ നിന്നും പ്രദക്ഷിണമായി ക്ഷേത്രത്തിനുള്ളില്‍ നിന്നും അഭിഷേകജലം ഒഴുകുന്ന വടക്കുവശത്തെ ഓവു വരെ വന്ന് അവിടെ നിന്ന് താഴികക്കുടം നോക്കി തൊഴുത് ബലികല്ലുകളുടെ അകത്തുകൂടി പ്രദക്ഷിണമായി അതേസ്ഥാനം വരെ വന്ന് താഴികക്കുടം നോക്കി തൊഴുത് നടയില്‍ വരികയാണ് പതിവ്.
പൂര്‍ണ്ണതയുള്ള ദേവനായാണ് പരമശിവനെ ഭക്തര്‍ കരുതുന്നത്. പൂര്‍ണ്ണ സങ്കല്‍പ്പത്തില്‍ വിളങ്ങുന്ന ശിവനെ പ്രദക്ഷിണം ചെയ്താല്‍ അതിനര്‍ത്ഥം പരിമിതമാണല്ലോ. അതിനാല്‍ ശിവന്റെ പൂര്‍ണ്ണത ബോധ്യമാക്കുന്ന പ്രതീകാത്മകമായ അനുഷ്്ഠാനമാണ് ഭാഗിക പ്രദക്ഷിണം. ശിവന്റെ സിരസ്സില് നിന്നും ഗംഗാദേവി ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന സങ്കല്പത്തിലുള്ള ധാരാജലം, അഭിഷേകജലം ഒഴുകുന്ന ഓവു മുറിച്ചു കടക്കാന്‍ പാടില്ലെന്ന കാരണംകൊണ്ടുകൂടിയുമാണ് ശിവക്ഷേത്രത്തില്‍ പൂര്‍ണ്ണ പ്രദക്ഷിണം അരുതെന്ന് പറയുന്നത്.
നമസ്കാരം
ദേവദര്‍ശനത്തിന് ശേഷം ഭക്തന്മാര് നാലമ്പലത്തിന് പുറത്ത് വലിയ ബലിക്കല്ലിന് സമീപം വന്ന് സര്‍വവും ഭഗവാനില്‍ സമര്‍പ്പിക്കുന്നു എന്ന ഭാവേന നമസ്ക്കരിക്കണം.പുരുഷന്മാര്ക്ക് ദണ്ഡ നമസ്കാരമോ സാഷ്്ടാംഗ നമസ്കാരമോ ആകാം. എന്നാല്‍ സ്ത്രീകള്‍ക്ക് പഞ്ചാംഗ നമസ്കാരമേ പാടുള്ളൂ.
പ്രദക്ഷിണം, ദര്‍ശനം, വന്ദനം, നമസ്കാരം എന്നിവയ്ക്ക് ശേഷം വേണം തീര്‍ത്ഥവും പ്രസാദവും വാങ്ങാന്‍. വലതുകൈകൊണ്ടു തീര്‍ത്ഥം വാങ്ങി വിരല്‍ ചുണ്ടില്‍ തൊാതെ നാക്കിലേക്ക് ഇറ്റിറ്റു വീഴ്ത്തുകയാണ് വേണ്ടത്. കൈ ചുണ്ടില്‍ തൊട്ടാല്‍ എച്ചിലാവുമെന്നാണ് വിശ്വാസം. ബാക്കി തീര്ത്ഥമുണ്ടെങ്കില് ഒരു തുള്ളിപോലും കളയാതെ ശിരസ്സില്‍ തളിക്കണം. ചന്ദനം പ്രസാദമായി കിട്ടിയാല്‍ അമ്പലത്തിന് പുറത്തുകടന്നേ ധരിക്കാവൂ.