മനുഷ്യസ്നേഹികളും അനുകമ്പയും ദയയുമുള്ളവരായിരിക്കും അനിഴം നക്ഷത്രക്കാര്‍. സുഹൃത്തുക്കളുമായ എല്ലായ്പ്പോഴും ഉത്സാഹപൂര്‍വം കഴിയാന്‍ ഇഷ്ടപ്പെടുന്നവരാകും. ചുറുചുറുക്കോടും ദൃഢനിശ്ചയത്തോടും കൂടി പ്രവര്‍ത്തിക്കുന്ന ഇവര്‍ നിസാരകാര്യങ്ങള്‍ക്കു പോലും മനോവിഷമം അനുഭവിച്ചേക്കാം. സമാജങ്ങളിലും സംഘടനകളിലും ശോഭിക്കും. അധ്വാനത്തിനു തക്കതായ പ്രതിഫലം എപ്പോഴും ലഭിച്ചെന്നുവരില്ല. ആ സമയങ്ങളില്‍ സത്യസന്ധതയില്‍നിന്നും പിന്തിരിഞ്ഞേക്കാനുള്ള പ്രവണതയും പ്രകടിപ്പിച്ചേക്കാം. കലാപ്രേമികളും ഈശ്വരവിശ്വാസികളും വാദപ്രതിവാദ തത്പരരുമായിരിക്കും.
പ്രേമകാര്യങ്ങളില്‍ തത്പരരായിരിക്കും. പല കാര്യങ്ങളിലും ഒരേസമയത്ത് ഇടപെടുന്നതുമൂലം ചില കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെയും വന്നേക്കാം. അനിയന്ത്രിതവും അസന്തുഷ്ടി നിറഞ്ഞതുമായിരിക്കും ചെറുപ്രായത്തിലെ ജീവിതം. അപ്രതീക്ഷിതമായ ചില പരിവര്‍ത്തനങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ ഇടയുണ്ട്. ഏതെങ്കിലും കാരണവശാല്‍ ഇവര്‍ പിണങ്ങാന്‍ ഇടയായാല്‍ ഇണങ്ങുന്ന കാര്യം പ്രയാസമാണ്. പല കാരണങ്ങളാലും ഇവര്‍ വീടുവട്ട് താമസിച്ചേക്കാന് ഇടയുണ്ട്. ധൈര്യം പ്രകടിപ്പിക്കുമെങ്കിലും മനശക്തി വളരെ കുറവായിരിക്കും.
സ്ത്രീകള്‍ പാചക കലയില്‍ സമര്‍ത്ഥരും വിശപ്പുസഹിക്കാന്‍ കെല്പില്ലാത്തവരുമായിരിക്കും. മറ്റുള്ളവരെ ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ ദൈവദത്തമായ കഴിവുണ്ടാകും. ഭൂരിഭാഗവും ഭര്ത്താക്കന്മാരെ ദൈവത്തെപോലെ സ്നേഹിക്കുന്നവരും പതിവ്രതകളുമായിരിക്കും.
നിയമം, എന്‍ജിനീയറിംഗ്, വൈദ്യം, വ്യാപാരം എന്നീ മേഖലകളില്‍ കൂടുതല്‍ ശോഭിക്കും. കുടല്‍രോഗം, അര്‍ശസ്, നടുവേദന, തൊണ്ടവേദന എന്നിവ എളുപ്പത്തില്‍ പിടിപെട്ടേക്കാം.
വില്ലുപോലെ വളഞ്ഞുകാണപ്പെടുന്ന ഒമ്പതു നക്ഷത്രങ്ങളുടെ കൂട്ടമാണ് അനിഴം നക്ഷത്രം. അലങ്കരിച്ച കവാടമാണ് അടയാളം. മൃദുവും തിര്യങ്മുഖവുമായ നക്ഷത്രമാണിത്. വിവാഹം, ഗൃഹപ്രവേശം എന്നീ മംഗളകര്‍മങ്ങള്‍ക്കും യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഉത്തമം.
ദേവത-മിത്രന്, ഗണം-ദൈവം, യോനി-സ്ത്രീ, ഭൂതം-അഗ്നി, മൃഗം-മാന്‍, പക്ഷി-കാകന്, വൃക്ഷം-ഇലഞ്ഞി.