വേഗത്തില്‍ ഫലപ്രാപ്തികളുണ്ടാകാന് കാളീമന്ത്രങ്ങള്‍ സഹായകരമെന്നാണ് ആചാര്യന്മാര് പറയുന്നത്. നരസിംഹമന്ത്രങ്ങള്‍, ഹയഗ്രീവമന്ത്രങ്ങള്‍, ഭൈരവമന്ത്രങ്ങള്‍, ഗണപതി മന്ത്രങ്ങള്‍, മാതംഗീമന്ത്രങ്ങള്‍, ത്രിപുരസുന്ദരീമന്ത്രങ്ങള്‍, കുബേരമന്ത്രങ്ങള്‍, യക്ഷിണീമന്ത്രങ്ങള്‍, കാളീമന്ത്രങ്ങള്‍, മൂന്നക്ഷരങ്ങളുള്ളവ, ഏകാക്ഷരമന്ത്രം എന്നിവ ഏകാഗ്രതയോടെ പതിവായി ദിവസവും ജപിച്ചാല്‍ കാലദോഷങ്ങളുണ്ടാവുകയില്ലെന്നും ആചാര്യന്മാര് പറയുന്നു. കാളീമന്ത്രം ജപിക്കുമ്പോള്‍ ഏകാഗ്രതയും നിഷ്ഠയും അത്യന്താപേക്ഷിതമാണ്. ഇടയ്ക്ക് മുടങ്ങിപ്പോയാല്‍ വീണ്ടും ഒന്ന് മുതല്‍ തുടങ്ങണം.
ധ്യാനം
‘ സദൃശ്ചിന്ന ശിര: കൃപാണമഭയം
ഹസ്തൈര്‍ വരം ബിഭ്രതീം
ഘോരാസ്യാം ശിരസാം സ്രജാ സുരുചിരാ
മുന്മുക്തകേശാവലിം
സൃക്യാസൃക് പ്രവഹാം ശ്മശാനനിലയാം
ശ്രുത്യോ: ശവാലംകൃതിം
ശ്യാമാംഗീം കൃതമേഖലാം ശവകരൈര്‍
ദ്ദേവീം ഭജേ കാളികാം’
തല്‍ക്ഷണം വെട്ടിയെടുത്ത ശിരസ്സും വാളും വരദാഭയ മുദ്രകളും കരങ്ങളില്‍ ധരിച്ചിരിക്കുന്നവളും രൗദ്രമുഖഭാവത്തോടു കൂടിയവളും ശിരസ്സുകള്‍ കൊണ്ടു കൊരുത്ത മാല ഗളത്തിലണിഞ്ഞിരിക്കുന്നവളും അഴിച്ചിടപ്പെട്ട വേണീഭാരത്തോടു കൂടിയവളും കടവായിലൂടെ രക്തം ഒലിപ്പിച്ചുകൊണ്ട് കാണപ്പെടുന്നവളും ശ്മശാനത്തില്‍ വസിക്കുന്നവളും ശവങ്ങളെ കുണ്ഡലങ്ങളായി ധരിച്ചിട്ടുള്ളവളും അഞ്ജനവര്ണ്ണത്തോടു കൂടിയവളും ഹസ്തമേഖലാധാരിണിയുമായ കാളീദേവിയെ ഞാന്‍ ഭജിക്കുന്നു.
മന്ത്രം
‘ ക്രീം ക്രീം ക്രീം ഹും ഹും ഹ്രീം ദക്ഷിണേ
കാളികേ ക്രീം ക്രീം ക്രീം ഹ്രീം ഹ്രീം സ്വാഹാ’
നിഷ്ഠയോടും ഏകാഗ്രതയോടും കൂടി ഒരു ലക്ഷം ഉരു ജപിക്കുകയും പതിനായിരം ഉരു ‘ കരവീരപുഷ്പം’ ഹോമിച്ച് പൂജിക്കുകയും ചെയ്താല്‍ മന്ത്രസിദ്ധി വരുമെന്ന് ആചാര്യ അഭിപ്രായം. എന്നാല്‍, ഉത്തമനായ ആചാര്യനില്‍നിന്നും സായത്തമാക്കിയ ശേഷമേ മന്ത്രങ്ങള്‍ പ്രയോഗിക്കാവൂ.