ഈ വർഷം മേടം രാശി തുടങ്ങുന്നതിന് മുമ്പേ സൂര്യോദയം ഉണ്ടാകുന്നതിനാൽ മേടം രണ്ടിനാണ് വിഷുക്കണി ഒരുക്കുന്നത് അഥവാ വിഷു ആഘോഷിക്കുന്നത്. രണ്ടാം തിയതി പുലർച്ചെ 4 മണി 18 മിനിട്ട് മുതൽ 6 മണി 8 മിനിട്ട് വരെയാണ് കണി കാണേണ്ട സമയം.
ഈ വർഷത്തെ വിഷുവിന് ഏറെ പ്രത്യേകതകൾ കല്പിക്കപ്പെട്ടിട്ടുണ്ട്. വളരെയേറെ കാലമായി ഇടവിട്ടിടവിട്ട് വരുന്ന കാളസർപ്പയോഗം അവസാനിച്ച ശേഷമുള്ളതും, വ്യാഴം വക്രത്തിൽ നിൽക്കുന്നതുമായ വിഷുവായതിനാൽ നല്ല ഫലങ്ങളും ദുരിതഫലങ്ങളും മാറി മാറി ജീവിതത്തിൽ കടന്നു വരും.
പ്രതീക്ഷിക്കാത്ത മേഖലയിൽ വരെ അരക്ഷിതാവസ്ഥകളും ദുഃഖങ്ങളും നേരിടാം. മേടം ഒന്ന് ശനിയാഴ്ച്ചയായതിനാലും പലതരത്തിലുള്ള നാശനഷ്ടങ്ങൾ നേരിടേണ്ടിവരാം.
മേട മാസാരംഭത്തിലെയും മേടസംക്രമത്തിലെയും പ്രത്യേകതകളും മാറ്റങ്ങൾ പല നക്ഷത്രത്തിലുള്ളവരേയും പല രീതിയിൽ ബാധിക്കുന്നുണ്ട്. അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര തുടങ്ങിയ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഈശ്വരഭജനയിലൂടെ കാര്യസിദ്ധി, സൗഖ്യം, സമാധാനം, ആരോഗ്യം തുടങ്ങിയവയുണ്ടാകും. എന്നാൽ പൂരൂരുട്ടാതി, ഉത്തൃട്ടാതി, രേവതി നക്ഷത്രങ്ങളിൽ ജാതരായവർക്ക് അനേകം ദുരിതങ്ങളും ക്ലേശവുമുണ്ടാകും. പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർക്ക് മാനഹാനി, ധനനഷ്ടം, കുടുംബകലഹം തുടങ്ങിയവയുണ്ടാകാം. മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി നക്ഷത്രക്കാർക്ക് ഐശ്വര്യവും സമ്പൽസമൃദ്ധിയും പ്രതാപവും വന്നു ചേരും.
ത്വക്ക് രോഗങ്ങൾ, മടി, ഭയം, അഗ്നി ആയുധം തുടങ്ങിയവയോടുള്ള പേടി എന്നിവ വിശാഖം, അനിഴം, തൃക്കേട്ടക്കാർക്ക് ഉണ്ടാകാം. എന്നാൽ മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നിവയിൽ ജനിച്ചവർക്ക് വളരെ ഐശ്വര്യവും, സമൃദ്ധിയും നിറഞ്ഞ സമയമാണ്. കുടുംബസൗഖ്യം, വ്യവസായ പുരോഗതി, സമൂഹത്തിൽ നല്ല സ്ഥാനം എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.
കൂട്ടായ പ്രാർത്ഥനകളും, ക്ഷേത്രദർശനവും, ഗായത്രി മന്ത്രജപവും ഈ പാപ ദോഷങ്ങൾ മാറാൻ സഹായിക്കുന്നവയാണ്.